വിസിലില്‍ ചൂളംകുത്തി
‘പൂവ്വാറൈസ്’ എന്ന് ചിലച്ച്,
പറക്കുന്ന ബസ്സിന്‍ചില്ലയിലേയ്ക്ക്
കിളി പറന്നുകയറി.
വാതില്‍ച്ചിറകൊതുക്കിയടച്ച്,
കിളി അഹങ്കരിച്ചു.
‘ഭംഗിയുളള കുമാരികളേ…,
എന്നെ ആകപ്പാടെ കണ്ടില്ലേ…
എന്തൊരു ഞാന്‍…!’
ആവശ്യത്തിനുമനാവശ്യത്തിനും
വളച്ചും തിരിച്ചും വെട്ടിച്ചും
പഠിച്ചകാലത്തെ ‘ഷഡണ്‍ബ്രേക്ക്’
വീണ്ടും വീണ്ടുമോര്‍ത്തെടുത്തും
ഡ്രൈവനുമഹങ്കരിച്ചു.
‘യുവതികളേ…,
എന്റെ വിമാനംപറത്തലെങ്ങനെ!
എന്തൊരു ഞാന്‍ ല്ലേ…!?’
രണ്ടുകയ്യും വിട്ടുനിന്ന്
നക്കിയെണ്ണിയ നോട്ടുനീട്ടി,
ഇറങ്ങാന്‍ താമസിച്ചുപോയ
വയസ്സരെ ചീത്തയെറിഞ്ഞ്,
കണ്ടക്ടറുമഹങ്കരിച്ചു.
‘മദ്ധ്യവയസ്‌കലാവണ്യങ്ങളേ…,
നിങ്ങള്‍ക്കു കാണണോ
ഡ്രൈവര്‍ നിര്‍ത്താനുദ്ദേശിച്ച വണ്ടി
ഈ ഞാന്‍,
ട്രിപ്പിളടിച്ച്
നിര്‍ത്താതെ വിടുന്നത്…!?’
ടിം…ടിം…ടിം…
ഇത്രയും കാശ് ചെലവാക്കി
വണ്ടിയിറക്കിയ മുതലാളിയ്ക്കും വേണ്ടേ
കേവലാഹ്‌ളാദങ്ങള്‍!?
മുതലാളിയുമഹങ്കരിച്ചു.
‘നാളെ ബസ് സമരം’
അമ്പട ഞാനേ…!!!