വാസ്തുവിദഗ്ദ്ധന്‍
വീടളന്ന്, പരിഹാരം പറഞ്ഞപ്പഴാണ്
വാസ്തു
നിര്‍മ്മാണമല്ല;
തകര്‍ക്കലാണെന്ന് പഠിച്ചത്.
പൂജകളില്‍ നിന്നും
പൂജകളിലേക്ക് കുറി നീട്ടിയിട്ടുതന്ന്
മുമ്മൂന്ന് മാസത്തേക്കു മാത്രം
പരിഹാരം നിര്‍ദ്ദേശിച്ച
ജ്യോത്സ്യരാണ്
ജ്യോതിഷം
നിഗൂഢശാസ്ത്രംതന്നെയെന്നു
പഠിപ്പിച്ചത്.
പാവപ്പെട്ട അടിസ്ഥാന വര്‍ഗ്ഗത്തിനും
മുതലാളിത്ത ചൂഷണങ്ങള്‍ ചെറുത്ത്,
പാര്‍ക്കില്‍ പോകാനും
നീന്തല്‍ക്കുളത്തില്‍ കുളിക്കാനുമുള്ള
ഫാന്റസിയുണ്ടെന്ന്
സഖാക്കളും പഠിപ്പിച്ചു.
ഫയലിനിടയില്‍ തിരുകുന്ന
ഗാന്ധിച്ചിത്രങ്ങളാണ്
സോഷ്യലിസമെന്ന്
വെളളയുടുപ്പുകാരും
പഠിപ്പിച്ചു.
‘കട്ടോ മോട്ടിച്ചോ
പത്തു കാശുണ്ടാക്കടാ…’ന്ന്
കൂട്ടുകാരും.
ഇതിനൊക്കെ ഇടയില്‍
ഒരാള്‍
ചില കാര്യങ്ങള്‍ പറഞ്ഞത്
പഠിക്കാന്‍ പറ്റിയിട്ടില്ല.
പോയി ചോദിച്ചാലോ…?
ആ കണ്ണടക്കാരന്‍
വടീം കുത്തിപ്പിടിച്ച്,
പഞ്ചായത്താപ്പീസിനു
മുന്നില്‍ത്തന്നെ ഉണ്ടോ ആവോ…!?
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.