അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ചക്രവര്‍ത്തിനീ നിനക്കു
February 4, 2022 487 No Comments

രംഗം 1

ഒന്‍പതില്‍ പഠിയ്ക്കുന്ന അനൂപിന്റെ വീട്ടിലേയ്ക്ക് സ്വന്തം ക്ലാസ്സുകാരി ശ്രീദേവി വരുന്നു. അനൂപിന്റെ അച്ഛനാണ് എതിരേല്‍ക്കുന്നത്. “പുഷ്പപാദുകം പുറത്തുവെയ്ക്കു നീ നഗ്നപാദയായ് അകത്തുവരൂ…” അപകടം മണത്ത അനൂപിന്റെ നോട്ടം ശ്രദ്ധിയ്ക്കാതെ അച്ഛന്‍ തുടര്‍ന്നു. “അമ്മ സ്കൂളില്‍പ്പോയി. ശ്രീദേവിക്കുട്ടിയ്ക്ക് ചായയോ കാപ്പിയോ?”

രംഗം 2

അനൂപ് അച്ഛനുമായി വഴക്ക്. “അച്ഛനെന്തിനാ അവള്‍ വന്നപ്പൊ ആ പാട്ടന്നെ പാടിയത്?” “സന്ദര്‍‍ഭോചിതമായിത്തോന്നി” എന്ന് അലസമറുപടി.

രംഗം 3

അച്ഛന്‍ വൈകുന്നേരത്തോടെ പാട്ട് അനാവശ്യമായി ആവര്‍ത്തിയ്ക്കുന്നു. സ്കൂളില്‍ നിന്നും മടങ്ങിവന്ന അമ്മ പൊട്ടിച്ചിരിയ്ക്കുന്നു. അനൂപ് രോഷത്തില്‍. “ഞങ്ങളൊന്നും പറഞ്ഞതല്ല. നീ എഴുതിവെച്ചതാ…” എന്ന് അമ്മ.പ്രേമലേഖനം അവള്‍ കാണുംമുമ്പേ ഇവര്‍ വായിച്ചിരിയ്ക്കുന്നുഎന്ന് അനൂപിന് തീര്‍ച്ചയായി. “ബുക്ക് തുറന്ന് എഴുത്ത് വായിച്ച് അതുപോലെ തിരിച്ച് വെച്ചല്ലേ?”

രംഗം 4

“പത്താംക്ലാസ്സ് കഴിഞ്ഞതും ഞാനവളെ ഉപേക്ഷിച്ചു”. എന്ന് അനൂപ് എന്നോട്. “കാരണം?” “അവളെന്നെ വല്ലാതങ്ങ് നിയന്ത്രിക്കാന്‍ തുടങ്ങി. രാത്രി നേരത്തേ കിടക്കണം, മോശം സിനിമ കാണരുത്, പൂരത്തിനൊന്നും പോകണ്ടാ… അങ്ങനെ, കുളിച്ചാല്‍ തല നന്നായി തോര്‍ത്തണം… രാസ്നാദിപ്പൊടി തിരുമ്മണം എന്ന് വരെ. അപ്പൊ ഞാന്‍ ചക്രവര്‍ത്തിപദം ഉപേക്ഷിച്ചു”. തുടര്‍ന്നുള്ള ചിരിയില്‍ ആ ആദ്യപ്രണയലേഖനത്തിന്റെ ഓര്‍മ്മകള്‍ താലമേന്തിത്തന്നെ നില്‍ക്കുന്നത് വ്യക്തമായിരുന്നു.

ചക്രവര്‍ത്തിനീ…നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു…

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.