നിറങ്ങള്‍ എന്നെ ഭരിയ്ക്കാന്‍ തുടങ്ങിയിട്ട്
ഏറെയായി.
സിനിമാനടികളെല്ലാം വെളുത്തിരിയ്ക്കണം
എന്നതായിരുന്നു അസുഖത്തിന്റെ തുടക്കം.
പിന്നെപ്പിന്നെ,
കെട്ടാനുള്ള പെണ്ണും വെളുത്തോട്ടേ
എന്നായി.
കൊതിക്കളര്‍വീണ ജീവിതപ്പാച്ചിലില്‍
മരം വെളുപ്പിച്ചപ്പോഴും
മല വെളുപ്പിച്ചപ്പോഴും
തല വെളുക്കാതെ നോക്കി.
കാണുന്ന കണ്ണിന്റെ
ചെകിടത്തടിവീഴുംപോലെ
പലനിറങ്ങളില്‍ മുക്കി,
ശ്രീ, ഞാന്‍, എന്റെ ഭവനം.
മരിച്ച വീട്ടില്‍ പോകാന്‍,
മരിയ്ക്കാന്‍ കിടക്കുന്നിടത്തു പോകാന്‍,
സദ്യശ്രമത്തിന്, ആശ്രമത്തിന്,
വിശ്രമത്തിന് എന്നു തുടങ്ങി
വെഞ്ചെരിപ്പിന്, നെഞ്ചെരിയ്ക്കലിന്….
എല്ലാമെല്ലാം
മനസ്സിന് പൊരുത്തം വന്ന്
നിന്നുതന്നു നിറങ്ങള്‍!
ഇപ്പോഴിതാ,
മഞ്ഞപ്പിത്തത്തിന് മരുന്നിനായി
ഹൈടെക് മെഡിയ്ക്കല്‍സ്റ്റോറില്‍
ക്യൂ നില്‍ക്കുമ്പോഴും
പ്രാര്‍ത്ഥനയൊന്നേയൊന്ന്.
ഇട്ട,
മഞ്ഞ ജുബ്ബയ്ക്ക് മാച്ചുചെയ്യുന്ന
മഞ്ഞസ്ട്രിപ്പിലാക്കിയ മരുന്നുതന്നെ
കിട്ടണേ…. പീതാംബരാ….
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.