അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
സ്ഥപതിയും മരവും
December 1, 2024 51 No Comments

ഗോവിന്ദൻകുട്ട്യേട്ടൻ പറഞ്ഞു.

“കട്ടളടെ കട, തല നോക്കി വെയ്ക്കാൻ പണിക്കാരോട് പറയണം.”

“അതെങ്ങനെ അറിയും?!”
എന്ന് ഞാൻ.

“എല്ലാറ്റിലും മാർക്ക് ചെയ്തിട്ടുണ്ട്. ആരോമാർക്ക് വരച്ചിട്ടുണ്ട്.”
എന്ന് മറുപടി.

സംശയാലുവായ ഞാൻ വീണ്ടും ചികഞ്ഞു.

“അഥവാ , മാർക്ക് ചെയ്തിട്ടില്ലെങ്കിൽ…..?”

“ഞാൻ മാർക്ക് ചെയ്യാൻ മറക്കില്ല.
തിരിച്ച് വെച്ചാൽ ഞങ്ങൾ പണിക്കാർക്ക് ശാപം കിട്ടും.”

ഞാൻ കൂടുതൽ കുതുകിയായി.

കടുത്ത കമ്യൂണിസ്റ്റായിരുന്ന ആളാണ് ഗോവിന്ദൻകുട്ട്യേട്ടൻ.
പാർട്ടി വഴി മാറി നടക്കുന്നു എന്ന് തോന്നിയ തൊണ്ണൂറുകളിൽത്തന്നെ പാർട്ടിയിൽ നിന്നും സ്വാതന്ത്ര്യവും ജനാധിപത്യവും സ്വയം പ്രഖ്യാപിച്ച ഒരു ബുദ്ധിമാനായ ഭക്തനാണ് മൂത്താശാരികൂടിയായ ഗോവിന്ദൻകുട്ട്യേട്ടൻ.

“പണിയുന്ന സമയത്ത് കട്ടളക്കയ്യ് കണ്ടാൽ, കടയേത് തലയേത് എന്നെങ്ങനെ അറിയാൻ പറ്റും !?”

“മരത്തേക്കുറിച്ചറിയുന്നവർക്കറിയാം.
എടുത്തുനോക്കിയാൽ കടയ്ക്ക് ഭാരം കൂടും.
എന്നിട്ടും സംശയമെങ്കിൽ, വെള്ളത്തിലൊന്നിട്ടാൽ, ആദ്യം താഴുന്നത് കടഭാഗം.”

മരത്തിലെ ഞരമ്പ് കണ്ടാലും കമ്പ് കണ്ടാലും ആയുർവൃത്തം കണ്ടാലുമൊക്കെ മരത്തിൻ്റെ എല്ലാമറിയുന്ന മൂത്താശാരിയോടാണ് ഞാൻ പൊട്ടൻചോദ്യങ്ങൾ ചോദിക്കുന്നത്.

നിൽക്കുന്ന മരം നോക്കി, ആധുനികനോട് , എത്ര ക്യുബിക് മരം എന്നും ;
പഴമക്കാരോട്,
എത്ര ചതുരം മരം എന്നും ഒറ്റനോട്ടത്തിൽ പറയുന്നവനാണ് ഗോവിന്ദൻകുട്ട്യേട്ടൻ.

ഞാൻ ഒന്നുകൂടി ചോദിച്ചു

“കട, തല മാറ്റിപ്പണിതാൽ എന്താ പണിക്കാർക്ക് പാപം കിട്ടും എന്നു പറയാൻ കാരണം ?”

മറുപടി ഉടൻ വന്നു.

“ഒരാളോട് കുറച്ചുനേരം തലകുത്തി നിൽക്കാൻ പറഞ്ഞു;
അയാൾ നിന്നു.
ആ അവസ്ഥയിൽ പിടിച്ചുകെട്ടിയിട്ട്, ഇനിയുള്ള കാലം മൊത്തം ഇങ്ങനെ തലകുത്തിനിൽക്കാൻ പറഞ്ഞാൽ, അയാൾ ശപിക്കില്ലേ?”

“ഉവ്വ്.”

“അതുപോലെ, മരവും ശപിക്കും.
കാലിന്റെ സ്ഥാനത്ത് കാലും തലഭാഗത്ത് തലയും…….
അതാണ് പ്രകൃതിനിയമം.”

എനിക്കതിലെ യുക്തി പിടികിട്ടിയില്ല.

“മരം മുറിച്ച്, ഉണങ്ങി, ഈർന്ന് ഉരുപ്പടിയാക്കിയശേഷം പിന്നെന്ത് ശാപം!?
മുറിക്കുമ്പോൾ കിട്ടാത്ത ശാപമോ ഉണങ്ങിവരണ്ട മരക്കഷണത്തിൽനിന്ന് ?”

“മരിച്ചാൽ എല്ലാം തീരുമെങ്കിൽ;
മരിച്ച്, ഉണക്കവിറകുപോലായ ശരീരത്തെ കത്തിച്ചുകളഞ്ഞിട്ടും; പിന്നെ, പതിനാറടിയന്തിരവും തൊണ്ണൂറും ആണ്ടിൽ ശ്രാദ്ധവും ആണ്ടോടാണ്ട് ബലിയുമൊക്കെ എന്തിനാ?”

എനിക്കുത്തരം മുട്ടി.

*സ്ഥപതി തുടർന്നു.

“പ്രപഞ്ചത്തിലെ സർവ്വതിലും ജീവൻ തുടിക്കുന്നുണ്ട്. ആ മിടിപ്പ് അറിയാൻ പറ്റാതെപോകുന്നത് നമ്മുടെ കുറവാണ്.
വെറുതെ ശാപം വാങ്ങിവെയ്ക്കരുത്; ഒന്നിൽനിന്നും.”

ഞാൻ ആചാര്യനെ മനസ്സിൽ സാഷ്ടാംഗം നമസ്ക്കരിച്ച്, ‘ഭാരതീയൻ’ എന്ന ആത്മാഭിമാനത്തിൽ കുളിച്ചുനിന്നു.

(* വാസ്തുശില്പികളിലെ,
സ്ഥപതി
സൂത്രഗ്രാഹി
വർദ്ധകി
തക്ഷകൻ എന്ന നാലുവിഭാഗത്തിൽ ഏറ്റവും ഔന്നത്യത്തിലുള്ള വാസ്തു ആചാര്യനാണ് സ്ഥപതി എന്ന് മനുഷ്യാലയ ചന്ദ്രിക എന്ന വാസ്തുശാസ്ത്രഗ്രന്ഥം പറയുന്നു.)

(Pictrue from internet)

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.