എന്നുമെന്നും സംശയമായിരുന്നു.
ഏതിനുമെന്തിനുമതെ.
വാഴക്കൈമേല്‍ ‘ഇരി കുരുവീ’ എന്നാണോ
‘ഇരു കുരുവീ’ എന്നാണോ ….?
സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാല്‍
ആപത്ത് കാലത്ത് ‘കാ പത്തു’ തിന്നാം എന്നാണോ
‘കാവത്ത്’ തിന്നാം എന്നാണോ…?
തുമ്പിപ്പെണ്ണേ വാവാ
തുമ്പച്ചോട്ടില്‍ വാവാ.. എന്നതില്‍,
‘വാവ’ തുമ്പച്ചോട്ടില്‍ എന്നാണോ
തുമ്പച്ചോട്ടിലേക്ക് ‘വാ’ എന്നാണോ..?
മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
‘മന്ത്രിക്കും’ മധുവിധുരാത്രി എന്നതിലെ
‘മന്ത്രി’, ഏതു മന്ത്രിയാണ്?
ഒരു നാല് നാല്
‘ഇരു നാല്‍’ എട്ട് എന്നാണോ
‘ഇരുന്നാല്‍’ എട്ട് എന്നാണോ…?
വൃക്ഷമൂലത്തില്‍ കവി ചത്തിരിക്കുന്നു…
എന്നതില്‍, കവി ഉദ്ദേശിച്ചത്,
‘മരിച്ചിരിക്കുന്നു’ എന്നാണോ
‘ഇരുന്നു മരിച്ചു’ എന്നാണോ …?
ഇപ്പോള്‍ ‘ഭവനം’ എന്നതിലെ,
‘ബ’ എന്നത് ‘ഭ’ ആണോ ‘ഫ’ ആണോ എന്ന് സംശയം.
‘ബാര്യ’ എന്നതിലെ ‘ഭ’ എന്നത്,
‘ബ’ ആണോ ‘മ്പ’ ആണോ ‘ഫ’ ആണോ എന്ന് സംശയം.
‘ഭാര്യ’ തന്നെ എന്തിനെന്നും
എന്റെ ‘ബാര്യ’ ഏതെന്നും സംശയം.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.