കണക്ക്‌വാസൂട്ടിമാഷ്
ചെമ്പരത്തിപ്പൂവുമായി
ക്ലാസ്സില്‍ വന്ന്
പൂവിന്റെ ഘടന പഠിപ്പിക്കുന്നതെന്തിനാണ്?
കണക്കുമാഷ്
ചെമ്പരത്തിയെടുക്കുന്നതെന്തിന്!?
GITUക്കാര്‍ ഇറക്കേണ്ട മരം
ENTUCക്കാര്‍ ഇറക്കാന്‍ ശ്രമിച്ചാല്‍
ആദ്യ ‘TU’ ക്കാര്‍ വെറുതെ വിടുമോ!?
ജീവശാസ്ത്രം പഠിപ്പിച്ചുതീരാത്ത രമണിട്ടീച്ചര്‍,
വടിവാളൊതുക്കിയ നാവുമായി
പാഞ്ഞലച്ചു വന്നു.
‘ടീച്ചര്‍
മനുഷ്യന്റെ പ്രത്യുല്‍പാദനം പഠിപ്പിക്കൂ.
ഞാന്‍,
ചെമ്പരത്തിപ്പൂവും
ഫീബോനാച്ചിയും തമ്മിലുള്ള
ബന്ധം പഠിപ്പിക്കാം;
ബന്ധപ്പെടലല്ല,
ബന്ധം.’
രമണിട്ടീച്ചര്‍ക്ക് തൊലിയുരിഞ്ഞുപോയി.
പരാതിത്തോണികള്‍
HM എന്ന തോടുകടന്ന്,
DEO, DDപ്പുഴകള്‍ താണ്ടി,
സെക്രട്ടറിക്കടല്‍വരെയെത്തി.
‘ചെമ്പരത്തിപ്പൂവ്
നിന്റപ്പന്റെ തറവാട്ട് സ്വത്താണോ…..?’
എന്ന,
ഒറ്റച്ചോദ്യത്തില്‍
സര്‍വ്വകലിയുമടക്കി
വാസൂട്ടിമാഷ് നിന്നു ചിരിച്ചു.
‘മാഷേ, ഇതുവേണാ…..?’ എന്ന,
കൂട്ടുകാരന്‍ മാഷടെ ചോദ്യത്തിന്
മറുപടി കുട്ടികളോടായിരുന്നു.
‘നാളെവരുമ്പോള്‍
ഏവരും
രണ്ടു ചെമ്പരത്തിപ്പൂ വീതം
കൊണ്ടുവരണം….’
എന്നുമാത്രം പറഞ്ഞ്
വാസൂട്ടിമാഷ്
അച്ചടക്കം പാലിച്ചു.
ഫീബോനാച്ചി സംഖ്യാശ്രേണി
അനുസരിക്കാത്ത
മാഷടെ ജീവിതക്കണക്കുകള്‍ക്കിടയില്‍
കണക്കുതെറ്റാതെ
പിറ്റേന്നും
സൂര്യന്‍ ഉദിച്ചു,
തളിരില വിരിഞ്ഞു,
പ്യൂണ്‍ ശങ്കരേട്ടന്‍ വന്നു,
പത്ത് മണിയടിച്ചു.
രണ്ട് പൂവ് ചെവിയിലും
ഞങ്ങള്‍ കൊണ്ടുവന്ന പൂക്കളെല്ലാം
മാലകോര്‍ത്ത്
കഴുത്തിലുമിട്ട്
വാസൂട്ടി മാഷ്
ഇറങ്ങിയോടുന്നതെങ്ങോട്ടാണാവോ…!!!
ഇന്ന് ക്ലാസ്സില്ലേ…!?