തിരുവില്വാമലയിൽ അമ്മിണി നടുറോഡിൽ നൃത്തമാടി പാട്ടു പാടുന്നു. പ്രാന്തത്തി അമ്മിണി എന്നും അമ്മിണിക്ക് പേരുണ്ട്. വാവ് അടുക്കുമ്പോഴെല്ലാം അമ്മിണി പാടാനും ആടാനും തുടങ്ങും. തിരുവാതിരയ്ക്ക് നടുറോഡിൽ നട്ടുച്ചക്ക് തുടിച്ചുകുളിച്ചും ദശപുഷ്പം ചൂടിയും അമ്മിണി ആചാരങ്ങൾ തെറ്റിക്കാതെ കാത്തു. ഭ്രാന്തായിട്ടും മാസങ്ങളായി ചളിയിൽകുളിച്ച് നടന്നിട്ടും അമ്മിണി നാട്ടാചാരമനുസരിച്ച് വയറിൽ ഒരുണ്ണിയെ പേറുകയും അയ്യപ്പൻകുട്ടി എന്ന ആ ഉണ്ണിയെ പെറുകയും ചെയ്തു. അയ്യപ്പൻകുട്ടിക്ക് പന്ത്രണ്ട് വയസ്സാകുംവരെ ഇവനെ എവിടന്നാ കിട്ടിയത് എന്ന നാട്ടുചോദ്യത്തിന് ആ ബേക്കറി നടത്തണ നായർ ഒരു രാത്രി എന്തോക്കെയോ ചെയ്തപ്പോ ഉണ്ടായതാണെന്ന് സത്യസന്ധമായി മറുപടിയും നൽകി. ഒരു മഴക്കാലത്ത് വഴിക്കരികിൽ പനിച്ചും പിന്നെ മരിച്ചും അയ്യപ്പൻകുട്ടി കിടന്നപ്പോൾ ഐവർമഠത്തിൽ നിന്നും രമേഷ് കോരപ്പത്ത് പുത്തൻ പുതപ്പിച്ച് അമ്മിണിയോട് സമ്മതം വാങ്ങി അയ്യപ്പനെ ശ്മശാനകാളിയുടെ മകനായി ചേർത്തു. വാവല്ലാതിരുന്നിട്ടും അന്നും അമ്മിണി നൃത്തമാടി. അഹത്തിലെ ഈ പാട്ട് കേൾക്കുമ്പോഴെല്ലാം “എനിക്ക് ഒരു ബീഡി തര്വോ” എന്ന് ചിരിച്ചു ചോദിക്കുന്ന അയ്യപ്പൻകുട്ടിയെ ഓർമ്മവരും. അഥവാ… അതെ, അഥവാ ഒരു നന്ദി പറയേണ്ടതുണ്ടെങ്കിൽ അയ്യപ്പൻകുട്ടി ആരോടാണ് നന്ദി പറയണ്ടത്?