ഞങ്ങള്‍ പണ്ടേ സ്ത്രീധനത്തിനെതിരാണ്.
അമ്മയന്ന്,
പണ്ടവും പാത്രവുമായി കയറിവന്നതിനെ
അച്ഛന്‍ എതിര്‍ത്തിരുന്നതായി
ചരിത്രരേഖകളിലുണ്ട്.
അതിനും മുന്‍പ്,
അച്ചാച്ചന്‍
അച്ചമ്മയെ കെട്ടി വാങ്ങിയ
പത്തേക്കര്‍ പുരയിടവും പാടവും
നല്ലോണം
എതിര്‍ത്തിട്ടുതന്നെയാണത്രേ
സ്വീകരിച്ചത്.
എത്രയൊക്കെ എതിര്‍ത്തിട്ടും
എന്റെ തലയ്ക്കും വന്നു ചിലത്!
ആല്‍ബവും താങ്ങിപ്പിടിച്ച്
ലൈന്‍ ബസ്സില്‍ പോകാതിരിയ്ക്കാനാണ്
എന്റെ ഭാര്യവീട്ടുകാര്‍
വണ്ടി രണ്ട് തന്നുവിട്ടതത്രേ!
വീടു വെയ്ക്കാന്‍,
അവര്‍ തന്ന ലക്ഷങ്ങള്‍
തികയാതെ വന്നാല്‍
പണയം വെയ്ക്കാനാണത്രേ
അഞ്ഞൂറ്റൊന്ന് പവന്‍ തന്നത്!!
എനിയ്ക്കറിയില്ല…
ഇങ്ങനെ പോയാല്‍
ഈ ലോകമെവിടെയെത്തുമെന്ന്!