ഞങ്ങള്‍ ഒമ്പത് ‘ജീ’ക്കാരും
അവര്‍ ഒമ്പത് ‘ബീ’ക്കാരും
ഒരേ സിലബസ്സിനെ
രണ്ടു രീതിയിലാണ് പഠിച്ചത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത്
രമണിട്ടീച്ചര്‍ പറഞ്ഞ്
സോഷില്‍ ക്ലാസ്സില്‍ വെച്ചറിഞ്ഞ്
ഞങ്ങള്‍ ഒമ്പത് ജീക്കാര്‍ കയ്യടിച്ചപ്പോള്‍;
അതൊക്കെ വളരെ പണ്ടേ കിട്ടിയതാണല്ലോ
എന്ന മട്ടില്‍,
കോടിയ ചിരിചിരിച്ചു ഒമ്പത് ബീക്കാര്‍.
പ്രത്യുല്‍പ്പാദനത്തെ
ഞങ്ങള്‍ ഒമ്പത് ജീക്കാര്‍
നാണത്തോടെ സ്വീകരിച്ചപ്പോള്‍;
ഒമ്പത് ബീക്കാര്‍ നിര്‍വ്വികാരരായി വികാരത്തെപ്പഠിച്ചു.
യുദ്ധവും സമാധാനവും
ഞങ്ങള്‍, സമാധാനത്തിന്റെ പുസ്തകമായും
അവര്‍, യുദ്ധത്തിന്റെ പുസ്തകമായും പഠിച്ചു.
കുറച്ച് മണ്ടകുറഞ്ഞ;
മണ്ടരായ ഞങ്ങള്‍ ജീക്കാര്‍,
മത്തി വിറ്റും കഞ്ഞി കുടിച്ചും
സമാധാനത്തോടെ ജീവിക്കുമ്പോള്‍;
ബീക്കാര്‍ വളര്‍ന്നു വലുതായിട്ടും
ഇപ്പോഴുമെന്തൊക്കെയോ
വാരിവലിച്ച്
യുദ്ധത്തിനിടയിലും പഠിച്ചുകൊണ്ടിരിപ്പത്രേ.