ഗുരുവായൂരിനടുത്തുള്ള മല്ലിശ്ശേരിത്തറവാട് പണ്ടേയ്ക്കുപണ്ടേ വളരെ പ്രശസ്തമായിരുന്നു. ഒരുകാലത്തുണ്ടായിരുന്ന തറവാട്ടിലെ കാരണവര്‍, കണ്ണന്റെ അടിയുറച്ച ഭക്തനായിരുന്നു.
മല്ലിശ്ശേരിത്തറവാട്ടിലെ കുട്ടികളെ മാത്രമല്ല; തന്റെ മുന്നില്‍ വരുന്ന എല്ലാ കുഞ്ഞുങ്ങളേയും മല്ലിശ്ശേരിനമ്പൂതിരി. ശ്രീകൃഷ്ണനെ കാണുന്നപോലെയായിരുന്നു കണ്ടിരുന്നത്.
തറവാട്ടുമുറ്റത്ത്, ‘പ്രസീദ തുളസീദേവീ പ്രസീദ ഹരിവല്ലഭേ…’, എന്നും; ‘നാരായണ നാരായണ’ എന്നുമൊക്കെ പറഞ്ഞ്, ഭഗവാന് നേദിക്കാനുള്ള പൂക്കളെല്ലാം ഇറുത്തുകൊണ്ടിരുന്ന മല്ലിശ്ശേരിക്കാരണവരെ; തൊട്ടടുത്ത നിമിഷത്തില്‍ ചിലപ്പോള്‍, ഇല്ലപ്പറമ്പില്‍ കുട്ടികളുടെ കൂടെ ഒളിച്ചുകളിക്കുന്നതുകാണാം.
“മുത്തശ്ശാ…, ഓടിക്കോളൂ ട്ടോ….! ഞാന്‍ പിടിക്കാന്‍ വര്വാണ്! തൊട്ടാ പിന്നെ മുത്തശ്ശന്‍ പിടിക്കാന്‍ വരണം!” എന്നെങ്ങാന്‍ ഒരു കുട്ടി പറഞ്ഞാല്‍, ഉടനെ മല്ലിശ്ശേരി ഓടും.
‘കുട്ടികളെല്ലാം ഭഗവാനാണല്ലോ…! അപ്പോള്‍ ഭഗവാനാണല്ലോ കളിക്കാന്‍ വിളിക്കുന്നത്. ഭഗവാന്‍ പറഞ്ഞാല്‍പിന്നെ മല്ലിശ്ശേരി കേള്‍ക്കാതിരിക്കുമോ!’ എന്നാണ്, തറവാട്ടിലെ കാരണവരായ നമ്പൂതിരിയുടെ മനസ്സില്‍.
കണ്ണന്‍ കനിഞ്ഞനുഗ്രഹിച്ച്, തറവാട്ടില്‍, ഒന്നിനും ഒരു പഞ്ഞവുമില്ല. ലക്ഷ്മീദേവി വിളയാടുന്ന തറവാട്. മല്ലിശ്ശേരിനമ്പൂതിരി കുഞ്ഞുങ്ങളെ മാത്രമല്ല സ്വന്തമെന്നു കരുതിയിരുന്നത്. പാവങ്ങളായ ആള്‍ക്കാരേയും മല്ലിശ്ശേരി സ്വന്തമായി കരുതി ചേര്‍ത്തുനിര്‍ത്തി. ദാരിദ്ര്യം വന്നു ഭവിച്ച എല്ലാവരും കൃഷ്ണന്റെ കൂട്ടുകാരനായ സുദാമാവാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അതായത്, ഒരാള്‍ ദാരിദ്ര്യം വന്നു ഭവിച്ച് കുചേലനായി കഴിയുന്നുണ്ടെങ്കില്‍….; എന്നോ ഒരുനാള്‍ ഭഗവാന്‍, ആ കുചേലന്റെ ഉണങ്ങിയ ശരീരത്തെ, ചളിയും വിയര്‍പ്പുമെല്ലാം ചേര്‍ത്തൊരു കെട്ടിപ്പിടുത്തമുണ്ടാവും. അതിനു മഹാഭാഗ്യം ലഭിച്ച കുചേലന്മാരാണ് ലോകത്തെ ദരിദ്രരായവരെല്ലാം എന്ന് മല്ലിശ്ശേരി വിശ്വസിച്ചു. പാവപ്പെട്ട ആര് ഇല്ലത്ത് വന്നാലും; മല്ലിശ്ശേരി, എന്താണോ കയ്യില്‍കിട്ടിയത് അതെടുത്ത് ദാനം നല്‍കും! ദാനം എന്നത് തന്റെ ഔദാര്യമെന്ന മട്ടിലൊന്നുമല്ല. ഈ ദാനംകിട്ടല്‍, ആ സാധുവിന്റെ അവകാശമാണെന്ന മട്ടില്‍, വിനയത്തോടെയായിരുന്നു മല്ലിശ്ശേരി, അരിയായാലും ഭക്ഷണമായാലും വസ്ത്രമായാലും ദാനം നല്‍കിയിരുന്നത്.
ഗുരുവായൂരപ്പന്റെ, കുസൃതിയും വാത്സല്യവും നിറഞ്ഞ കഥകളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.