പേടിച്ചോടല്‍
ഒരു കലയായംഗീകരിച്ചശേഷമാണ്
എനിക്കും
കലാതിലകം കിട്ടിത്തുടങ്ങിയത്.
കണക്ക് ക്ലാസ്സില്‍നിന്നും
പരീക്ഷാ മത്സരങ്ങളില്‍നിന്നും
ഇറങ്ങിയോടി,
പേടിയില്‍ ഒന്നാമനായി.
പിന്നെ മനസ്സിലായി;
ധൈര്യമുള്ളവനേ പേടിക്കാനുമാവൂ.
ഒരു കയറ്റത്തിനൊരിറക്കം എന്നപോലെ,
നാണയത്തിന്റെ ഇരുവശം പോലെ…
തുടര്‍ന്നങ്ങോട്ട്,
ഊടുവഴികളില്‍,
മണല്‍ പിടിക്കുന്ന പോലീസിനെ പേടിച്ച്
ഒളിച്ചിരുന്നു.
വാണിഭകേന്ദ്രങ്ങളില്‍,
മിന്നലിനെത്തുന്ന പരിശോധകരെ പേടിച്ച്
ഒളിച്ചിരുന്നു.
ഭാര്യയെ പേടിച്ച്,
വടക്കേലെ രമണിയില്‍ ഒളിച്ചിരുന്നു.
അളമുട്ടിയാല്‍
ഏത് തൊണ്ടനും പേടിമാറ്റില്ലേ…!
ഇന്നലെ,
മണ്ണിനും മണലിനും പെണ്ണിനും പിറകെ,
ഉമ്മാക്കികാട്ടി പേടിപ്പിക്കാന്‍ വന്ന
ഒരു പോലീസുവണ്ടിയെ,
ഇടിച്ചുമറിച്ച്,
സര്‍ക്കിളിനെ ട്രാഫിക് സര്‍ക്കിളിലിട്ടു തീര്‍ത്ത്,
ധൈര്യം കാണിച്ചതിന്
ഇപ്പോള്‍,
പേടിച്ചൊളിഞ്ഞിരിപ്പാണ്.