മഹിളാരോപ്യം എന്ന പട്ടണത്തിലെ രാജാവായിരുന്നു അമരശക്തി. അമരശക്തിരാജാവിന്റെ മൂന്നു മക്കളായിരുന്നു വസുശക്തി, ഉഗ്രശക്തി, അനേകശക്തി എന്നിവര്‍. മൂവരും ഒന്നിനൊന്ന് മണ്ടന്‍മാരായിരുന്നു. ബുദ്ധി കുറവാണെങ്കിലും; ഇനി, ഒട്ടുമില്ലെങ്കിലും, പോട്ടേന്ന് വെയ്ക്കാം. ഇവര്‍ ദുര്‍ബുദ്ധികള്‍കൂടിയാണെങ്കിലോ!
യാതോരു വകതിരിവുമില്ലാത്ത ഈ മൂന്നുമക്കള്‍, അവരുടെ ജീവിതത്തിലും തന്റെ ജീവിതത്തിലും മാത്രമല്ല; രാജാവിന്റെ മക്കള്‍ എന്ന നിലയ്ക്ക്, രാജ്യത്തിനും ദുഃഖമാകുമെന്നു കണ്ട അമരശക്തിരാജാവ്, തന്റെ മന്ത്രിയായ സുമതിയോട്, ‘മക്കളെ നന്നാക്കാന്‍ എന്താണ് വഴി?’ എന്നന്വേഷിച്ചു. മന്ത്രിയായ സുമതിയൊഴിച്ച്, പലരും പല അഭിപ്രായങ്ങളും പറഞ്ഞെങ്കിലും; അമരശക്തിക്ക് ആ അഭിപ്രായങ്ങളൊന്നും മുഖവിലയ്ക്കെടുക്കാൻ തോന്നിയില്ല. പണ്ഡിതനാണെന്ന് തോന്നിക്കാന്‍ വലിയ കടുക്കനിട്ടതുകൊണ്ടോ വലിയ കുറി തൊട്ടതുകൊണ്ടോ മേല്‍മുണ്ടു പുതച്ചതുകൊണ്ടോ ആകില്ലല്ലോ. പണ്ഡിതന്മാരൊക്കെ, തന്റെ മക്കളുടെ കാര്യത്തില്‍ പറയുന്നത്, തന്റെ മക്കളേക്കാള്‍ വലിയ മണ്ടന്‍മാരേപ്പോലെയാണെന്ന് രാജാവിന് തോന്നി.
അപ്പോഴാണ് മന്ത്രിയായ സുമതി, വിഷ്ണുശര്‍മ്മ എന്ന ബ്രാഹ്മനേക്കുറിച്ച് രാജാവിനോട് പറയുന്നത്. സകലശാസ്ത്രങ്ങളും പഠിച്ച വിഷ്ണുശര്‍മ്മനെ ഏല്‍പ്പിച്ചുകൊടുത്താല്‍ രാജകുമാരന്മാര്‍ ചിലപ്പോള്‍ നന്നായിപ്പോകാന്‍ സാദ്ധ്യതയുണ്ട്.
സുമതി വെറുതെയൊന്നും ഒരുകാര്യം പറയില്ല. അതുകൊണ്ടുതന്നെയാണല്ലോ സുമതി, മന്ത്രിയായിരിക്കുന്നതും.
രാജശാസന വിഷ്ണുശര്‍മ്മന് കൈമാറുന്നു. വിഷ്ണുശര്‍മ്മന്‍ കൊട്ടാരത്തിലെത്തുന്നു.
രാജാവ്, വിഷ്ണുശര്‍മ്മനോട് കാര്യങ്ങള്‍ പറഞ്ഞു. ‘മക്കളെ സകല ശാസ്ത്രങ്ങളുടേയും സാരാംശം മനസ്സിലാക്കിക്കൊടുക്കണം. മക്കളെ കേമന്‍മാരാക്കിത്തന്നാല്‍, വിഷ്ണുശര്‍മ്മന്‍ ആവശ്യപ്പെടുന്ന അത്രയും ഭൂമി, കരം ഒഴിവാക്കി പതിച്ചു കൊടുക്കാം.’
വിഷ്ണുശര്‍മ്മന് ഉള്ളില്‍ ചിരിപൊട്ടി.
പഞ്ചതന്ത്രത്തിലെ ഈ കഥകൾ പുസ്തകമായൊരുങ്ങുന്നു.