“ഒരു ശത്രു സംഹാര പുഷ്പാഞ്‌ജലി.”
“പേര്?”
“……..”
“നാള് ?”
“………..”
മിക്കവരും ചെയ്യുന്ന വഴിപാടാണ്.
മിക്ക ജ്യോത്സ്യൻമാരും നിർദ്ദേശിക്കുന്ന പരിഹാരവുമാണ്.
മിക്കവരും;
ഇത് ജ്യോതിഷി പറയുമ്പോൾത്തന്നെ, തന്റെ ശത്രുക്കളെ ഓർത്തെടുക്കും.
പകയാൽ പുകയും.
‘ഇതിൽ അവൻ / അവൾ തീരും’ എന്ന് വിശ്വസിക്കും.
ശത്രുവിനെ സംഹരിക്കലാണ് ഈ മന്ത്ര,പൂജാ പദ്ധതികളുടെ ലക്ഷ്യമെങ്കിൽ,
പേരും നാളും പറയേണ്ടത് നമ്മുടേതല്ലല്ലോ!
ശത്രുവിനെ തീർക്കാൻ ശത്രുവിന്റെ പേരും നാളും വിലാസവും ആധാർ നമ്പറുമൊക്കെ അല്ലേ മന്ത്രവാദിക്ക് പറഞ്ഞുകൊടുക്കേണ്ടത് !
ഹരിഗിരി സ്വാമികൾ ഒരിക്കൽ പറഞ്ഞു.
“നമ്മൾക്കൊരു ശത്രു നമ്മുടെ ഉള്ളിൽ വിത്ത് വീണ് ഉണ്ടായി, അയാളെത്തന്നെ ചിന്തിച്ചിരിക്കുമ്പോഴാണ് അയാൾ നമ്മുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുന്നത്.
ആ മൂർത്തിയുടെ ഭാവം ശത്രുതയാണ്.
നിങ്ങൾ സ്വയം തീരുമാനമെടുത്ത് ഒരാളെ അകത്തുകയറ്റാതെ ഒരാൾക്കും നിങ്ങളുടെ മനസ്സിൽ ഇടംപിടിക്കാൻ കഴിയില്ല.
അപ്പോൾ, ‘എനിക്കു ശത്രു ഇല്ല’ എന്നോ
‘എനിക്കും ആരുടേയും ശത്രുത ആവശ്യമില്ലാ’ എന്നോ തീരുമാനിച്ചാൽ,
മനസ്സിലെ ആ ശത്രുസിംഹാസനം ഒഴിഞ്ഞങ്ങ് കിടക്കും.
ഇല്ലാത്ത ശത്രുവിനെയോ ശത്രുതയേയോ നിഗ്രഹിക്കേണ്ട കാര്യവുമില്ലല്ലോ…”
അതായത്,
ശത്രു സംഹാരപൂജ എന്നോ
ശത്രുസംഹാര പുഷ്പാഞ്ജലി എന്നോ കാണുമ്പോൾ
നമ്മൾ മനസ്സിലാക്കേണ്ടത്,
എന്റെ മനസ്സിന്റെ കേടുമൂലം ഞാൻ സൃഷ്ടിച്ചെടുത്തതായതും;
എന്റെ സ്വസ്ഥത കളഞ്ഞു കൊണ്ടിരിക്കുന്നതായതുമായ ‘ശത്രുത’ എന്ന ഭാവത്തെയാണ് ഞാൻ നിഗ്രഹിക്കാൻ നോക്കുന്നത്.
ആൻ്റിന സെറ്റ് ചെയ്ത് ട്യൂൺ ചെയ്താൽ, സിഗ്നലുകൾ തേടിവരും എന്നപോലെയാണ് ഏത് ഭാവവും.
ശത്രുവിനെ തിരഞ്ഞ് ട്യൂൺ ചെയ്യുവാൻ പിടിപ്പിച്ച ആ ആൻ്റിനയെ വലിച്ചുപറിച്ചങ്ങ് കളഞ്ഞാൽ…….
പിന്നെ ആ റേഡിയോയിൽ ശത്രു വന്നു പാട്ട് പാടില്ല എന്നർത്ഥം.
തിരുവില്വാമല ഐവർമഠത്തിലെ രമേഷ് കോരപ്പത്ത്, ഒരാൾക്ക്, ഏതോ ജ്യോത്സ്യർ കൊടുത്തയച്ച ചാർത്തിനേപ്പറ്റി വിശദീകരിക്കുകയാണ്.
“കാമ, ക്രോധ, മോഹ, ലോഭാദികളായ ശത്രുക്കൾ വന്ന് എന്റെ ഉള്ളിലെ ജ്ഞാനമാകുന്ന സമ്പത്തിനെ മോഷ്ടിക്കാതിരിക്കാൻ എന്നെ കാക്കണം എന്നാണ് ആചാര്യസ്വാമികൾ പറഞ്ഞിരിക്കുന്നത്.
ശത്രു നിങ്ങളുടെ ഉള്ളിലാണ്. പുറത്തല്ല.
കിട്ടിയ അറിവിനെ നശിപ്പിക്കുന്നുണ്ട്.
പുതിയ അറിവ് കിട്ടാതിരിക്കാനും നോക്കുന്നുണ്ട്.
എന്താണ് ശത്രുസംഹാരം എന്നറിഞ്ഞശേഷം ചെയ്താലേ പൂർണ്ണഫലം കിട്ടൂ.
ഈ പൂജ കഴിയുന്ന ആ നിമിഷം,
നിങ്ങളിപ്പോൾ ഓർത്തിരിക്കുന്ന ആ വ്യക്തി ചോര ഛർദ്ദിച്ച് ചാവുമായിരിക്കും എന്നാണ് നിങ്ങടെ പ്രതീക്ഷയെങ്കിൽ;
കാശ് പോവുകയേ ഉള്ളൂ.
നിത്യം പൂജകളുമായി നടക്കുകയും ചെയ്യാം.”
ചുരുക്കത്തിൽ…
വഴിപാടുകളെല്ലാം അർത്ഥമറിഞ്ഞുവേണം ചെയ്യാൻ.
ഒരു ശത്രു ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്തവർ ഈ വഴിപാട് ചെയ്യാതിരിക്കുകയെങ്കിലും വേണം എന്നർത്ഥം.
Picture- from interet