ഈ ഗാനം മറക്കുമോ – എൻ ശങ്കരൻ നായർ – 1978
രചന. – ഒ എൻ വി
സംഗീതം. – സലീൽ ചൗധരി
പാടിയത്. – യേശുദാസ്
കുമരകത്തെ കൂട്ടുകാരിയുടെ കല്യാണത്തിന് തലേന്ന് എത്തിയതാണ്. പെട്ടെന്നൊരു തോന്നൽ. എന്റെ എല്ലാ ഭ്രാന്തൻതോന്നലുകളേയും കണ്ണിൽനിന്നുതന്നെ പിടിച്ചെടുക്കുന്ന കൂട്ടുകാരി നിർദ്ദേശം വെച്ചു.
“എന്തെങ്കിലും ഏടാകൂടമായിരിക്കും നിന്റെ പ്ലാൻ എന്നെനിക്കറിയാം. രണ്ട് കാര്യം. അപകടങ്ങളിൽ പോയി ചാടരുത്. നാളെ ഞാൻ താലികെട്ടുന്ന സമയത്ത് നീ എന്റെ കൺവെട്ടത്ത് വേണം. ഇത് രണ്ടും ഓക്കെ ആണെങ്കിൽ നീയിന്ന് രാത്രി എവിടെ വേണേ പൊക്കോ.”
നടത്തിയെടുക്കാൻ ബുദ്ധിമുട്ടുള്ള നിർദ്ദേശങ്ങളാണ്. എന്നാലും വാക്കേറ്റു.
നേരെ ഒരു ബോട്ട്കാരനെ സമീപിച്ച് ആവശ്യപ്പെട്ടു.
“രാത്രിമുഴുവൻ ബോട്ട് ഞാൻ വാടകയ്ക്കെടുക്കാം. ഓടുകയൊന്നും വേണ്ട. കായലിന്റെ നടുക്ക് അങ്ങനെ ആകാശം നോക്കിക്കിടക്കാനാണ്.”
“പട്രോളിങ്ങ് പോലീസ് വന്നാൽ പ്രശ്നമാണ്. പിന്നെ, രാത്രി വലകെട്ടി മീൻപിടുത്തമുണ്ട്. അതും ബോട്ട് യാത്രയ്ക്ക് ഒരു പ്രശ്നമാണ്.”
ഈ രണ്ടു പ്രശ്നങ്ങളേയും വരുന്നിടത്ത് വെച്ച് നേരിടാൻ തീരുമാനിച്ച് അയാൾ ബോട്ടിറക്കി.
“മദ്യവും ഫുഡ്ഡും ഉണ്ടോ സാറേ?”
“നിങ്ങൾക്കുള്ളതുണ്ട്. ഞാൻ ഇത് രണ്ടും കഴിക്കുന്നില്ല” എന്ന്, ഞാനും പറഞ്ഞു.
ബോട്ടുകാരൻ അതോടെ ഉറപ്പിച്ചു; മുഴുവട്ടൻ തന്നെ!
അങ്ങനെ, ഇളകുന്ന തിരകളിൽ കായൽമാറിൽ നീലാകാശത്തിനുതാഴെ ഞാൻ ബോട്ടിനുമുകളിൽ മലർന്നുകിടന്നു.
സലിൽ ചൗധരിയുടെ, ‘കളകളം കായലോളങ്ങൾ പാടും’ എന്ന പാട്ടോർമ്മവന്നു. ഒരു, മുത്തുപോലുള്ള കുട്ടനാടൻ പെൺകിടാവിന്റെ കത്തുന്ന നോവുകൾ തെച്ചിപ്പൂക്കളായ് കണ്ണീർ വാർക്കുന്ന വരികൾ ഓർമ്മവന്നു. ആ വിരഹിണി വാർക്കുന്ന കണ്ണീർ, നിലാവായ് മണ്ണിൽ വീണതെല്ലാം; വയൽക്കിളികൾ കൊയ്തുകൊണ്ടുപോയി ആകാശത്തെല്ലാം നക്ഷത്രമായ് വിതച്ചത്, കണ്ണുതുറന്ന് കണ്ടു. പതിയെപ്പതിയെ ഈ ഗാനമോർമ്മയിൽ അവളേപ്പോലെത്തന്നെ ഞാനും വിരഹിയായി. ഏതോ സ്വപ്നം കണ്ണിലും ഏതോ ഗാനം ചുണ്ടിലും പൊലിഞ്ഞുപോയതോർത്ത് കടൽത്തിരപോലെ ഞാനും കേണു. രാവ് മൂക്കുന്നതും പിൻനിലാവുദിക്കുന്നതും; പതിയെപ്പതിയെ, രാവൂർന്ന്, വെള്ളപരക്കുന്നതും ഇമവെട്ടാതെ ഞാനന്ന് കണ്ടു.
കവികൾ, വരികളിലൂടെയും വാക്കുകളിലൂടെയും ദൃശ്യങ്ങളൊരുക്കുന്ന അനേകം പാട്ടുകളുണ്ട്. ചില പാട്ടുകളിൽ, വരികളേയുംകടന്ന് സംഗീതം ഈ ദൃശ്യത്തിന്റെ മാറ്റ് കൂട്ടുന്നത് കാണാം.
“ഈ ഗാനം മറക്കുമോ’ എന്ന സിനിമയിലെ ഓ.എൻ.വി, സലിൽ ചൗധരി കൂട്ടുകെട്ടിലെ ‘ കളകളം കായലോളങ്ങൾ പാടും കഥകൾ’ എന്ന ഗാനം അത്തരത്തിലൊന്നാണ്.
ഈ പാട്ടിന്റെ തുടക്കംമുതലേ സംഗീതത്തിൽ ഒരു തിരയിളക്കം നമ്മൾക്കനുഭവപ്പെടും! അലകൾക്കുമുകളിൽ തുഴയെറിയുന്ന തോണിയും തോണിക്കാരനുമാണ്, സലിൽദാ, സംഗീതത്തിലൂടെ ഒരുക്കുന്ന ആ ദൃശ്യം! “കറുത്ത പെണ്ണ നിന്നേ കാണുവാൻ’ എന്നതിലെത്തുമ്പോഴേയ്ക്കും; നമ്മൾ, തിരകൾക്കുമുന്നിലുലയാൻ തുടങ്ങുന്നു.
ഈ വരിയിലെ, “കാണുവാൻ…’ എന്ന വാക്കിൽ നമ്മൾ അലകളിൽ ശരിക്കുമാടിയുലയുന്നു! ഒരു പാട്ടിനെ മൊത്തം അലകൾക്കുമുകളിൽ പ്രതിഷ്ഠിക്കുക.
“വിരഹിണീ നീ വാർക്കും കണ്ണുനീർ…’ തുടങ്ങിയ വരികളിൽ വലിയൊരു ഓളത്തിന്റെ ഉലച്ചിലിൽ പാട്ടിനെത്തന്നെയങ്ങുലയ്ക്കുക! എന്തൊരു മായാജാലമാണിത്.
ഇതേ ഈണം സലിൽ ചൗധരി മറ്റ് പല ഭാഷകളിലും പ്രയോഗിച്ചിട്ടുണ്ട് എന്ന കഥ കേട്ട്, അവയെ വളരെ അന്വേഷിച്ചെങ്കിലും; കണ്ടെത്താനായില്ല എന്നത് എന്റെ സ്വകാര്യ ദുഃഖം.
“എന്തുകൊണ്ട് ഒരേ ഒരു സലിൽ ചൗധരി എന്നതിന്റെ ഉത്തരമായി ഈ പാട്ടും.