റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന കാലത്ത് എന്റെ റിങ് ബാക്ക് ടോൺ, ‘ഗഗന നീലിമ’ ആയിരുന്നു. “എന്ത് പാട്ടാ ഇത്? മലയാളമാണോ!?” എന്ന ഒരു ജോക്കിയുടെ സംശയം തീർക്കാൻ നോക്കിയതാണ് ഞാൻ. ഗഗനം, നീലിമ, മിഴി, കുസുമം, ചാരുത, ശോണിമ, കന്യക… ഇത്രയും വാക്കുകൾ അറിയില്ല. ആ 22 കാരിക്ക് പ്രണയം അറിയാം. എഴുതൽ അറിയാം. ‘മേഘം ക്ലൌഡല്ലേ’ എന്ന് സംശയം. ഇതൊരു തലമുറയുടെ വരവിന്റെ വിളംബരമെങ്കിൽ കവികളെല്ലാം നിന്ന നിൽപ്പിൽ അവസാനിക്കുന്നത് നല്ലതെന്ന് തോന്നി.
ഇത്രയും കാലം സങ്കൽപമാകുന്ന സിന്ധുവിന്റെ അക്കരെയായിരുന്നു പ്രണയിനി. മുകളിൽ പറഞ്ഞ മുഖകാന്തിയും മന്ദഹാസവുമെല്ലാം; ഇതുവരെ കാണാത്ത ദൂരത്തായിരുന്നു. എന്നാൽ, അനുരാഗത്തിന്റെ വരദാനവും അഴകിന്റെ സമ്മാനവുമായ അവൾ, ഇന്ന്, ജന്മപുണ്യമായി; ഒരിക്കലും കൊഴിയാത്ത പുഷ്പമായി കൂടെയുണ്ട്. നഷ്ടപ്രണയം തിരികെ കിട്ടിയ എതൊരനുരാഗിയും നെഞ്ചോടു ചേർക്കുന്ന ഗാനം.