സമകാലിക സംഭവങ്ങളിലേയ്ക്ക് കുസൃതിയോടെയുള്ള എത്തിനോട്ടമാണ് ഇതിലെ കവിതകളോരോന്നും. എല്ലാവരും, പൊങ്ങച്ചം പറഞ്ഞും മേനി നടിച്ചും ഫാൻസ് അസോസിയേഷനുണ്ടാക്കി ഫ്ലക്സ് വെച്ച് ഞെളിഞ്ഞു നടക്കുന്ന ഈ കാലത്ത്, പ്രത്യേകിച്ചൊന്നും ജീവിതത്തിൽ ചെയ്തിട്ടില്ലാത്ത ഒരാൾ സ്വന്തമായി ഒരു ഫ്ലക്സ് വെയ്ക്കുന്നതിനെപ്പറ്റിയാണ് പുസ്തകത്തിന്റെ പേര് പരാമർശിക്കുന്ന, ‘ഞാൻ ഫാൻസ് അസോസിയേഷൻ’ എന്ന കവിതയിൽ പറയുന്നത്.
ഈ പുസ്തകത്തിലെ ഒട്ടുമിക്ക കവിതകളിലും ഈ ‘ഞാൻ’തന്നെയാണ് വില്ലൻ. നായകനും കോമാളിയും രോഗിയും പ്രണയിതാവും എല്ലാം അമളി പറ്റിയ ഈ ഞാൻമാർ, അബദ്ധം പറ്റിക്കൊണ്ടേയിരിക്കുന്ന ഞാൻമാർ, പൊങ്ങച്ചം വിളമ്പിക്കൊണ്ടിരിക്കുന്ന ഞാൻമാർ.
സമൂഹത്തിലെ പുഴുക്കുത്തുകൾക്ക് നേരെ, ചിരിച്ചു കൊണ്ടടിക്കുന്ന വിമർശനരീതി.
വ്യത്യസ്ത ഭാഷയും വേറിട്ട ശൈലിയും പുലർത്തുന്ന കവിതാസമാഹാരം.