‘ഒരു കശേരു ഒടിഞ്ഞിട്ടുണ്ട്’
ഡോക്ടര്‍ പറഞ്ഞു.
പണ്ട് തമ്പ്രാക്കന്മാര്‍ക്കുവേണ്ടി
എല്ലുമുറിഞ്ഞു പണിഞ്ഞതാ.
‘ഒരു കശേരു തേഞ്ഞിട്ടുണ്ട്’
ഡോക്ടര്‍ പറഞ്ഞു.
പിന്നീട് തമ്പ്രാന്റെ പിന്നാലെ
നടന്നുനടന്ന് തേഞ്ഞതാ.
‘നട്ടെല്ലിനിത്തിരി വളവുമുണ്ട്’
ഡോക്ടര്‍ പറഞ്ഞു.
അതും തമ്പ്രാന്റെ മുന്നില്‍
ഓച്ഛാനിച്ച് വളഞ്ഞതാ.
‘ചികിത്സ തുടങ്ങട്ടേ?’
ഡോക്ടര്‍ ചോദിച്ചു.
വേണ്ട.
പുതിയ തമ്പ്രാക്കന്മാര്‍ക്കുവേണ്ടി
പായാനുളളതാ,
പിന്നാലെ ജയ് വിളിച്ചു നടക്കാനുളളതാ,
ജയിച്ച തമ്പ്രാന്റെ മുന്നില്‍
ഓച്ഛാനിയ്ക്കാനുളളതാ…
അതങ്ങനെത്തന്നെ ഇരിയ്ക്കട്ടെ!