ഡപ്യൂട്ടേഷനില്‍,
ജയില്‍ വാര്‍ഡനും
ഹെഡ്മാഷും
ജോലികള്‍ വെച്ചുമാറി.
തടവുപുള്ളികള്‍ക്കോ
സ്‌കൂള്‍ക്കുട്ടികള്‍ക്കോ
ജയില്‍വാര്‍ഡനോ
ഹെഡ്മാസ്റ്റര്‍ക്കോ
പുതിയതായെന്തെങ്കിലും
സംഭവിച്ചതായി
തോന്നിയേ ഇല്ല!!
രണ്ടിടത്തും ഉയര്‍ന്ന മതിലുണ്ട്,
പടുകൂറ്റന്‍ ഗെയ്റ്റുണ്ട്,
കൃത്യസമയത്ത് മണിയടിയുണ്ട്,
ഊണിനും വ്യായാമത്തിനും
കൃത്യനിഷ്ഠയുമുണ്ട്.
പരോളും അവധിക്കാലവും
ചോദ്യം ചെയ്യലും ശിക്ഷയുമുണ്ട്.
നടയടിയും നല്ല നടപ്പുമുണ്ട്.!
എല്‍.കെ.ജി. തൊട്ട്
പ്ലസ് ടു വരെ
പതിനാലുവര്‍ഷത്തെ
തടവുകഴിഞ്ഞിറങ്ങിയ കുട്ടികള്‍
കഷ്ടം വെച്ചു.
ഛേ…….!
ദയാഹര്‍ജിയില്‍,
ചുരുക്കിക്കിട്ടുമായിരുന്ന,
പുറത്തെ ജീവപര്യന്തം പേടിച്ച്,
നല്ല സ്വഭാവം നടിച്ച്,
നമ്മള്‍
വെറുതേ
പതിനാലുവര്‍ഷം
ഈ ജയിലില്‍ക്കിടന്നു!!!
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.