“കള്ള് കുടിക്കാൻ അമ്പത് രൂപ തന്നാൽ ലഹരി കുടിച്ച വാക്കുകളുടെ കവിത ചൊല്ലാം” എന്ന് പറഞ്ഞ്, ലൂയീസ് പീറ്റര്‍ ചൊല്ലിയ വരികൾ നെഞ്ചിൽ തറച്ചു നിൽക്കുകയാണ്. “പാതയായതു കൊണ്ടാവാം ഇങ്ങനെ ചവിട്ടേൽക്കുന്നത്. ഇനിയൊന്നാകാശമായി നോക്കണം”. സാഹിത്യ അക്കാദമിയുടെ മരച്ചുവട്ടിൽ ഇരിക്കുമ്പോൾ അന്ന് ഒരാൾകൂടി വന്നു, രാമദാസൻ. “ഒരു നേരത്തെ ചോറ് വാങ്ങിച്ചു തന്നാല്‍ ഞാനൊരു പാട്ടു പാടാം”. ലഹരിയല്ല, വിശപ്പാണ് കൺകളിലും വാക്കിലുമെരിയുന്നത്. അയാൾ ആർത്തിയോടെ കഴിയ്ക്കുന്നത് ഹീറോ ഹോട്ടലിലിരുന്ന് ഞാൻ കണ്ടു. കഥകൾ മണക്കുന്ന മരച്ചുവട്ടിൽ തിരിച്ചു വന്നപ്പോൾ, വാക്ക് തെറ്റിയ്ക്കാൻ മടിയായ അയൾ, വേണ്ടെന്നു പറഞ്ഞിട്ടും, പാടി. അല്ലിക്കൈ മൈലാഞ്ചി കൊണ്ടെന്റെ മേനിയിൽ അവൾ പടം വരച്ചില്ലല്ലോ…. മങ്ങലിൽ തിളങ്ങിയില്ലല്ലോ. ഒപ്പന പാടിയില്ലല്ലോ. .. അസാദ്ധ്യപ്രതിഭ! തെളിയാതെ പോയ മറ്റൊരാൾ. “ഇല്ലല്ലോ…” എന്ന് നിരാശ പാടി വിശപ്പ് മാറിയ അയാൾ പോയി. മുറ്റത്ത് വിടരാതെ പോയ എന്റെ മലർച്ചെണ്ടിലായിരുന്നു. എല്ലാ രീതിയിലും വിശന്നു പോയ ഞാൻ