തെറ്റ് മാത്രം കണ്ടുപിടിക്കുന്ന
കണ്ണടയുണ്ടെന്നും;
ഈ കണ്ണടയുടെ പരസ്യം
ടീവിയില്‍ വരാറില്ലെന്നും
ഒന്നില്‍ പഠിക്കുമ്പോഴേ മനസ്സിലായി.
ചൂരലിന് പരസ്യമില്ല
ഒറ്റക്കാലില്‍ നില്‍ക്കാന്‍
കോച്ചിങ് സെന്ററില്ല
പ്രോഗ്രസ്സ് കാര്‍ഡിലൊപ്പുവാങ്ങാന്‍
ഇവന്റ് മാനേജ്‌മെന്റില്ല
ചെവിയിലും തുടയിലും
ഇടയ്ക്കിടെ വീഴുന്ന
ആകാശച്ചുവപ്പുമാറ്റാന്‍
ഓയിന്‍മെന്റുകളുമില്ല.
ഒന്ന് നമ്മള്‍ മനസിലാക്കണം;
കള്ളമണലിനും
ഭാര്യയല്ലാത്ത പെണ്ണിനും
മാഫിയകള്‍ പരസ്യം ചെയ്യാറില്ല.
ഈശ്വരാ…!!
സ്‌ക്കൂളിലെ കുട്ടികള്‍
മാഫിയയുടെ പിടിയിലാണല്ലേ…!!?
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.