എന്‍വിരലേത്, നിന്‍വിരലേതെന്നറിയാതെ
സ്‌നേഹം കോര്‍ത്ത്,
ചങ്ങലകളില്‍ നിന്നവര്‍.
പൊരിവെയിലില്‍ ഒരുമിച്ച്,
കൊടിക്കീഴില്‍ – ആ ഇത്തിരിത്തണലില്‍
കുളിര്‍ന്നവര്‍.
എന്തിനും ഏതിനും
ഒരുമിച്ച് ഒച്ചയെടുത്തവര്‍
എത്രയെത്രപെട്ടെന്നാണ്
ചിതറിയോടി,
കൊച്ചുകൊച്ച് ഓട്ടോറിക്ഷകളില്‍
ഒറ്റയ്‌ക്കൊറ്റയ്ക്ക് തിരക്കിന്റെ യാത്രയായത്.
എത്രപെട്ടെന്നാണ്
നമ്മള്‍ ചിതറിയോടി
ഒറ്റയ്‌ക്കൊറ്റയ്ക്ക്
അമ്പലങ്ങളിലും പള്ളികളിലുമെത്തിയതും
‘എന്റെ മാത്രം ദൈവമേ…,’
എന്നൊക്കെത്തുടങ്ങിയതും.
നമ്മടേം ഞങ്ങടേം നിങ്ങടേം
കുളങ്ങളും പാടങ്ങളുമെല്ലാം…
തൂര്‍ത്തതും
തൂര്‍ക്കാന്‍ കുന്നുതന്നെയിടിച്ചതും.
എല്ലാം വിറ്റുകിട്ടിയ എന്റെ കാശുകള്‍
സ്വന്തം സ്വന്തം അക്കൗണ്ടിലിട്ടതും
സ്വന്തം ബോധം പോകുംവരെ
സ്വന്തം കുടി തുടങ്ങിയതും
ഒക്കെ…
എത്രയെത്ര പെട്ടെന്നാ.
ഒറ്റയ്‌ക്കൊറ്റയ്ക്ക് ഫ്‌ളാറ്റുകളിലാണത്രേ
‘ഞാന്‍മാര്‍’ ഇപ്പോള്‍ താമസം.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.