ഇരുനിലം കോട് അമ്പലത്തിനു മുന്നിലെ മരച്ചുവട്ടിൽ കൽത്തറയിലിരുന്ന് ആ കാഷായധാരി നെഞ്ചു പൊട്ടിപ്പാടുകയാണ്. “മനം പേട്ട തുള്ളുന്നു തവ നടയിൽ…” കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ഞാൻ നിശ്ശബ്ദം അദ്ദേഹത്തെ നോക്കിനിന്നു. അങ്ങ് ദൂരെ, ശബരിമലയിൽ കലാപം നടക്കുന്നു. വാക്കുകൾക്കതീതമായ ചില വിനിമയങ്ങളുണ്ടല്ലോ. എന്നിൽനിന്നും അതേറ്റുവാങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു. “ഭാരതദേശം മുഴുവൻ ചുറ്റിത്തിരിഞ്ഞു വന്നവനാ ഞാൻ. ശബരിമല… അതൊന്നേയുള്ളു. നിങ്ങളിപ്പൊ കേട്ടുനിന്ന ആ പാട്ടില്ലേ… ഹിന്ദു എഴുതി മുസ്ലീം ഈണമിട്ട്, ക്രിസ്ത്യാനി പാടിയതാ! അതാ അയ്യപ്പൻ!” അദ്ദേഹം കണ്ണടച്ചു. അപ്പോഴും കവിൾ നനഞ്ഞുകൊണ്ടിരുന്നു. ഞാനും, കന്നിസ്വാമിയായ അന്നുമുതൽ പേട്ടതുള്ളിയ എരുമേലിയിലെത്തി. എനിക്കു പുറകേ എന്റെ കൈ പിടിച്ച് മക്കളെത്തി… അങ്ങനെ തലമുറതലമുറകളുടെ അനുസ്യൂത പ്രവാഹം… സംസാരദുഃഖവും മുജ്ജന്മ പാപവും ഇരുമുടിക്കെട്ടായ് ശിരസ്സിലേന്തി, പേട്ടതുള്ളി; മനസ്സിൽ മലകയറിക്കൊണ്ടിരുന്നു.