മടുത്തൊരു മാത്രയില്‍,
പെട്ടെന്ന്,
ഭൂമി,
എതിര്‍പ്പുല്ല്* ചവുട്ടിയ പോലെ,
അച്ചുതണ്ടില്‍ നിന്നും
പുറകോട്ടൊരു കറക്കം.
പരീക്ഷപ്പേടിയുണ്ടായിരുന്ന
കുട്ടികളുടെ
പേടി മാറിയതങ്ങനെയാണ്.
പരീക്ഷ എന്തെന്നുപോലുമോര്‍ക്കാതിരുന്ന
അപ്പനമ്മമാര്‍,
അന്നുമുതല്‍
പേടിയോടുപേടി.
പഴം, പച്ചക്കറി, നെല്ലെന്നൊക്കെ
ഗ്രാമത്തെത്തേടി വന്നിരുന്ന നഗരം,
അന്നുമുതല്‍
വില്‍പന തുടങ്ങി.
ഗ്രാമികളെല്ലാം
ചുക്കും ചുണ്ണാമ്പും തേടി,
നഗരത്തിലേക്കോടിത്തുടങ്ങി.
ഗ്രാമത്തിലെ ഉണ്ണികള്‍ക്കൊന്നും
നീന്തലറിയാതായി,
സൈക്കിള്‍ ചവുട്ടലറിയാതായി,
ഈര്‍ക്കിലമ്പുകളെയ്യാനും
മരം കേറാനുംവരെ മറന്നുപോയി.
നഗരക്കുഞ്ഞുങ്ങള്‍…….
നീന്തി,
അമ്പെയ്ത്,
കരകൗശലക്ക്യാമ്പുകളില്‍ കേറി,
ഓലപ്പന്തും പീപ്ലിയും ഉണ്ടാക്കി,
മരം കയറി,
സൈക്കിളേറിപ്പോക്കു തുടങ്ങി.
ഗ്രാമക്കുഞ്ഞുങ്ങള്‍….
വലിയ വീടുകളില്‍
ഒറ്റപ്പെട്ട്,
ടീവിയിലഭയം പ്രാപിച്ചപ്പോള്‍……….
ഫ്‌ളാറ്റിലെ കൂട്ടുകുടുംബങ്ങള്‍
ഓണസദ്യയിലേക്കോടിയെത്തി,
ചക്കപ്പായസവും
മാങ്ങാക്കാളനുമുണ്ടു.
ഇപ്പോള്‍,
സിനിമയ്ക്കു പോലും
ഗ്രാമത്തിലെ ആരും പോകാറില്ല.
പൊറാട്ടുനാടകം വരെ
നഗരത്തിലത്രേ.
ഓ…. എന്റച്ചുതണ്ടേ,
വല്ലാത്ത ചെയ്ത്തായിപ്പോയി!
* ഈ പുല്ല് ചവിട്ടുന്നവർ, ലക്ഷ്യമെല്ലാം മറന്ന്,
എതിർ ദിശയിലേയ്ക്ക് സഞ്ചാരഗതി മാറ്റുമെന്ന് വിശ്വാസം.