സുഖമോ ദേവി: വേണു നാഗവള്ളി – 1986
രചന – ഓ.എൻ.വി. കുറുപ്പ്
സംഗീതം – രവീന്ദ്രൻ
പാടിയത് – യേശുദാസ്
‘സുഖമോ ദേവി’ എന്ന ചിത്രത്തിൽ, ആരും ശ്രദ്ധിക്കാത്തൊരു ഒഴിഞ്ഞ വേദിയിലേയ്ക്ക് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി; അവരുടെ മനസ്സുണർത്തി, അവരെ ആ സ്റ്റേജിലെ പാട്ടിലെത്തിക്കുന്നതാണ് സീൻ.
‘ശ്രീലതികകൾ’ എന്ന പാട്ടിന്റെ ഹമ്മിങ്ങോടെ ഈ സീൻ തുടക്കം. എങ്ങനെ ശ്രദ്ധിക്കാതിരിക്കും രവീന്ദ്രൻ ഒരുക്കിയ പാട്ടിലെ, യേശുദാസിന്റെ ഈ ഹമ്മിങ്ങ് വോയ്സ് !
രവീന്ദ്രൻമാഷുടെ വാക്കുകൾതന്നെ ശ്രദ്ധിക്കാം.
“നമ്മുടെ അബോധത്തിൽ പതിഞ്ഞ ഒരു ഈണംപിടിച്ച് തുടങ്ങുന്ന പാട്ടുകൾ ജനം പെട്ടെന്ന് സ്വീകരിക്കും. ‘മാനസസഞ്ചരരേ…’ പിടിച്ച് ചെയ്ത ‘ആത്മവിദ്യാലയമേ’ പോലെ…”
രവീന്ദ്രൻ മാഷ്, ഉദാഹരങ്ങളോടെ ആ സരസസംഭാഷണം തുടർന്നു.
“പാട്ട് ആദ്യകേൾവിയിൽത്തന്നെ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റാനും; പാട്ട് ഹിറ്റാക്കാനും ഞാൻ ഇങ്ങനെയുള്ള ചില, തെറ്റല്ലാത്ത കുറുക്കുവഴികളൊക്കെ ചെയ്യാറുണ്ട്. അതിലൊന്നാണ് ‘ശ്രീലതികകൾ’ എന്ന പാട്ട്. ഇതിന്റെ, ‘ശ്രീലതികകൾ തളിരണിഞ്ഞുലയവേ…’ എന്ന വരി സത്യത്തിൽ മറ്റൊരു ട്യൂൺ പിടിച്ച് തുടങ്ങിയതാണ്. മറ്റൊന്നുമല്ല; ആകാശവാണിയുടെ സിഗ്നേച്ചർ ട്യൂൺ. ”
അതായത്, കാലത്ത്, റേഡിയോയിൽ, പ്രക്ഷേപണം തുടങ്ങുന്നതിന് മുൻപുള്ള, ആ കൂക്കലിന് ശേഷം കേൾക്കുന്ന, ആ ഈണംതന്നെയാണ് ‘ശ്രീലതികകൾ’ എന്ന എന്റെ പാട്ടിന്റെ ആദ്യത്തെ വരി. ഈ ട്യൂൺ കേട്ടാൽ കേരളത്തിലെ എല്ലാ വീടും ഉണരുകയായി. ഈ ട്യൂണുള്ള പാട്ടോടെ ‘സുഖമോ ദേവി’ എന്ന സിനിമയും ഉണരുകയായി.
1936 – മുതൽ എല്ലാ മലയാളിയും കേൾക്കുന്ന ട്യൂണാണിത്. റേഡിയോ പ്രക്ഷേപണത്തെ “ആകാശവാണി” എന്ന് ആദ്യം വിശേഷിപ്പിച്ചത് രവീന്ദ്രനാഥടാഗോർ ആണ്. നാസിഭീകരതയിൽനിന്നും രക്ഷതേടി ഇന്ത്യയിലെത്തിയ ചെക്കോസ്ളോവാക്യക്കാരനായ ജൂത അഭയാർത്ഥി, ‘വാൾട്ടർ കൗഫ്മാൻ’ ചിട്ടപ്പെടുത്തിയ ആകാശവാണി സിഗ്നേച്ചർ ട്യൂണിന്റെ ആ ഈണം രവീന്ദ്രന്റെ കയ്യിലൂടെ ആവർത്തിച്ചപ്പോൾ, ഓ.എൻ.വി. കനകലിപികളിലെഴുതിയ കവിതയിൽ പറഞ്ഞതുപോലെത്തന്നെ, അത് , ഏഴ് പൊൻതിരികൾ പൂത്തുനിൽക്കുന്ന ദീപമായി മാറി! മലയസാനുവിലെ നിറനിലാവായി മാറി! ഏഴുസാഗരങ്ങളും ഏറ്റുപാടുന്ന രാഗമായിമാറി. യേശുദാസിന്റെ ശബ്ദഭംഗിയെ വാരിപ്പുണരാൻ ഭാഗ്യം ലഭിച്ച ഈ പാട്ട്, എന്നും കത്തിജ്വലിച്ചുനിൽക്കുന്ന നിലവിളക്കുതന്നെ.