ഈ കുട്ടി ഇങ്ങനെയാണ്.
ഈയിടെയായി
എല്ലാ കുട്ടികളും
ഇങ്ങനെയാണ്.
ടീച്ചറുടെ മുഖത്ത്
തുറിച്ചുനോക്കിയിരിക്കും.
ഇമവെട്ടാതെ,
ചോദ്യം ചെയ്യാതെ,
ആവശ്യത്തിനോ
അനാവശ്യത്തിനോ
സംശയിക്കാതെ….
ടീച്ചര്‍ ചോദിച്ചാല്‍പ്പോലും
കണ്ണിമ ചിമ്മില്ല;
ചുണ്ടൊന്നനങ്ങില്ല.
പക്ഷേ,
എന്തൊരു ബുദ്ധിയാണെന്നോ….!
എന്തൊരു ഒബ്‌സര്‍വേഷനാണെന്നോ…!!
എല്ലാം
ഒരു ചതുരത്തിലൊതുക്കി
ശീലിച്ചതുകൊണ്ടാ ഇങ്ങനെ.
ജനിച്ചമുതല്‍
ടീ വി അല്ലാതെ
മറ്റൊന്നും കണ്ടിട്ടില്ലല്ലോ….!
അതാണ്
ഇങ്ങനെ,
ഇമവെട്ടാതെ,
തിരിച്ചൊന്നും പറയാതെ,
ഒന്നിനേയും സംശയിക്കാതെ,
ടീച്ചറൊരു കാര്‍ട്ടൂണ്‍ചാനല്‍തന്നെ എന്ന മട്ടില്‍.
ഇന്റര്‍വെല്ലിനും
ലോംങ് ബെല്ലിനും
ഈ ബുദ്ധിമാന്‍മാര്‍
പുറത്തിറങ്ങുന്നതുതന്നെ
ആ,
കൊമേഴ്‌സ്യല്‍ ബ്രേക്കിന്റെ
ശീലം കൊണ്ടാ!
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.