തീവ്രവാദികളുടെ ക്യാമ്പാണിത്.
വര്‍ഷങ്ങള്‍ക്കുമുമ്പേ
സെറ്റ് ചെയ്ത ബോംബുകള്‍
അകത്തും പുറത്തുമേറെയുണ്ട്.
എപ്പോള്‍ വേണമെങ്കിലും പൊട്ടിക്കാം;
ആര്‍ക്കും.
തനിയേയും പൊട്ടാം.
പൊട്ടിയാലോ…?
തീവ്രം, മിതം എന്നൊന്നുമില്ല,
എല്ലാം ചിതറും.
നിമിഷാര്‍ദ്ധം മതിയാകും.
ക്യാമ്പിനുള്ളില്‍
ചിരിക്കാന്‍ ഭയക്കണം;
ചിരിക്കാതിരിക്കാനും.
ചിലതുകള്‍ക്ക്
ചിരി വന്നില്ലെങ്കിലും ചിരിക്കണം.
രക്ഷപ്പെടാം ഇടയ്ക്ക് ഗൗരവം നടിച്ചും.
കളിയറിയാമെങ്കില്‍,
ഇതൊരു സന്തുഷ്ടകുടുംബമെന്ന്,
സംരക്ഷിതമേഖലയെന്ന്,
സുരക്ഷിതസ്ഥാനമെന്ന്,
ആരെയും തെറ്റിദ്ധരിപ്പിക്കാം.!
ഭാര്യയുണ്ട്,
അമ്മയുണ്ട്;
അതായത്
അവളുടെ അമ്മായി അമ്മ.
വാക്കുകള്‍
അര്‍ത്ഥത്തിലും
അനര്‍ത്ഥങ്ങള്‍ തീര്‍ക്കുന്നതിലും
മുമ്പില്‍ത്തന്നെ.
പിന്നെ,
ഞാനുണ്ട്
മക്കളും.
പൊതുവേ പറഞ്ഞാല്‍,
തീവ്രവാദികളുടെ താവളം
ശാന്തമാണ്; സുരക്ഷിതവുമാണ്.