പ്രണയത്തെ പ്രണയം കൊണ്ടു മാത്രമേ നേരിടാനാവൂ. ഒരിടത്തു നിന്നും തുടങ്ങിയ പ്രണയത്തിന് ചെന്നുകൊള്ളാൻ ഇടമില്ലെങ്കിൽ, ഒന്നുകിൽ എയ്തവൻ തീരും; അല്ലെങ്കിൽ ലക്ഷ്യമിട്ടവൾ തീരും. കാമൻ എയ്ത അമ്പ് ശിവൻ കൊണ്ടതും, കാമൻ കത്തിത്തീർന്നതും പോലെ.
പ്രണയം സ്വീകരിക്കപ്പെടണം. നിരസിക്കപ്പെടുന്ന പ്രണയോർജ്ജം മരണമാണ്. യവനികയിലെ പാട്ടിൽ ഒ. എൻ. വി. പറയുംപോലെ മൃദുപദ നൂപുരനാദം ഉറങ്ങും. വിധു കിരണങ്ങൾ മയങ്ങും. എല്ലാം തീരുന്ന നിമിഷത്തിൽ ഒരുനാൾ അവൾ വിടയോതിയത് മാത്രമോര്‍ത്തിരിക്കേണ്ടിവരും. ആ ഓർമ്മകൾ കണ്ണീർവാർക്കുന്നവയാവും. ശിഷ്ടകാലം, പ്രിയതരമാമൊരു സ്വപ്നം, ഇനി ഉണരാതെ, ഉറങ്ങിയത് ഓർത്ത്, മരിച്ചു ജീവിക്കാം എന്ന് മാത്രം. പ്രണയം എന്നത്, വസന്തം തൊട്ടില്ലെങ്കിൽ, കരിഞ്ഞ തോട്ടമാണ്.