മുല്ലനേഴിയുടെ അര്‍ത്ഥങ്ങളെ തൊട്ടൊഴുകിയ എം.ബി.എസ്. ന്റെ സംഗീതം. പണ്ടേ ഇഷ്ടം ഈ പാട്ടിനെ. നാട്ടില്‍ തറവാട്ടിനടുത്തുള്ള മരംവെട്ടുകാരനായിരുന്നു കുഞ്ഞന്‍. അധികം സംസാരിക്കില്ല. ആവശ്യത്തിന് മാത്രം പറയും. കൃത്യസമയത്ത് ഏറ്റ പണിക്ക് വരും. പണിക്ക് വിളിച്ചാല്‍ മാത്രം വരുന്ന ശീലം. കടം വാങ്ങാനോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ ഒരു വീട്ടിലും ചെല്ലാറില്ല. ഒരുനാള്‍ വൈകുന്നേരം, പണിക്കല്ലാതെ, വിളിക്കാതെ, കുഞ്ഞന്‍ തറവാട്ടുമുറ്റത്തെത്തി. നീട്ടിപ്പിടിച്ച കയ്യില്‍ ഒരു താക്കോല്‍ക്കൂട്ടം. “ഇതിവിടത്തെയാണോ?” എന്ന് നീട്ടം വെക്കാത്ത ചോദ്യം. ആണെന്ന് പറഞ്ഞാല്‍ അന്വേഷണം നിര്‍ത്തണമെന്നുണ്ട്, കുഞ്ഞന്. ഇവിടത്തെയല്ലെന്ന ഉത്തരത്തില്‍ നിരാശനായി കുഞ്ഞൻ അടുത്ത വീട്ടിലേയ്ക്കു നീങ്ങി. പിറ്റേന്ന് പുലർച്ച കണ്ട കാാഴ്ച…, എപ്പോഴോ കെട്ടുകഴിഞ്ഞ ചൂട്ട് വീശി, ആ വീശുവെളിച്ചത്തിലും വഴികൾ തെളിയാതെ പരിഭ്രമിച്ച്, പതറി നടന്നുവരുന്ന കുഞ്ഞനെ. ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞില്ല. കരിയും ചളിയും പുതഞ്ഞ് പാറിപ്പടന്ന മുടിയോടെ ഒരു വികൃതരൂപം. ഓടിപ്പോകാതിരിക്കാനെന്നവണ്ണം ബന്ധുകൂടിയായ ചന്ദ്രൻ ബലമായി ഒരു കൈ പിടിച്ചിട്ടുണ്ട്. പുറകേ നാട്ടുകാർ പറഞ്ഞുകേട്ടു കുഞ്ഞന് ഭ്രാന്തായെന്ന്. കൈവിഷം ഉള്ളിൽ ചെന്നിട്ടാണെന്നും ആരോ മാട്ടിയതാണെന്നും ഏതോ മരക്കച്ചവടത്തിൽ ചതിച്ചോ ചതിക്കപ്പെട്ടോ മനോനില തെറ്റിയതാണെന്നും പലനിറക്കഥകളും കേട്ടു. ഇന്നലെവരെ മരംവെട്ടുകാരൻ കുഞ്ഞനായിരുന്ന ആൾ ഒറ്റ രാത്രി ഇരുണ്ടുപുലർന്നതും ഭ്രാന്തൻകുഞ്ഞനായത് എനിക്കിഷ്ടമായില്ല. ഭ്രാന്ത് എന്ന വാക്കിനെ ആദ്യമായി വെറുത്ത നാൾ. കാലങ്ങൾക്കുശേഷം ഞാനും ഒരു താക്കോൽക്കൂട്ടവുമായി മനസ്സിന്റെ ഇടവഴികളിയൂടെ ചൂട്ടുവീശി നിടന്നു. ഏത് തുറക്കണം എതടയ്ക്കണം എന്നറിയാതെ. മോഹത്തിന്റെ ആരോഹണങ്ങൾ ആരിലും രോമാഞ്ചമുണർത്തുന്നതും അവരോഹണങ്ങളിൽ ചിറകുകളെരിയുന്ന ആത്മാവിന്റെ നൊമ്പരങ്ങളും അങ്ങനെ നേരിട്ടറിഞ്ഞു. ഈ പാട്ട്, കടിഞ്ഞാണോ കാലുകളോ ഇല്ലാതെ അതിവേഗത്തിൽ പായുന്ന മനസ്സോടെ ഞാനന്നാദ്യം കണ്ട കുഞ്ഞനേയും അവസാനം കണ്ട എന്നെയും കുറിച്ചുള്ളതായി തോന്നാറുണ്ട്.