തന്റെ ദിവ്യമായ പുഞ്ചിരിയിലൂടെ ഈ ബ്രഹ്മാണ്ഡം മുഴുവൻ സൃഷ്ടിച്ച ദേവിയാണ്.
പേരിൽത്തന്നെയുണ്ട് സൃഷ്ടിയുടേതായ അണ്ഡത്തിന്റെ സൂചന.
ശൈലപുത്രിയും ബ്രഹ്മചാരിണിയും ചന്ദ്രഘണ്ടയും ഇച്ഛാശക്തിയുടെ ദേവതകളായിരുന്നു.
ആദിപരാശക്തിയുടെ ഭാവങ്ങൾ, നാലാംനാൾമുതൽ ക്രിയാശക്തിയിലേയ്ക്ക് കടക്കുകയാണ്.
സ്വയം പ്രചോദിപ്പിക്കപ്പെട്ട്, വ്യക്തമായ തീരുമാനങ്ങളിലുടെ കഠിനപ്രയത്നം ചെയ്ത്, പ്രതിബന്ധങ്ങളെ തരണംചെയ്ത ദേവീഭാവം
ഇനി, ഉദ്ദേശിച്ച സൃഷ്ടിയിലേയ്ക്ക് കടക്കുകയാണ്.
അതിനുമുമ്പ് കൂഷ്മാണ്ഡദേവിയുടെ കഥയൊന്ന് കേട്ട് വരാം.
ഒരു കല്പത്തിന്റെ അവസാനത്തിൽനിന്നും അടുത്ത കല്പം സൃഷ്ടിച്ചെടുക്കുന്നത് കൂഷ്മാണ്ഡയാണത്രേ.
കഥ ഏതാണ്ട് ഇങ്ങനെ.
ജതുകാസുരനെയും കൂട്ടരേയും ചന്ദ്രഘണ്ട വധിച്ചശേഷമാണ് ഈ കഥാഭാഗം.
അസുരശ്രേഷ്ഠനായ സുകേശന്റെ മക്കളായ മാലിയും സുമാലിയും ശിവനെ പ്രീതിപ്പെടുത്തി ശക്തരാവാൻ തപസ്സ് തുടങ്ങി.
കഠിനപതപസ്സിന്റെ ഫലത്താൽ ഇവരുടെ ശരീരത്തിന്റെ ശോഭ വർദ്ധിച്ചുവർദ്ധിച്ചുവന്ന്, വെട്ടിത്തിളങ്ങാൻ തുടങ്ങി.
തന്നേപ്പോലെ തിളങ്ങുന്ന ഇവർ ആരാണെന്നറിയാൻ സൂര്യന് ഉള്ളിൽ ആഗ്രഹമുദിച്ചു.
കൗതുകമടക്കാൻപറ്റാതെ, ഒരുനാൾ, സൂര്യൻ, സൗരയൂഥത്തിലെ തന്റെ നിത്യമായ സ്ഥാനംവിട്ട് മാലിയ്ക്കും സുമാലിയ്ക്കും അടുത്തെത്തി.
പ്രഭ തൂവുന്ന തപസ്വികളോട് ഇഷ്ടം തോന്നിയ സൂര്യൻ, അവരോട് അടുത്തതും അവർ സൂര്യന്റെ ചൂടിനാൽ ഭസ്മമായിപ്പോയി.
സഞ്ചാരമാർഗ്ഗം മാറി സഞ്ചരിച്ചതിലും;
തന്റെ ഭക്തരെ അകാരണമായി വധിച്ചതിലും കോപംപൂണ്ട ശിവൻ, സൂര്യനെ, ത്രിശൂലത്താൽ വധിച്ചു.
പ്രപഞ്ചം ഇരുട്ടിലായി.
ഗുരുത്വാകർഷണസംവിധാനങ്ങളെല്ലാം താറുമാറായി.
ആർക്കുമൊന്നും ചെയ്യാൻ പറ്റാത്ത ഈ അവസ്ഥയിൽ,
സകലരും പാർവ്വതിയെ ശരണം പ്രാപിച്ചു.
പാർവ്വതി, അഥവാ, ആദിപരാശക്തി, സൂര്യന്റെ യഥാർത്ഥസ്ഥാനത്ത് ചെന്ന് നിന്ന് അവിടേയ്ക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചതും
പുതിയ സൂര്യൻ സൃഷ്ടിക്കപ്പെട്ടു.
നിത്യം പ്രപഞ്ചത്തിന് ചൂടും വെളിച്ചവും ഒട്ടും കുറയാതെ നൽകാൻ തന്റെ ചൈതന്യം സൂര്യമണ്ഡലത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു ദേവി.
അതായത്, സൂര്യമണ്ഡലത്തിലാണ് ഈ ദേവി കുടികൊള്ളുന്നത്.
ഇതാണ് ഒരു കഥ.
അതായത്, ഒരു കല്പത്തിന്റെ അവസാനഭാഗത്ത് നടന്നതായി പറയുന്ന കഥ.
ഒന്നവസാനിച്ച് മറ്റൊന്നാരംഭിച്ചതായാണ് ഈ കഥയിൽ .
ബ്രഹ്മാണ്ഡമുണ്ടെങ്കിൽ പിണ്ഡാണ്ഡവുമുണ്ട്.
ബ്രഹ്മാണ്ഡത്തിൽ ഒരു ദേവിയുണ്ടെങ്കിൽ; നമ്മുടെ ഉള്ളിലും, പുഞ്ചിരിയാൽ നവസൃഷ്ടി നടത്താൻ കഴിയുന്ന ഒരു ദേവി ഉണ്ടായേ തീരൂ.
അനാഹതചക്രം അഥവാ ഹൃദയചക്രത്തിലാണ് നമ്മുടെ ശരീരത്തിൽ കൂഷ്മാണ്ഡദേവി കുടികൊള്ളുന്നത്.
ആദിയിൽ അന്ധകാരം മാത്രമുണ്ടായിരുന്ന ഇടത്ത്, തന്റെ ഒരു പുഞ്ചിരിയാൽ ഈ സർവ്വപ്രപഞ്ചവും ദേവി സൃഷ്ടിച്ചു എന്നാണ് മറ്റൊരു കഥ.
പ്രപഞ്ചത്തിൽ ജീവനും ചലനങ്ങളും ആരംഭിക്കാൻ പരാശക്തി എടുത്ത രൂപമാണിത്.
അതായത് ഒരു കല്പത്തിന്റെ ആരംഭം.
ഈ കഥയിൽ ,
അന്ധകാരത്തിൽ വീണ തന്റെ പുഞ്ചിരിയുടെ പ്രകാശത്തിൽനിന്ന് പ്രപഞ്ചം സൃഷ്ടിച്ചശേഷം,
പിന്നീട്, അതിശക്തരായ ദേവതകളെ ദേവി സൃഷ്ടിച്ചതായി പറയുന്നു.
അതായത്,
മഹാകാളിയേയും മഹാലക്ഷ്മിയേയും മഹാസരസ്വതിയേയും.
ആദിപരാശക്തിയുടെ ഭാവമായ കൂഷ്മാണ്ഡദേവി തന്റെ ഇടതുകണ്ണിൽനിന്ന്, കറുത്ത നിറവും പത്ത് മുഖവും പത്ത് കൈകാലുകളും കൈകളിൽ നിരവധി ആയുധങ്ങളുമായി, ഉഗ്രരൂപിണിയായ മഹാകാളിയെ സൃഷ്ടിച്ചു.
കൂഷ്മാണ്ഡയുടെ മൂന്നാംകണ്ണിൽനിന്ന് മറ്റൊരു ഉഗ്രരൂപം സൃഷ്ടിക്കപ്പെട്ടു.
ഉരുകിയ ലാവയുടെ ജ്വലിക്കുന്ന നിറവുമായി മഹാലക്ഷ്മി.
പതിനെട്ട് കൈകളും കൈകളിൽ വ്യത്യസ്ത ആയുധങ്ങളുമായി ഒരു യോദ്ധാരൂപം.
ദേവിയുടെ വലതുകണ്ണിൽനിന്ന് എട്ട് കൈകളും നിറയെ ആഭരണങ്ങളും ശാന്തമായ പുഞ്ചിരിയും പാൽനിറവുമായി ഒരു സൗമ്യരൂപം സൃഷ്ടിക്കപ്പെട്ടു.
ഇതാണ് മഹാസരസ്വതി.
ഈ മൂന്ന് അതിശക്തരായ ദേവതകളിൽനിന്നാണ് മറ്റു ദേവതകൾ സൃഷ്ടിക്കപ്പെടുന്നത്.
മഹാകാളിയിൽനിന്ന് ശിവനും സരസ്വതിയും ഉണ്ടായി.
മഹാലക്ഷ്മിയിൽനിന്ന് ബ്രഹ്മാവും ലക്ഷ്മിയും ഉണ്ടായി.
മഹാസരസ്വതിയിൽനിന്ന് വിഷ്ണുവും ശക്തിയും ഉണ്ടായി.
കൂഷ്മാണ്ഡദേവി ഇവരെ ഇണകളാക്കി മാറ്റി.
ശിവൻ ശക്തിയേയും
വിഷ്ണു ലക്ഷ്മിയേയും
ബ്രഹ്മാവ് സരസ്വതിയേയും
പങ്കാളികളാക്കി.
തുടർന്ന്, ഈ ദേവിമാരുടെ സഹായത്തോടെ,
ബ്രഹ്മാവ് സൃഷ്ടിയും
വിഷ്ണു സ്ഥിതിയും
ശിവൻ സംഹാരവും ഏറ്റെടുത്തു.
അങ്ങനെ, ഈ പ്രപഞ്ചം ഇപ്രകാരത്തിലുള്ളതായി.
ഇതാണ് രണ്ടാമത്തെ കഥയിൽ പറയുന്നത്.
കഥയിലെന്തായാലും ഈ ദേവത മഹത്തായ സൃഷ്ടിയുടെ ദേവതയാണ്.
ഇച്ഛാശക്തി പൂർണ്ണമായ ഒരാൾക്ക്, തനിക്കിഷ്ടമായ ഒരു പ്രപഞ്ചത്തെത്തന്നെ സൃഷ്ടിക്കാനാവും എന്ന് കഥ സൂചിപ്പിക്കുന്നു.
കൂഷ്മാണ്ഡദേവിയാണ് ഈ പ്രപഞ്ചത്തിലെ സർവ്വഗ്രഹങ്ങളേയും സൗരയൂഥങ്ങളേയും നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നു.
സിംഹവും കടുവയും വാഹനങ്ങളായി പറയപ്പെടുന്നു.
എട്ട് കൈകളാണ് ദേവിയ്ക്ക്.
വില്ല്, അമ്പ്, ചക്രം, ഗദ തുടങ്ങിയ ആയുധങ്ങൾ കൂടാതെ, കമണ്ഡലുവും താമരപ്പൂവും ജപമാലയുമുണ്ട്.
പ്രാർത്ഥിക്കുന്നവർക്ക് അഷ്ടസിദ്ധികളും നവനിധികളും നൽകാൻ കഴിയുന്ന ജപമാലയാണ് ഇത്.
കൂടാതെ, ഒരു കയ്യിൽ അമൃതകുംഭവും പിടിച്ചിരിക്കുന്നു.
ഹൃദയചക്രത്തിൽ വസിക്കുന്ന ദേവതയായതിനാൽ; വിഷാദം, ഉത്ക്കണ്ഠ, ഭയം എന്നിവ മാറാൻ കൂഷ്മാണ്ഡയെ പ്രാർത്ഥിച്ചാൽ മതി.
ജാതകത്തിൽ ആദിത്യദോഷമുള്ളവരും ആശ്രയിക്കേണ്ടത് ഈ ഭാവത്തേയാണ്.
പവിത്രമായ പഠനങ്ങൾ തുടങ്ങാൻനേരം ആരാധിക്കേണ്ട ദേവതയാണ് കൂഷ്മാണ്ഡദേവി.
ഉത്തർപ്രദേശിലെ ഖതംപൂരിലും
ഉത്തരകാശിയിലെ, ഭേലുപൂരിലെ ദുർഗ്ഗാകുണ്ഡിലും കൂഷ്മാണ്ഡദേവിക്ക് ക്ഷേത്രങ്ങളുണ്ട്.