ഐവര്‍മഠത്തില്‍ രാത്രി പാടി വെളുക്കുകയാണ്. സമയം മൂന്നുമണിയായപ്പോള്‍ ഞാന്‍ ചെന്നുകിടന്നു. രാജേഷും ദിലീപും മദ്യവും പാട്ടും നിര്‍ത്തിയിട്ടില്ല. പ്രണയവും വിരഹവും ഏറിയപ്പോഴാണ് ഞാന്‍ കിടന്നത്. മുറിവുകള്‍ തലോടുന്നത് പലപ്പോഴും ആശ്വാസത്തേക്കാള്‍ നീറ്റലനുഭവപ്പെടുന്നവനാകയാല്‍; മടുപ്പുതോന്നിയിട്ടല്ല ഞാന്‍ കിടന്നത്, ഓടിരക്ഷപ്പെട്ടതാണ്. പുലര്‍ച്ചയോടെ വന്ന ഫോണിലേയ്ക്ക് ഞാനുണര്‍ന്നു. “ഡാ…നീ പഴയന്നൂരുണ്ടെങ്കില്‍, പറ്റുമെങ്കില്‍ ഐവര്‍മഠത്തിലേയ്ക്കു വാ… അനിത പോയി. ആറരയോടെ ഐവര്‍മഠത്തിലെത്തും.നിന്നോടു മാത്രമേ പറയുന്നുള്ളൂ. ആരോടും പറയണ്ട; ദിലീപ് അറിയുകയേ വേണ്ട”.
അനിതയ്ക്ക് കാന്‍സറായിരുന്നു. അനിത എവിടെയെന്നും എന്താണവസ്ഥയെന്നും അറിയുന്ന ബാച്ചിലെ ഒരേ ഒരാള്‍ ഞാനാണ്. അനിതയുടെ ഏട്ടനാണ് വിളിച്ചത്. ദിലീപിന് അനിതയേയും അവള്‍ക്ക് തിരിച്ചും ഇഷ്ടമുണ്ടെന്ന് അവളുടെ ഏട്ടനറിയാം.
വരാമെന്നോ വരില്ലെന്നോ ഐവര്‍മഠത്തില്‍ത്തന്നെയുണ്ട് ഞാനെന്നോ പറഞ്ഞില്ല. എണീറ്റ്, അപ്പോഴും തീരാത്ത മദ്യലഹരിക്കാര്‍ക്കടുത്തെത്തി. “അവളൊരു കാമിനിയായിരുന്നു…അലസ മദാലസയായിരുന്നൂ…” ദിലീപ്, ലയിച്ച് പാടുന്നതിനിടയില്‍, എന്നെ നോക്കി കണ്ണിറുക്കി. മറ്റാരുമല്ല, അവള്‍… അനിതയെക്കുറിച്ചാണ് അവന്‍ പാടുന്നതെന്നാണ് ആ കണ്ണിറുക്കലിന്റെ അര്‍ത്ഥം.
ഒന്നും മിണ്ടാതെ ഞാന്‍ പാട്ട് കേട്ട് പുറത്തേയ്ക്ക് നോക്കിയിരുന്നു. ഇനി വരുന്ന എതോ ആംബുലന്‍സില്‍ അവളുണ്ടാകും.