അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
നവരാത്രി എട്ടാംനാൾ- മഹാഗൌരി
October 31, 2024 55 No Comments

ഈ ദേവതയുടെ ശരീരവും ആടയാഭരണങ്ങളും വെളുത്തതാണ്.
ശംഖിന്റെ എന്നോ, മുല്ലപ്പൂവിന്റെ എന്നോ പറയാവുന്ന വെളുപ്പ്.
വാഹനവും വെളുത്തനിറത്തിലുള്ള കാളയാണ്.
ഒൻപത് ദുർഗ്ഗകളിൽ അതിസുന്ദരിയായ ദേവതയാണ്.

നാല് കൈകളാണ്.
രണ്ട് കൈകളിൽ വരമുദ്രയും അഭയമുദ്രയുമാണ്.
മറ്റ് രണ്ട് കൈകളിലായി ത്രിശൂലവും ഡമരുവും പിടിച്ചിരിക്കുന്നു.

രാഹുവിനെ നിയന്ത്രിക്കുന്ന ദേവതയായി, മഹാഗൌരിയെ, ജ്യോതിഷം പറയുന്നു.
‘ശ്വേതാംബരധര’ എന്നും പേരുണ്ട്.
അന്നപൂർണ്ണയും അമ്മതന്നെ.

പൊതുവായി, സഹസ്രാരപത്മത്തിൽ ആണ് സ്ഥാനം എന്ന് പറയാം.

ഏഴ് ഊർജ്ജചക്രങ്ങളാണ് മനുഷ്യശരീരത്തിൽ എന്നാണ് പൊതുവായി പറയാറ്.
ചക്രങ്ങളുടെ എണ്ണം ഏഴായി എടുത്താൽ; എട്ടാംനാളിലെ കാളരാത്രിയും
ഒൻപതാംനാളിലെ മഹാഗൌരിയും
പത്താംനാളിലെ സിദ്ധദാത്രിയും സഹസ്രാരപത്മത്തിലാണ് എന്ന് പറയണം.

എന്നാൽ, ശരീരത്തിലെ ഒൻപത് ചക്രങ്ങളെ അടിസ്ഥാനമാക്കിപ്പറയുമ്പോൾ;
കാളരാത്രി, സഹസ്രാരപത്മത്തിനടുത്താണ് എന്ന് പറയേണ്ടതുണ്ട്.
അതായത്, ആറാമത്തെ ചക്രമായ ആജ്ഞാചക്രം കഴിഞ്ഞുള്ള
ഏഴാമത് ചക്രമായ സോമചക്രത്തിൽ.

ഒരു ഉപാസകൻ,
തൻ്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിത്തരുന്ന കാമധേനുവിനെ കണ്ടുമുട്ടുന്നത് ഈ സോമചക്രത്തിൽവെച്ചത്രേ.

ഈ ഏഴാംചക്രമായ സോമചക്രത്തിനും അപ്പുറത്ത്,
സോമത്തിനും സഹസ്രാരപത്മത്തിനും ഇടയിലായി,
എട്ടാംചക്രമായ കാമേശ്വരചക്രം സ്ഥിതിചെയ്യുന്നു.
അതായത്,
നെറ്റിയിൽനിന്നും അൽപം മുകളിലായി, നെറുകിന് തൊട്ട് താഴെയായി സ്ഥാനം.
ഇവിടെയാണ് മഹാഗൌരിയുടെ സ്ഥാനം.

എന്നാൽ,
പുരികങ്ങൾക്ക് നടുവിലുള്ള ആജ്ഞാചക്രം അഥവാ ആഗ്നചക്രം കഴിഞ്ഞാൽ,
നെറുകിലെ സഹസ്രാരപത്മമാണ് അടുത്ത ചക്രം എന്ന് എടുക്കുന്നവർക്ക്,
പൊതുവായി,
കാളരാത്രിയും മഹാഗൌരിയും
സിദ്ധദാത്രിയും
നമ്മുടെ മൂർദ്ധാവിലുള്ള
സഹസ്രചക്രത്തിൽ വസിക്കുന്നു എന്ന് പറയാം.

ശൈലപുത്രി എന്ന ദേവത പലപല ഘട്ടങ്ങളിൽ, പല ഭാവങ്ങൾ സ്വീകരിച്ചാണ് ഈ , മഹാഗൌരിയിലെത്തിയിരിക്കുന്നത്.
തുടങ്ങിയ അതേ ദേവതയുടെ നിറവും വസ്ത്രവും വാഹനവുമാണ് ഇപ്പോൾ മഹാഗൌരിക്കും.
അതായത്,
സൃഷ്ടിയിൽ ,
അഥവാ പ്രപഞ്ചത്തിൽ,
അഥവാ ഭക്തന്റെ മനസ്സിൽ
ഉണരുന്ന എല്ലാ നിഷേധാത്മകശക്തികളേയും പരാജയപ്പെടുത്തി, എല്ലാ ആസുരികഭാവങ്ങളേയും ഉൻമൂലനം ചെയ്ത്,
ഇപ്പോൾ, അമ്മ, പഴയപോലെ തെളിഞ്ഞ പുഞ്ചിരിയോടെ, ശുഭ്രവസ്ത്രധാരിണിയായി ഇരിക്കുന്നു.

പ്രപഞ്ചത്തിനകത്ത് മാറ്റം വരുത്തിയ ദേവിയാണ്.
ഭക്തന്, ഈ ദേവിയോടുള്ള പ്രാർത്ഥനയിലൂടെ ആന്തരികപരിവർത്തനം ഉണ്ടാകും എന്നുറപ്പ്.

ഏറ്റവും ഉയർന്ന ആത്മീയതലമാണ് ഈ അമ്മ അനുഗ്രഹിച്ചാൽ ലഭിക്കുക.
കൃപയും ശാന്തതയുമാണ് ഭാവം.

മഹാഗൌരിയുടെ കഥയിലേയ്ക്കൊന്ന് പോയിവരാം.

യുദ്ധശേഷം ചണ്ഡിയും ചാമുണ്ഡിയും കാളിയും കൗശികിയുമെല്ലാം പാർവ്വതിയിൽത്തന്നെ ലയിക്കുന്നു.

ഇപ്പോൾ, പാർവ്വതി, യുദ്ധശേഷമുള്ള ഭാവത്തിലാണ്.
കരിയും പൊടിയും നിറഞ്ഞ്, കറുത്തുകരിവാളിച്ച രൂപം.

ശിവൻ , ദേവിയെ , ഗംഗാജലംകൊണ്ട് അഭിഷേകംചെയ്തപ്പോൾ; ചളിയും പൊടിയും കരിവാളിപ്പും നീങ്ങി, അമ്മ, പഴയ ശുഭ്രവർണ്ണത്തിലായി.

വെട്ടിത്തിളങ്ങിനിന്ന പാർവ്വതിക്ക്
‘മഹത്തായ പ്രകാശത്തോടുകൂടിയവൾ’ എന്ന അർത്ഥത്തിൽ, ‘മഹാഗൌരി’ എന്ന പേരും വന്നു.

ഇതൊരു കഥ.

മുൻപ് പറയാത്ത ; കൗശികിയുമായി ബന്ധപ്പെട്ട ഒരു കഥകൂടി പറയാം.

ഈ പ്രപഞ്ചത്തിലെ ദുഷ്ടശക്തികളിൽ പലതിനേയും നിഗ്രഹിക്കാൻ പാർവ്വതിയുടെ മകൾക്കേ കഴിയൂ എന്ന് തിരിച്ചറിയുന്ന ബ്രഹ്മാവ് ഇറക്കിയ ഉപായമാണത്രേ ; പിന്നീട്, കൗശികി എന്ന ദേവതയുടെ ജനനത്തിന് കാരണമാകുന്നത്.

പാർവ്വതിക്ക് മകളില്ല.
അപ്പോൾ എന്തുചെയ്യും!

ബ്രഹ്മാവ്, ശിവനോടുപറഞ്ഞ്, യുദ്ധശേഷമുള്ള പാർവ്വതിയുടെ രൂപത്തെ കളിയാക്കിപ്പിച്ചത്രേ!

‘കരുവാളിച്ചിരിക്കുന്നു. കാളി!’
എന്ന്, ശിവൻ പലവട്ടം പറഞ്ഞപ്പോൾ, പഴയ രൂപം ലഭിക്കാനായി, പാർവ്വതി, ബ്രഹ്മാവിനെ തപസ്സുചെയ്തതായാണ് കഥ.

ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട്, മാനസസരോവറിലെ തണുത്ത വെള്ളത്തിൽ കുളിക്കാൻ പറഞ്ഞു.

ആ കുളിയിൽ , പാർവ്വതിയുടെ ഇരുണ്ട ചർമ്മം വേർപെട്ട്, അത് ഒരു ദേവതയായി മാറി.

പാർവ്വതിയുടെ കോശങ്ങളിൽനിന്നുണ്ടായവളായതിനാൽ; മകളാണ്.
‘കൗശികി’ എന്ന് പേരും കിട്ടി.

പ്രപഞ്ചാരംഭത്തിൽ ആദിപരാശക്തി കൂഷ്മാണ്ഡാഭാവത്തിൽ സൃഷ്ടിച്ച; അതിശക്തമായ ഊർജ്ജഭാവം പേറുന്ന ദേവതതന്നെയാണ് കൗശികി എന്നും ;
ശുംഭനിശുംഭൻമാരെ വധിക്കാൻ കാളരാത്രിയായിവന്നത് കൗശികിതന്നെയാണ് എന്നും ചില കഥാഭാഗങ്ങളിൽ വരുന്നുണ്ട്.
അതായത്, മാതംഗിയും കൗശികിയും കാളരാത്രിയും എല്ലാം ഒരേ ദേവതാഭാവമാണെന്നർത്ഥം.

ഇപ്പോൾ പാർവ്വതി, ശിവന്റെ ഒപ്പമാണ്.
സ്ത്രീയ്ക്കും പുരുഷനും തുല്യമായ ഈ പ്രപഞ്ചത്തിൽ,
പ്രപഞ്ചമാതാവായ അമ്മ ഇരിക്കുന്ന ഇടത്ത് പ്രപഞ്ചനാഥനും ഉണ്ടായേ തീരൂ.

മഹാഗൗരിയുടെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം,
വാരണാസിയിലെ കാശിവിശ്വനാഥക്ഷേത്രത്തോടുചേർന്നുള്ള
അന്നപൂർണ്ണേശ്വരീക്ഷേത്രംതന്നെയാണ്.

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.