പൊന്‍വെയില്‍നൂലുരുക്കി മാനത്തു
മഞ്ഞുകോര്‍ത്തോരു ചിത്രമായ്
പണ്ടു നീ വന്നു നിന്ന നേരത്തു
ഞാന്‍ വരച്ച പ്രണയക്കളം
പിന്നെ നീയെന്നെ കുങ്കുമക്കുളുര്‍-
ക്കൈവിരല്‍ കൊണ്ടു തൊട്ടതും
വിശ്വവിസ്മയച്ചെപ്പുലഞ്ഞപോ-
ലെന്റെ കണ്‍ തീര്‍ത്ത തീക്കളം
തീ പടര്‍ന്ന നിന്‍ കണ്‍നിലാക്കായ-
ലന്നൊരുക്കിയൊരു പൂക്കളം
അന്നുമിന്നുമൊരു വാടലേറാതെ
കണ്‍തുടിപ്പാര്‍ന്നു നില്‍ക്കയാം.
എത്ര ജന്മവുമതെന്റെ മുറ്റത്തു
നിത്യമോര്‍മ്മ തിരുവോണമാം.