എന്നെയൊന്നു കാണണം എന്ന് പറഞ്ഞ് അവൾ വിളിച്ചതനുസരിച്ച് ഓടിച്ചെന്നതാണ്. ഏറെ നേരമെടുത്ത് കുടിച്ച ഒരു ചായയ്ക്ക് ശേഷം അവൾ പറഞ്ഞു. “കല്യാണം തീരുമാനമായി.” വിമൽ എന്നായിരിക്കും ചെക്കന്റെ പേര് എന്ന് എനിക്കറിയാം. അവൾ പറഞ്ഞിട്ടില്ലെങ്കിലും; കൊടുമ്പിരി കൊണ്ട പ്രണയത്തെപ്പറ്റി എനിക്കറിയാമായിരുന്നു. തമിഴ് സിനിമ പോലെ, ഇവൾക്ക് ജോലിയുണ്ട്. അവൻ റൌഡിയാണ്. എന്നാൽ അവൾ മറ്റൊന്നാണ് പറഞ്ഞത്.” മാഷാണ്, വലിയ തറവാട്ടുകാരാത്രേ.” എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. എല്ലാം സ്വയം കുഴിച്ചുമൂടിയുള്ള വരവാണ്. വേദനകളെ വരെ അമർത്തിയ ഇരിപ്പാണ്. ഞാൻ വളരെ ശാന്തമായി ചോദിച്ചു.” എന്തു പറ്റീ?” “ജയരാജേട്ടന്റെ വീട്ടിൽ ടി.ഡി.കെ. യുടെ കാസറ്റിൽ ഉമ്മാച്ചുവിലെ ഒരു പാട്ടില്ലേ കൽപ്പകത്തോപ്പന്യനൊരുവനു.. അത് കേട്ടാ മതി. പി. ഭാസ്ക്കരൻ എനിക്കു വേണ്ടി എഴുതിയതാ.”
മരിച്ചെന്നു കരുതി മണ്ണുവാരി എറിഞ്ഞിട്ടും പിടയുന്ന സ്മരണപ്പൊൻകിളികളെ ഞാനവളുടെ കണ്ണിൽ കണ്ടു.