പരസ്പരം തിരിച്ചറിയാനാകാത്ത പോലെ,
ലോകം മുഴുവന്‍
ഒരേ തരം കളിപ്പാട്ടങ്ങള്‍.
ആലപ്പുഴയ്ക്കുപോയ് വന്നാല്‍ മാത്രം
അച്ഛന്‍,
ഓറഞ്ചു വാങ്ങിച്ചുതരുന്ന;
ആ പുതുമ നഷ്ടപ്പെട്ട ബാല്യം.
എന്തും എവിടെയും കിട്ടും.
എന്നും എപ്പോഴും ഒരുപോലെ.
വില്പനയ്ക്കുവെച്ച
എല്ലാ പാവകള്‍ക്കും ഒരേ മുഖം.
എല്ലാ വണ്ടികള്‍ക്കും ഒരേ മുറ.
എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരേ മടുപ്പ്.
വളവില്ലാത്ത നെടുനീളന്‍ പാതകള്‍.
ആലിന്‍ചോടും കഴനിച്ചുങ്കവും
ആനവളവും അത്താണിയും
നഷ്ടമായ വഴികള്‍.
വിപണിയില്‍
മത്സരത്തിനെത്താത്തതിനാലാവണം,
ഇപ്പോഴും അവര്‍
സ്വന്തം അച്ഛനേയുമമ്മയേയും തിരിച്ചറിയുന്നുണ്ട്;
ചിലതിലെങ്കിലും ചില വ്യത്യാസമുണ്ടെന്നും.