അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
നവരാത്രി ഒന്നാം നാൾ-ശൈലപുത്രി
October 21, 2024 72 No Comments

പ്രപഞ്ചത്തിലെ മൂർത്തമായതും ആദ്യത്തേതും ഉഗ്രവുമായ ഊർജ്ജരൂപമാണ് ആദിപരാശക്തി.
പ്രപഞ്ചാത്മാവിൻ്റെ സ്ത്രീരൂപം. സർവ്വദേവതകളുമുണ്ടായത് ഈ പരാശക്തിയിൽനിന്ന്. അതുകൊണ്ടുതന്നെ, ജഗദീശ്വരി അഥവാ വിശ്വമാതാ എന്നും വിളിക്കുന്നു.

ഈ പരാശക്തിയുടെ വിവിധ ഭാവങ്ങൾ പ്രബലരായ ചില അസുരൻമാരെ കീഴ്പ്പെടുത്തിയതിന്റെ ഓർമ്മയും ആഘോഷവും ആചരണവുമാണ് നവരാത്രിക്കാലം.

ഇനി, ഓരോ ദിവസവും നമ്മൾ ആരാധിക്കുന്ന ദേവതയുടെ പേരും കഥയും തത്വവും ശാസ്ത്രവും ഒന്നോടിച്ചുനോക്കാം.

ആദ്യദിനത്തിൻ്റെ ദേവത ശൈലപുത്രി ആണ്.

ശൈലം എന്നത് പർവ്വതം. അപ്പോൾ ശൈലത്തിൻ്റെ പുത്രി ശൈലപുത്രി. ഹിമവാന്റെ ; അഥവാ, പർവ്വതത്തിന്റെ മകൾ ആയതിനാൽ പാർവ്വതി എന്നും പേര്.

ശൈലപുത്രിയേപ്പറ്റി പറയുംമുൻപ് കഥയിലേയ്ക്ക് ഒന്ന് പോയിവരണം.

ബ്രഹ്മാവിന്റെ മകനായ ദക്ഷന്റെയും (ദക്ഷപ്രജാപതി ) പ്രസൂതിയുടേയും മകളായിരുന്നു സതി. ദക്ഷന്റെ മകളായതിനാൽ ദാക്ഷായണി എന്നും പേര്.
സതി, ശിവനെ ഭർത്താവായി കിട്ടാൻ ആഗ്രഹിച്ചു.
ചുടലവാസിയും കാടനുമായ ശിവനെ മരുമകനായി അംഗീകരിക്കാൻ അച്ഛനായ ദക്ഷന് ഇഷ്ടമില്ലാഞ്ഞിട്ടും
സതി ശിവനെത്തന്നെ വിവാഹം ചെയ്തു.

കാലങ്ങൾക്കുശേഷം ദക്ഷൻ ഒരു യാഗം നടത്തുന്നു.
ദക്ഷൻ യാഗത്തിന് ‘ഇഷ്ടമില്ലാമരുമകനായ’ ശിവനെ മന:പൂർവ്വം ക്ഷണിക്കുന്നില്ല.

എന്നാൽ, അച്ഛൻ നടത്തുന്ന യാഗത്തിന് പോകാൻ സതിക്ക് ആഗ്രഹം.
അതത്ര നല്ലതാവില്ലാ എന്ന് ശിവൻ സതിക്ക് മുന്നറിയിപ്പ് കൊടുത്തു.
എന്നാൽ, പോകുന്നതിൽ നിന്നും തടഞ്ഞില്ല.

സതി യാഗശാലയിൽ എത്തി.
അവഗണനയും അപമാനവും കൂടാതെ ;
തന്റെ ഭർത്താവായ ശിവനെ പരിഹസിച്ചുപറഞ്ഞ കുറ്റങ്ങളും കേട്ട് മനംനൊന്ത് , സതി ജീവത്യാഗം ചെയ്തു.

‘നിങ്ങളുടെ എന്ന് അവകാശപ്പെടാനുള്ളത് എന്റെ ഈ ശരീരമാണ്; അതിനി എനിക്കു വേണ്ട’ എന്ന്, അച്ഛനേയുമമ്മയേയും മനസ്സിലാക്കിക്കാൻ എടുത്ത ഈ തീരുമാനത്തിൽ, ശിവശക്തി ദേഹം വിട്ടിറങ്ങി.

ശിവഭൂതഗണങ്ങൾ ദക്ഷന്റെ തല അറുക്കുന്നതും
യജ്ഞം പൂർത്തിയാക്കാൻ ആട്ടിൻതലവെച്ച് ദക്ഷനെ ജീവിപ്പിക്കുന്നതും കഥാഭാഗങ്ങളിൽ തുടർന്ന് വരുന്നു.

ശിവൻ സതിയുടെ ദേഹവും പേറി ഉലകം മുഴുവൻ ആർത്തനായി സഞ്ചരിക്കുന്നു.
പ്രപഞ്ചേശ്വരന്റെ ഈ കോപവും താപവും പ്രപഞ്ചനാശത്തിനുതന്നെ കാരണമാകുമെന്നതിനാൽ, വിഷ്ണു, സുദർശനചക്രത്താൽ സതിയുടെ ദേഹം കഷണങ്ങളായി ചിതറിപ്പിക്കുന്നു.
51 കഷണമായ ശരീരഭാഗങ്ങൾ 51 വ്യത്യസ്ത ഇടങ്ങളിൽ പതിച്ചു.
ദേവിയുടെ ദേഹം പതിച്ച ഈ സ്ഥലങ്ങളാണ് ശക്തിപീഠങ്ങൾ എന്നറിയപ്പെടുന്നത്.

പരാശക്തി തങ്ങളുടെ മകളായി ജനിക്കാൻ ഏറെ ആഗ്രഹിച്ചതും വളരെയേറെ പ്രാർത്ഥിച്ചതുമാണ് ഹിമവാനും ഭാര്യ മേനയും.
അവരുടെ ആഗ്രഹപ്രകാരം, സതി, ഹിമാലയപർവ്വതത്തിന്റെ മകൾ ആയി പുനർജ്ജനിക്കുന്നു.

പർവ്വതരാജന്റെ മകൾ എന്ന അർത്ഥത്തിൽ പാർവ്വതി എന്ന് പേര്.
ശൈലത്തിന്റെ പുത്രി ആയതിനാൽ ശൈലപുത്രി എന്നും പേര്.
ഹിമവാന്റെ മകളായതിനാൽ ഹേമവതി എന്നും പേര്.

ഇത്രയുമാണ് ശൈലപുത്രിയുമായി ബന്ധപ്പെട്ട കഥാഭാഗം.

ബ്രഹ്മാണ്ഡവും പിണ്ഡാണ്ഡവും ഒന്നുതന്നെ എന്നാണ് ആചാര്യർ പറയുന്നത്.
അങ്ങനെയാകുമ്പോൾ, പുറത്തൊരു ശൈലപുത്രിയുണ്ടെങ്കിൽ നമ്മുടെ അകത്തും ഭേദമില്ലാത്തൊരു ശൈലപുത്രി ഉണ്ടായിരിക്കും.

ശരീരത്തിൽ ഈ ശൈലപുത്രി സ്ഥിതിചെയ്യുന്നത് നമ്മുടെ മൂലാധാരത്തിലാണ്.
അതായത്, കുണ്ഡലിനീശക്തിയാണ് ഈ ദേവത.

നട്ടെല്ലിന് അടിയിലായി, ഒരു സ്വയംഭൂലിംഗം ഉണ്ടെന്നും;
അതിൽ മൂന്നരച്ചുറ്റായി , പത്തി താഴ്ത്തി, സമാധിയിൽ കഴിയുന്ന നാഗരൂപമാണ് കുണ്ഡലിനീശക്തി എന്നുമാണ് ഭാരതീയശാസ്ത്രങ്ങൾ പറയുന്നത്.
ഇഡാനാഡിയ്ക്കും പിങ്ഗളാ നാഡിയ്ക്കുമൊപ്പം ചുറ്റിപ്പിണഞ്ഞ് കിടക്കുന്നു.

ഏത് തരം ഉപാസനയും ഈ മൂലാധാരത്തിൽനിന്നും തുടങ്ങണം.
അതായത്, ഇതാണ് തുടക്കം. ഒന്നാംഘട്ടം അഥവാ ആദ്യനാൾ.

ക്ഷമയുടെ പ്രതീകമാണ് ഈ ദേവത .
ദേവതയെ നമ്മൾക്ക് ഉണർത്താനായാൽ ;
ഈ ശക്തി ഉണർന്നാൽ, ആ ശക്തി എത്രയെന്ന് പറയാനാവില്ല!

ഒന്നാം ദിവസത്തെ പൂജകൾ ശൈലപുത്രിക്കുള്ളതാണ്.

മൂലമായതിനാൽ പ്രകൃതിതന്നെയാണ് ശൈലപുത്രി എന്നും പറയാം.

പ്രകൃതിയുടെ ശക്തി ഉണർന്നാൽ,
ഒന്നുകിൽ ആനന്ദനടനം. അല്ലെങ്കിൽ, പ്രചണ്ഡനടനം.
ഇതുതന്നെയാണ് മൂലാധാരശക്തി ഉണർന്നാലും സംഭവിക്കുക.
ഒന്നുകിൽ അനന്തനിർവൃതി.
അല്ലെങ്കിൽ, ഉൻമാദം.

സമാധിയിൽനിന്നും നിസ്സംഗതയിൽനിന്നും ഉണർന്ന്, അവൾ, പിതാവിനടുത്തുനിന്നും തന്റെ പ്രിയപുരുഷനായ ശിവനിലേയ്ക്ക്, നട്ടെല്ലിലൂടെ, ശരീരത്തിലെ പത്മങ്ങൾ കടന്ന് യാത്ര ആരംഭിക്കുന്നു.

ശൈലപുത്രി പ്രചോദനത്തിന്റെ ദേവതയാണ്.
മൂലാധാരശക്തിയാണ്.
ശരിക്കുമുള്ള ശക്തിയിലെത്താൻ ക്ഷമയോടെ കാത്തിരിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്ന ദേവതയുമാണ്.

ശൈലപുത്രിയെ തന്റെ പുരുഷനിലേയ്ക്ക് ചെല്ലാൻ നമ്മൾ പ്രചോദിപ്പിച്ചാൽ ;
പിന്നെ, അവൾ നമ്മൾക്കും പ്രചോദനമരുളുന്ന ദേവതയായി മാറുന്നു.

മൂലാധാരചക്രമുണർന്നാൽ യഥാർത്ഥ അറിവിലേയ്ക്കുള്ള യാത്ര ആരംഭിക്കും എന്നർത്ഥം.

ഉത്തർപ്രദേശിലെ കാശി അഥവാ ബനാറസ് അഥവാ വാരണാസിയിൽ, മർഹിയാഘാട്ടിൽ ശൈലപുത്രിയുടെ ക്ഷേത്രമുണ്ട്.

ഈ ദേവതയുടെ വലംകയ്യിൽ ത്രിശൂലവും ഇടംകയ്യിൽ താമരയും ആണ്.
കാളയാണ് വാഹനം.
ഈ ദേവതയെ പ്രാർത്ഥിച്ചാൽ ചന്ദ്രനുമായി ബന്ധപ്പെട്ട എല്ലാ ദോഷങ്ങളും മാറുമെന്ന് വിശ്വസിക്കുന്നു.

കേരളം മുഴുവൻ വൈദ്യുതി പകരാൻ നിർമ്മിച്ച ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റിന് ‘മൂലമറ്റം ‘ എന്ന് പേരിട്ട പണ്ഡിതനെ ഞാൻ നമിക്കുന്നു.
ജലത്തിൽ ഉറങ്ങിക്കിടന്ന ശക്തിയെ ഉണർത്തി, നല്ലതിനും കെട്ടതിനും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന അനന്തസാദ്ധ്യതയുള്ള വൈദ്യുതിയാക്കുന്ന ഇടം അങ്ങനെ, കേരളത്തിലെ ‘മൂലമറ്റം’ ആകുകയായിരുന്നത്രേ.

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.