സംവിധായകനും സിനിമാട്ടോഗ്രഫറുമായ സുജിത് വാസുദേവും പത്രപ്രവർത്തകനായ ആനന്ദ് ഹരിദാസും തൃശ്ശൂരിലെ എന്റെ വീട്ടിൽ വന്നിരിക്കുന്നു.
വീട്ടിൽ, വിഷ്ണുവും ബെനറ്റും റാഷിയും നേരത്തേ എത്തിയിട്ടുണ്ട്.
‘സംഗീതസംവിധായകൻ ബാബുരാജിന്റെ വലംകയ്യായിരുന്ന തബലിസ്റ്റ് ഉസ്മാന്റെ പേരക്കുട്ടിയാണ് റാഷി’
എന്നു പറഞ്ഞ്, ഞാൻ റാഷിയെ പരിചയപ്പെടുത്തി.
റാഷി പാടുമെന്നും
സംഗീതം ചെയ്യുമെന്നും;
ഞാനും വിഷ്ണുവും നൈജിലുമൊക്കെ എഴുതിയ പല പാട്ടുകളും റാഷി സംഗീതംചെയ്തിട്ടുണ്ട് എന്നുംകൂടി പറഞ്ഞപ്പോൾ;
പതിയെ, ഈ സൗഹൃദം, വീട്ടിൽ, ഒരു മെഹ്ഫിലായി മാറി.
മോൻ തബലയുമായി എത്തി.
ഭാര്യയും മോളും കാഴ്ചക്കാരായി.
ഞാൻ എഴുതിയ,
‘പാടവരമ്പിന്റെ പാതിയോളം ചെന്നു’
എന്ന പാട്ടടക്കം ;
റാഷി കുറേ പാട്ടുകൾ പാടി.
‘പാടവരമ്പ്’ റാഷി ഈണമിട്ടതായിരുന്നു;
രാഗമേതെന്നറിയാതെ, ചാരുകേശിയിൽ.
മറ്റെല്ലാ പാട്ടുകളും ബാബുരാജിന്റേയോ ജോൺസന്റേയോ ആയിരുന്നു.
സുജിത് തിരിച്ചുപോകുമ്പോൾ കാറിൽ, ഞാനും ആനന്ദും സുജിത്തും മാത്രം.
സുജിത് വാസുദേവ് റാഷിയെ ഫോണിൽ വിളിച്ചുതരാൻ എന്നോട് പറഞ്ഞു.
എന്നിട്ട്, റാഷിയോട് ഫോണിൽ പറഞ്ഞു;
“അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്…”
എന്ന പാട്ടൊന്ന് പാടാമോ റാഷീ ?”
“എന്താ പ്പൊ പെട്ടെന്ന് ആ പാട്ട്?!”
സുജിത് പറഞ്ഞു.
“അല്ലാ….. നീ ആ പാട്ട് എങ്ങനെ സങ്കടത്തിൽ പാടും എന്നറിയാനാ…”
റാഷി പാടുന്ന ഏത് പാട്ടിനും ഒരു ശോകഛായ ഉള്ളതായിരുന്നു; തമാശയായി പറഞ്ഞ ഈ കമന്റിന് കാരണം എന്ന് എനിക്ക് മനസ്സിലായി.
ഇതു കേട്ട് റാഷിക്ക് വിഷമമായിക്കാണണം.
എനിക്ക് വിഷമമായി.
കന്നിയിൽ പിറന്നാലും കാർത്തിക നാളായാലും
എന്ന പാട്ടോ,
പാതിരാവായില്ല പൗർണ്ണമി കന്യയ്ക്കു പതിനേഴോ പതിനെട്ടോ പ്രായം
എന്ന പാട്ടോ, സങ്കടപ്പാട്ടല്ലെങ്കിലും; എവിടെയോ ഒരു സങ്കടം ഒളിഞ്ഞുകിടക്കുന്നുണ്ട്.
അത്, ആ ഈണം മുളച്ച ബാബുരാജിൽ പടർന്നുകിടക്കുന്ന വിഷാദമാണ്.
സന്തോഷത്തിൽപ്പോലും അടിയൊഴുക്കായൊരു സങ്കടം, ബാബുരാജ് കൊണ്ടുനടക്കുന്നുണ്ട് എന്ന്, അദ്ദേഹത്തിന്റെ ഏത് പാട്ട് കേട്ടാലും അറിയാം.
അതുകൊണ്ടാണ് സങ്കടഗാനങ്ങൾതന്നെയായ
താമസമെന്തേ വരുവാനും
പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരനും
കേൾക്കുമ്പോൾ, ഉള്ളിൽ അസഹ്യമായൊരു വേദന, ഇരട്ടിസങ്കടമായി, ഉറഞ്ഞുകൂടുന്നത്.
ബാബുരാജിലേയ്ക്ക്, സ്വാഭാവികമായി ആകർഷിക്കപ്പെട്ടവനാണ് റാഷി .
ബാബുരാജിന്റെ സംഗീതത്തിന്റെ ചാതുരിയോടൊപ്പം;
പാട്ടുകളിൽ ഊറിവരുന്ന ആ വേദനകളിലേയ്ക്കും അവൻ കൊതിയോടെ നോക്കിയിരിക്കണം.
അതായത്, ബാബുരാജിനെ അലട്ടിയതെല്ലാം റാഷിയേയും അലട്ടുന്നുണ്ടാവണം.
അപ്പോഴാണ്, ‘റസണന്റ് ഫ്രീക്വൻസി’ സംഭവിച്ച്, ഇരുഹൃദയങ്ങൾ ഒന്നിച്ച് മിടിക്കുക.
ഒന്നിച്ച് തപിക്കുക.
ഇതിനെയാണ് ‘ആസ്വാദനം’ എന്നും ;
‘കലാകാരനെ ആസ്വാദകൻ നെഞ്ചിലേറ്റി’ എന്നും പറയുക.
ഇപ്രകാരം, ബാബൂക്കയെ നെഞ്ചിലേറ്റിയ റാഷി , ബാബൂക്ക ഉള്ളിലുരുക്കിയൊഴിച്ച വേദനയെ,
വേദന ചേർത്തുതന്നെ പാടിയതുകൊണ്ടാണ് അവന്റെ പാട്ട് ഇത്രയും ഹൃദ്യമാകുന്നത്.
അതിനർത്ഥം , ബാബുരാജ് കടന്നുപോന്ന തീക്ഷ്ണവഴികളൊക്കെ ഇവനും താണ്ടിയിട്ടുണ്ട് എന്നുകൂടിയാണ്.
തമാശയായിപ്പോലും ആ വ്രണങ്ങളിൽ തൊട്ടുകൂടരുതാത്തതാണ്.
ദാരിദ്ര്യം, വിരഹം, കടബാദ്ധ്യതകൾ, ബന്ധുക്കളുടെ അകന്നുമാറൽ, ഒരിടത്തും ഇരിക്കപ്പൊറുതി കിട്ടായ….. തുടങ്ങി, പലതും അനുഭവിക്കുന്ന ഒരാൾക്കാണ്
‘കണ്ണീരും സ്വപ്നങ്ങളും വിൽക്കുവാനായ് വന്നവൻ ഞാൻ’ എന്ന്, ഇത്ര ആഴത്തിൽ ഈണമിട്ട് പാടിക്കാനാകുക.
കലയുടെ ദേവത നമ്മുടെ ഞരമ്പുകളെ പിടികൂടിയാൽപ്പിന്നെ, രക്ഷപ്പെടുക എളുപ്പമല്ല.
സൃഷ്ടികൾക്കായുള്ള ഉൻമത്തദാഹത്താൽ നമ്മൾ വലഞ്ഞുപോകും.
‘ഇത് നന്നായില്ല; മോശമായിപ്പോയി’. എന്നെങ്ങാൻ ആരെങ്കിലും പറഞ്ഞാൽ,
‘എന്റെ മോൻ നന്നോ എന്നതിന്, നിന്റെ സർട്ടിഫിക്കറ്റ് വേണ്ടാ’
എന്ന മട്ടിൽ, കലാകാരൻ ചിലപ്പോൾ ദേഷ്യപ്പെട്ടെന്നുവരും
ബാബുരാജും ഇങ്ങനെ ആയിരുന്നത്രേ.
പെട്ടെന്ന് ദേഷ്യം വരും.
പിണങ്ങും.
ഇറങ്ങിപ്പോകും.
എന്നാൽ, പെട്ടെന്നുതന്നെ തിരിച്ചുവന്ന്, എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന മറ്റൊരു ഈണം ഹാർമോണിയത്തിൽ വായിച്ച് അവതരിപ്പിക്കും.
‘എന്നോടോ നിങ്ങടെ കളി!’ എന്ന മട്ടിൽ ഒരു ചിരിയും ചിരിക്കും.
ബാബുരാജിന്റെ ഹാർമോണിയംവായന കണ്ടവർ പറയുന്നത്;
‘അഞ്ച് വിരലല്ലാ വായിക്കുന്നത്’ എന്നാണ്.
‘അദ്യശ്യമായി ഒരു ആറാംവിരൽ ഓടിനടക്കുന്നുണ്ട് ആ പാട്ടുപെട്ടിയിൽ …’
എന്ന് ഉറപ്പാണത്രേ!
റാഷിദ് പത്തറയ്ക്കൽ എന്ന റാഷി ;
ഇപ്പോഴത്തെ RJ റാഷി ,
കോഴിക്കോട് മുഴുവൻ, എന്നെ സ്കൂട്ടറിൽ കയറ്റി, കൊണ്ടുകാണിച്ചിട്ടുണ്ട് ഒരിക്കൽ.
“ഇത് കുറ്റിച്ചിറ.
ഇത് പാളയം.
ഇത് വലിയങ്ങാടി.
ഇതായിരുന്നു ബാബുക്കടെ ക്ലബ്ബ്.
എപ്പൊ വേണമെങ്കിലും പൊളിച്ചുമാറ്റാൻ സാദ്ധ്യതയുണ്ട്.
ആ കാണണ മാളികപ്പുറത്തും മെഹ്ഫിൽ ഉണ്ടായിരുന്നു.”
എന്തൊരഭിമാനമായിരുന്നു തബലിസ്റ്റ് ഉസ്മാന്റെ പേരക്കുട്ടിയ്ക്ക് പൂർവ്വപരമ്പരകളുടെ ആനന്ദവഴികൾ
എന്നോട് വർണ്ണിക്കുമ്പോൾ !
ഇരുനൂറിനടുത്ത് വയസ്സായി, കോഴിക്കോട്ടെ കല്യാണപ്പാട്ടിന് എന്നാണ്, പൂർവ്വികർ പറയുന്നത്.
ശാദുലിപ്പള്ളിയുടെ അടുത്തുള്ള ഒരു ആലിൻചോട്ടിൽ, കാമൻ്റകത്ത് മമ്മിഞ്ഞി എന്ന ആൾ, ഏതാനും ചെറുപ്പക്കാരെ ഇരുത്തി പാട്ട് പഠിപ്പിച്ച് ഉണ്ടാക്കിയ ഒരു പാട്ടുസംഘം തുടങ്ങിവെച്ച പാട്ടിന്റെ പിൻമുറക്കാരാണ്, കോഴിക്കോടിനെ പിന്നീട് സംഗീതത്തിൽ ആറാടിച്ചത് എന്നാണ് ചരിത്രം.
സംഘം പിന്നെ, രണ്ടായിപ്പിളർന്ന്, ഒപ്പനസംഘങ്ങളായി.
പരസ്പരം മത്സരമായി.
ഇവർക്കിടയിലേയ്ക്ക് നാടകവും നാടകഗാനവും
പാട്ട്, വേദിയിൽ, പാടിയഭിനയിക്കലും കടന്നുവന്നു.
സംഘങ്ങളുടെ എണ്ണം കൂടി.
ആരോഗ്യകരമായ മത്സരവും കൂടി.
അമ്പലത്തിൽ തൊഴുതിറങ്ങിയവരും അന്നന്നത്തെ പണികഴിഞ്ഞുവരുന്നവരും പള്ളിയിൽനിന്നു വരുന്നവരും
സംഗീതക്ലബ്ബുകളിലെ ഗാനലഹരി പകർന്ന നിശകളിൽ ഒന്നായലിഞ്ഞുചേർന്നു.
ജാതിയേയും മതത്തേയും സമ്പത്തിനേയും നോക്കാതെ, കഷ്ടപ്പാടുകളും രോഗങ്ങളുമെല്ലാം സംഗീതതമ്പുരാൻ തലോടിമാറ്റി.
നിലാവുദിച്ചതും;
ലാസ്യമാടിക്കൊണ്ട് പിൻനിലാവസ്തമിക്കുന്നതും അവർ
കിളിവാതിലിലൂടെ കണ്ടു.
പാതിരാക്കോഴി കരഞ്ഞതും
കുയിലുണർന്നുപാടിയതും
പാട്ടിന്റെ ഈണമായി സമയാസമയങ്ങളിൽ കേട്ടു.
സംഗീതം ഇവരെ വീടുകളിൽ നിന്നും പലായനം ചെയ്യിപ്പിച്ചു.
ഏവരും ,
സ്വസ്ഥതതേടിയലഞ്ഞ സിദ്ധാർത്ഥൻമാരായി, സംഗീതരാത്രികളിൽ കൊട്ടാരംവിട്ടിറങ്ങി.
സംഗീതത്തിൽ ബോധമുണർന്ന്, രാഗതാളവൃക്ഷച്ചുവട്ടിൽ ബുദ്ധരായിമാറി.
ഹാർമോണിയവും തബലയും ഗിറ്റാറും ബീഡിപ്പുകയും
സംഗീതം പിടികൂടിയവരുടെ,
‘അരേ വാഹ് ! വാഹ് !’ വിളികളുമാണ് മെഹ്ഫിൽ എന്ന് ഒതുക്കിപ്പറയാം.
ഇതിനപ്പുറം ആ ഇരിപ്പിനെ വർണ്ണിക്കാനാവില്ല. വർണ്ണനകൾക്കുമപ്പുറത്താണത്.
അതുകൊണ്ടാണ്, യേശുദാസ് എന്ന; ഈ നൂറ്റാണ്ടിൻ്റെ ഗായകൻ പാടിയ , ‘പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ’ എന്ന മനോഹരഗാനത്തേക്കാൾ,
പെട്ടിപ്പാട്ട് പാടുന്ന ബാബുരാജ്, മെഹ്ഫിലിൽ ഇരുന്ന് പാടിയപ്പോൾ, ആ പാട്ട് ഏറെയേറെ കേമമായത്.
‘മായാത്ത മധുരഗാന മാലിനിയുടെ കൽപ്പടവിൽ’ എന്നതിൽ, ‘കൽപ്പടവിൽ’ എന്ന ഭാഗം ബാബുരാജ് പാടുന്നതിന്,
എന്തൊരു ഭംഗിയാണ്!
എന്തു സുഗന്ധമാണ്!
കോഴിക്കോട് ഒരു ഗംഭീരഗായകൻ വന്നാൽ, അദ്ദേഹത്തെ പാടിത്തോൽപ്പിക്കാൻപറ്റിയ പാട്ടുകാരെ തിരഞ്ഞ്, മറ്റു സംഘങ്ങൾ പരക്കംപായുന്ന കാലം.
വടക്കേ ഇന്ത്യ,
കേരളനാടിനേയും മലബാറിനേയും സംഗീതവഴികളിലൂടെ അന്വേഷിച്ചുവന്നുതുടങ്ങി.
കല്യാണരാവുകൾ കലാകേന്ദ്രങ്ങളായി.
പാട്ടുകാർക്ക് വിരുന്നൊരുക്കാൻ പ്രമാണികളുടെ മാളികകൾ മത്സരിച്ചു.
ഒരിടയ്ക്ക്, ഖവാലിസംഘത്തിലെ പ്രധാനിയായ; മട്ടാഞ്ചേരിക്കാരൻ ഗുൽ മുഹമ്മദിനെ പാടിത്തോൽപ്പിക്കാൻപറ്റിയ ഒരാളെ, പലരും തേടിനടക്കുന്നതിനിടയിലാണ്, ബോംബെയിൽ കച്ചവടത്തിനുപോയ കോയസ്സൻകോയ ഒരാളെയുംകൊണ്ടു വരുന്നത്.
കേമനെന്നു പറഞ്ഞാൽ പോരാ !
കെങ്കേമൻ!
മറാഠി സംഗീതജ്ഞനായ മനോഹർ ബറുവയുടെ ശിഷ്യനാണ്.
പേര് ജാൻമുഹമ്മദ്.
പിന്നെ, കുറേ കാലം , പാട്ടുകൊണ്ട് കോഴിക്കോട് പിടിച്ചടക്കിയ ; ജാൻമുഹമ്മദിന്റെ നാളുകളായിരുന്നു.
ജാൻമുഹമ്മദിന്റെ മകനാണ് ബാബുരാജ്.
മുഹമ്മദ് സാബിർ എന്നാണ് ശരിക്കു പേര്.
കെ ടി മുഹമ്മദാണ് പേര്, ബാബുരാജ് എന്ന് ആക്കുന്നത്.
മലയാളികൾ അത് വീണ്ടും മാറ്റി, സ്നേഹത്തിന്റെ പര്യായമായ ‘ബാബുക്ക ‘ എന്നാക്കി.
അച്ഛനുമമ്മയും മരിച്ച്, ദാരിദ്ര്യത്തിന്റെ പരകോടിയിൽ , പാതയോരത്ത്, വയറ്റത്തടിച്ച് പാടുന്ന അസാദ്ധ്യ പ്രതിഭ ;
ജാൻമുഹമ്മദിന്റെ മകനാണെന്നറിഞ്ഞ കുഞ്ഞുമുഹമ്മദ് എന്ന പോലീസുകാരൻ,
മുഹമ്മദ് സാബിർ എന്ന ബാബുരാജിനെ , തന്റെ കോർട്ടേഴ്സിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
പിൽക്കാലത്ത് അബ്ദുൾഖാദർ എന്നറിയപ്പെട്ട ലെസ്‌ലിയും
നാടകപ്രാന്തനായ കെ ടിയും ഈ കോർട്ടേഴ്സിൽവെച്ചാണ് ബാബുരാജുമായി ചേരുന്നത്.
തുടർന്ന്, ‘ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബി’ലൂടെ ഇവരുടെ ജൈത്രയാത്ര ആരംഭമാവുകയാണ്.
അബ്ദുൾഖാദർ, ഭാസ്ക്കരൻമാഷിനെ ബാബുരാജിന് പരിചയപ്പെടുത്തുന്നു.
‘നീലക്കുയിലി’ൽ രാഘവൻമാഷടെ സഹായിയായി ബാബുരാജ് പ്രവർത്തിക്കുന്നു.
ഇടക്കാലത്ത് നാടുവിട്ടു ബോംബെയ്ക്കുപോയ മൂന്ന് വർഷക്കാലത്തിനിടയ്ക്ക് പരിചയപ്പെട്ട വിമൽകുമാറിൻ്റെ സഹായിയായി, ‘തിരമാല’യിലും പ്രവർത്തിച്ചു.
ആദ്യമായി സംഗീതം ചെയ്ത ചിത്രം, രാമുകാര്യാട്ടിന്റെ ‘മിന്നാമിനുങ്ങ്’ ആയിരുന്നു.
എന്നാൽ, ആ സിനിമയുടെ പ്രദർശനസമയത്ത് സംഭവിച്ച ചില സാങ്കേതിക തകരാറുകൾമൂലം സിനിമ പാളിപ്പോയി.
പ്രദർശനം നിർത്തിവെയ്ക്കേണ്ടിവന്നു.
ബാബുരാജ് വീണ്ടും കല്യാണപ്പാട്ടിലേയ്ക്ക്.
സിനിമയുടെ മോടിയും തകർച്ചയും തളർച്ചയും കൂട്ടുകെട്ടുമെല്ലാം ബാബുക്കയെ അച്ചടക്കമില്ലാത്തവനും ചെയ്ൻ സ്മോക്കറും മദ്യപനുമാക്കി എന്നാണ് പരിചയക്കാർ പറയുന്നത്.
വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ബാബുരാജിനെ തേടിയെത്തിയ അടുത്ത സിനിമ, ‘ഉമ്മ’ ആയിരുന്നു.
ഇതിലെ,
കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്ന് വിരുന്നുവിളിച്ചു,
പാലാണ് തേനാണെൻ ഖൽബിലെ
എന്നീ പാട്ടുകൾ കേരളം പാടിനടന്നു.
പിന്നെ, ‘ആനന്ദസാമ്രാജ്യ’ത്തിലെ,
ആട്ടേ പോട്ടേ ഇരിക്കട്ടെ ലൈലേ
എന്ന പാട്ടും
‘കണ്ടം ബെച്ച കോട്ടി’ലെ പാട്ടുകളും
ബാബുരാജിന്റെ, മലയാളസിനിമയിലുള്ള സിംഹാസനം ഉറപ്പിച്ചു.
ഉദ്ദേശിച്ച പാട്ട് ഗായകനിൽനിന്നും കിട്ടിയാലേ ബാബുക്ക റെക്കോഡിങ് അവസാനിപ്പിക്കൂ.
‘കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ ‘ എന്ന പാട്ട്, ഒറ്റ ടേക്കിൽ യേശുദാസ് പാടിയതും;
‘താമസമെന്തേ വരുവാൻ ‘ എന്ന പാട്ട്,
ഇതേ യേശുദാസ്, പത്തൊമ്പത് ടേക്ക് വരെ പോയതും ഏവർക്കുമറിയുന്ന സിനിമാക്കഥകൾ.
യേശുദാസിനെ കിട്ടുന്നതുവരെ, ‘ഇണക്കുയിലേ ഇണക്കുയിലേ ഇനിയെവിടെ കൂടുകൂട്ടും ‘ എന്ന പാട്ടൊക്കെ പാടിയ
പി.ബി ശ്രീനിവാസ് ആയിരുന്നു ബാബുരാജിന്റെ ഇഷ്ടഗായകൻ.
“നൗഷാദിന് റാഫിയും മദൻമോഹന് ലതയും എപ്രകാരമാണോ; അതുപോലെയാണ്, എനിക്ക് ദാസും ജാനകിയും” എന്ന്, ബാബുരാജ് തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
ബാബുക്കയുടെ സംഗീതത്തിലുള്ള ജാനകിയുടെ ആദ്യഗാനമായ
‘തളിരിട്ട കിനാക്കൾ തൻ’ പാടിക്കഴിഞ്ഞ്,
‘എങ്ങനെ നിങ്ങൾ ഇത്ര സുന്ദരമായി പാടുന്നു!’ എന്ന്, ജാനകിയോട് നേരിട്ടുതന്നെ അത്ഭുതപ്പെട്ടത്രേ ബാബുക്ക.
അപ്പോൾ ജാനകി പറഞ്ഞ മറുപടി ഇങ്ങനെ.
“ഇത്രയും സുന്ദരമായ ഈണം ഒരുക്കിത്തന്നാൽ നന്നായി പാടാതിരിക്കാൻ പറ്റുമോ !”
അഞ്ജനക്കണ്ണെഴുതി,
വാസന്തപഞ്ചമിനാളിൽ,
ഒരു കൊച്ചു സ്വപ്നത്തിൻ,
താനേ തിരിഞ്ഞും മറിഞ്ഞും,
ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന
താമരക്കുമ്പിളല്ലോ മമ ഹൃദയം,
അവിടുന്നെൻ ഗാനം കേൾക്കാൻ,
സ്വർണ്ണ വളകളിട്ട കൈകളാൽ …….
ജാനകി എതുകൊണ്ട് ബാബുക്കയ്ക്കിത്ര പ്രിയം എന്നതിന്റെ ഉത്തരമാണ് ഈ പാട്ടുകൾ.
‘അകലെയകലേ നീലാകാശം ‘ എന്ന പാട്ട് നോക്കൂ!
ഓരോ വാക്കിലും സംഗീതം!
‘അകലേ…..’ എന്നത് , എത്രയെത്ര അകലെയാണ് ആ പാട്ടിലെ പാടലിൽ !
‘അരികിലെന്റെ’ എന്നതിലെ, ‘അരികിൽ’ എന്നത് , തൊട്ടരികിലേയ്ക്കാക്കി മാറ്റിയിരിക്കുന്നു ബാബുരാജ് !
തുടർന്ന്,
‘ഹൃദയാകാശം’ എന്നതിലെ ‘ആകാശ’മെത്തുമ്പോൾ; വീണ്ടും ദൂരേയ്ക്കു പറത്തുന്നു ആകാശമെന്ന വാക്കിനെ !
യേശുദാസും ജാനകിയും എന്തുകൊണ്ട് ബാബൂക്കയ്ക്ക് പ്രിയപ്പെട്ടവർ എന്നതിന്, ഈ ഒരൊറ്റപ്പാട്ട് മതിയല്ലോ!
യൂസഫലി സിനിമയിൽ ആദ്യമായി വരികളെഴുതിയത് ബാബുരാജിന്റെ പാട്ടിനായിരുന്നു.
യേശുദാസ് ആദ്യമായി ഗാനമേളയ്ക്ക് പാടുന്നത് ബാബുക്കയുടെ ഗാനമേളയിലാണ്.
‘കുളത്തൂപ്പുഴ രവി’ എന്ന രവീന്ദ്രന് സിനിമയിൽ പാടാനവസരം കൊടുത്ത്, അറിയപ്പെട്ടവനാക്കി മാറ്റിയതും ബാബുരാജ്.
ആദ്യം അടുപ്പമില്ലാതിരുന്നിട്ടും; പെട്ടെന്നുതന്നെ, ജയചന്ദ്രനുമായും ബാബുക്ക ചങ്ങാത്തത്തിലായി.
ബാബുക്ക മരിച്ച വർഷമാണ്, സംഗീതസംവിധായകനായി, ‘ചൂള’ എന്ന സിനിമയിലൂടെ, രവീന്ദ്രന്റെ വരവ്
എന്നതും ഒരു ദൈവനിശ്ചയമാവാം.
‘ഒരു പ്രതിഭയെ ഞാനെടുക്കുന്നു. പക്ഷേ, മറ്റൊന്നിനെ തന്നിട്ടുണ്ട് ‘ എന്ന ദൈവനീതി.
തന്നേപ്പോലെത്തന്നെ,
കുട്ടിക്കാലത്തെ കഷ്ടപ്പാടും കല്യാണപ്പാട്ടും നാടകവുമായി നടന്ന മെഹ്ബൂബിനെ ,
രക്തം രക്തത്തെയെന്നപോലെ ബാബൂക്ക തിരിച്ചറിഞ്ഞ്, കൂടെ കൂട്ടി.
ആദ്യചിത്രമായ ‘മിന്നാമിനുങ്ങി’ൽത്തന്നെ,
‘കൊല്ലത്തുനിന്നൊരു പെണ്ണ് കൊയ്ലാണ്ടീലുള്ളൊരു പയ്യൻ’ എന്ന പാട്ട് മെഹ്ബൂബിനേക്കൊണ്ട് പാടിച്ചു.
തുടർന്ന്,
കണ്ടം ബെച്ചൊരു കോട്ടാണ്,
സിന്ദാബാദ് സിന്ദാബാദ് സ്വന്തം കാര്യം സിന്ദാബാദ്,
അന്നത്തിനും പഞ്ഞമില്ലാ സ്വർണ്ണത്തിനും പഞ്ഞമില്ലാ ,
എന്തൊരു തൊന്തരവ് അയ്യയ്യോ എന്തൊരു തൊന്തരവ് ,
കോയിക്കോട്ടങ്ങാടീല് കോയാക്കാന്റെ കടയില്……
തുടങ്ങി, നിരവധി പാട്ടുകൾ !
വയലാർ-ദേവരാജൻ കൂട്ടുകെട്ട്പോലെയായിരുന്നു
പി ഭാസ്കരൻ -ബാബുരാജ് കൂട്ടും.
‘പാലാട്ട് കോമനി’ലാണ് വയലാറും ബാബുരാജും ഒരുമിക്കുന്നത്.
തുടർന്ന്, അനേകം മനോഹരഗാനങ്ങൾ !
ഓ എൻ വിയും
ബിച്ചു തിരുമലയും
മങ്കൊമ്പ് ഗോപാലകൃഷ്ണനും
പൂവച്ചൽ ഖാദറുമെല്ലാം ബാബുക്കയ്ക്കൊപ്പം നല്ലനല്ല പാട്ടുകൾ മെനഞ്ഞു.
ബാബുക്കയുടെ അവസാനഗാനം, അറം പറ്റിയപോലെ ഒന്നായിരുന്നു.
‘യാഗാശ്വ’ത്തിലെ,
‘വെളിച്ചം വിളക്കണച്ചു
വെണ്ണിലാവും കൈവെടിഞ്ഞൂ’ എന്ന ഗാനമായിരുന്നു ബാബുരാജ് ചെയ്ത അവസാനത്തെ പാട്ട്.
മാമുക്കോയ ഒരു അഭിമുഖത്തിൽ ഒരിക്കൽ പറഞ്ഞുകേട്ടു;
“ബാബുക്ക മരിച്ചപ്പോൾ, ഞങ്ങൾ നാട്ടുകാർ, കുടുംബത്തിനെ ഏൽപ്പിക്കാനായി പിരിവെടുത്ത് കിട്ടിയത് അമ്പതിനായിരം രൂപയാണ്.
എന്നാൽ, ദേവരാജൻമാസ്റ്റർ മദ്രാസിൽനിന്നും വന്നത് ഒന്നരലക്ഷം രൂപയുമായാണ്! അത്രയ്ക്ക് പ്രിയപ്പെട്ടവനായിരുന്നു മാഷക്ക്, ‘ബാബുക്ക ‘ എന്ന പ്രതിഭ.”
അന്ന് ദേവരാജൻമാഷ് നടത്തിയ അനുസ്മരണസംഭാഷണം,
കേട്ടവരാരും ഒരിക്കലും മറക്കാത്ത ഒന്നായിമാറി.
ദേവരാജൻമാഷ് അന്ന് പറഞ്ഞതിങ്ങനെ.
“ഒരു സംഗീതകുടുംബത്തിൽ പിറന്നവനും
സംഗീതം ശാസ്ത്രീയമായി പഠിച്ചവനുമായ ഞാൻ ഒരു പ്രത്യേക രാഗത്തിൽ നാല് പാട്ട് ചെയ്തു.
നാലും ലോകം അംഗീകരിച്ചു.
‘ഗംഭീരം’ എന്ന്, അഭിപ്രായവും കേട്ടു.
എന്നാൽ, ഇതൊന്നും പഠിക്കാത്ത അവനും, അതേ രാഗത്തിൽ നാല് പാട്ട് ചെയ്തു.
അത് എവിടെച്ചെന്ന് നിൽക്കുന്നു എന്ന് ദൈവത്തിനുമാത്രമേ അറിയൂ!
അത്രയ്ക്ക് പ്രതിഭയായിരുന്നു അവൻ !”
ഒരുവിധപ്പെട്ട ആരെയും അംഗീകരിക്കാൻ കൂട്ടാക്കാത്ത ദേവരാജൻമാഷ് മനസ്സുകൊണ്ട് നമിക്കുന്ന ബാബുരാജ്
അപ്പോൾ എത്രയെത്ര ഉയരത്തിലാണെന്ന് ഊഹിക്കാം.
ഒരു സന്ദർഭംകൂടി പറയട്ടെ.
കേട്ട കഥയാണ്.
‘ധ്വനി’ എന്ന സിനിമ ഉണ്ടാക്കാൻ തീരുമാനിക്കുന്നതുതന്നെ,
മുഹമ്മദ്റാഫിയേക്കൊണ്ട് മലയാളത്തിൽ പാട്ട് പാടിക്കാൻവേണ്ടിയാണത്രേ!
അതിലേയ്ക്കുള്ള എളുപ്പവഴി നൗഷാദിനേക്കൊണ്ട് സംഗീതംചെയ്യിപ്പിക്കലാണ്.
എന്നാൽ, അപ്രതീക്ഷിതമായി റാഫി മരണപ്പെടുന്നു.
അങ്ങനെ,
‘ധ്വനി’ എന്ന സിനിമ നിന്നുപോകുന്നു.
എന്നാൽ, വർഷങ്ങൾക്കിപ്പുറം വീണ്ടും ‘ധ്വനി’ ഉണരുന്നു.
അണിയറ പ്രവർത്തകർ നൗഷാദിനെ കണ്ട് കാര്യം പറയുന്നു.
“റാഫി എന്ന ശബ്ദം പോയതിനാൽ, ഹിന്ദിയിൽത്തന്നെ പാട്ട് ചെയ്യാതായ ഞാൻ, മറ്റൊരു ഭാഷയിൽ ചെയ്യുന്നില്ല”
എന്ന്, നൗഷാദ് പറയുന്നു.
പലതവണയായി പലവട്ടം അപേക്ഷിച്ചു.
നിരാസംതന്നെ.
വീണ്ടും വീണ്ടും കൂടിക്കാഴ്ചകൾ .
ഒടുവിൽ, നൗഷാദ് അർദ്ധസമ്മതത്തിൽ ചോദിക്കുന്നു;
“ആരുടെയൊക്കെയാണ് ഗായകശബ്ദങ്ങൾ?”
ഉദ്ദേശിച്ച ഗായകരുടേയും ഗായികമാരുടേയും ശബ്ദങ്ങൾ, അദ്ദേഹത്തിന് അറിയാനായി , റെക്കോഡ് പ്ലേ ചെയ്യുന്നു.
യേശുദാസിന്റെ ശബ്ദത്തിനായി , ‘ഭാർഗ്ഗവീനിലയ’ത്തിലെ,
‘താമസമെന്തേ വരുവാൻ’ ആയിരുന്നത്രേ പ്ലേ ചെയ്തത്.
നൗഷാദ് പാട്ട് ശ്രദ്ധിച്ച് കേട്ടു.
ഒരിക്കൽക്കൂടി പ്ലേ ചെയ്ത് വീണ്ടും കേട്ടു.
എന്നിട്ട്
ചോദിച്ചു.
“ഇതാരാണ് സംഗീതം ചെയ്തത്?”
“കോഴിക്കോട്ടുകാരൻതന്നെയാണ്.
പേര് ബാബുരാജ്.”
“ഇദ്ദേഹം ഇപ്പോൾ ഉണ്ടോ?”
“ഇല്ല. മരിച്ചു.”
നൗഷാദ് എഴുന്നേറ്റ്,
ഭയഭക്തിബഹുമാനത്തോടെ ആ റെക്കോഡിൽ തൊട്ട് തൊഴുതത്രേ!
നൂറ്റാണ്ടുകൾക്കിടയിൽ ഭൂമി സന്ദർശിക്കാൻ വരുന്ന അപൂർവ്വരിൽ ഒരാളായ
ബാബുരാജ് എന്ന ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ.
Picture Credit: Internet