അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
വയലാറിന്റെ ഓർമ്മകൾക്കു മുമ്പിൽ ആദരവോടെ
October 26, 2024 60 No Comments

“സരസ്വതീയാമം കഴിഞ്ഞൂ… ഉഷസ്സിൻ സഹസ്രദളങ്ങൾ വിരിഞ്ഞൂ …” നിർമ്മലാനന്ദസ്വാമിയോടൊപ്പം കാറിൽ യാത്രയിലാണ് . കോട്ടയത്തുപോയി മടങ്ങുകയാണ്.
സംസാരവിഷയം കവിതയിലേയ്ക്കും യുക്തിവാദത്തിലേയ്ക്കും വയലാറിലേയ്ക്കുമെത്തി.

“ഒരു വിശ്വാസിയല്ലാതിരുന്നിട്ടും വയലാർ അങ്ങനെ എഴുതി”
എന്ന് ഞാൻ പറഞ്ഞതിന്, സ്വാമിജി ഇങ്ങനെ എതിർവാദം നൽകി.

“വയലാർ ഒരു അവിശ്വാസിയൊന്നുമായിരുന്നില്ലെന്നതിന് തെളിവായി, ‘സരസ്വതീയാമം കഴിഞ്ഞു’ എന്ന പാട്ടും ‘സർഗ്ഗസംഗീതം’ എന്ന കവിതയുംമാത്രം പോരേ !”

പറയുന്നത് നിർമ്മലാനന്ദസ്വാമി !
ഈ കാലഘട്ടത്തിലെ പണ്ഡിതരിൽ രാജൻ.
ആകാശത്തിനു കീഴെയുള്ള എന്തുമറിയാം.
അങ്ങനെ വെറുതെ കേട്ടു തള്ളേണ്ട ഒന്നല്ല സ്വാമിജിയുടെ ഈ അഭിപ്രായം.

“ആരന്തർമുഖമി പ്രപഞ്ച പരിണാമോത്ഭിന്ന
സർഗ്ഗക്രിയാസാരം തേടിയലഞ്ഞു പ-
ണ്ടവരിലെ ചൈതന്യമെൻ ദർശനം” എന്നാണ് സർഗ്ഗസംഗീതത്തിന്റെ തുടക്കത്തിലേ ഉള്ളത് !

ശരിയാണ്.
ഒരു ഭാരതീയ ദർശനം തള്ളിത്തിരക്കിനിൽക്കുന്നുണ്ട് !
ഞാൻ , സ്വാമിജി പറഞ്ഞ ‘സരസ്വതീയാമം കഴിഞ്ഞൂ’ എന്ന പാട്ടിന്റെ പുറകേ കൂടി.

‘അനാവരണം’ എന്ന ചിത്രത്തിലെ ഗാനം .
വയലാർ എഴുതി , ദേവരാജൻ ഈണമിട്ട് , യേശുദാസ് പാടിയ പാട്ട് .

സരസ്വതീയാമത്തെ വർണ്ണിക്കുന്ന പാട്ടായതിനാൽ; സരസ്വതീരാഗത്തിൽത്തന്നെ ഗാനം ചിട്ടപ്പെടുത്തിയ ദേവരാജൻമാഷെ, ആദ്യമേ , മനസ്സിൽ ഒന്ന് നമസ്ക്കരിക്കട്ടെ.

പലവട്ടം കേട്ട് , വരിയും ഈണവും ഹൃദിസ്ഥമെങ്കിലും ;
ഏറെ ഇഷ്ടമെങ്കിലും ;
ദർശനം അഥവാ ദേവതാവിശ്വാസം എന്ന മട്ടിലൊന്നും ഞാൻ അന്വേഷിച്ചുപോകാത്തൊരു പാട്ടാണ്.

നിധികൾ ഒളിപ്പിച്ചുവെച്ച ഗാനം !
അർത്ഥമേറിയ വാക്കുകളുടെ മുത്തുകൾ കോർത്ത ഈ ഗാനം അർത്ഥമറിയാൻ ശ്രമിക്കുംതോറും എന്നെ കോരിത്തരിപ്പിച്ചു.

ആദ്യവരി ,
‘ സരസ്വതീയാമം കഴിഞ്ഞൂ ….’
എന്നാണ്.

ഒരു ദിവസം എന്നത് എട്ട് യാമങ്ങളാണ്.
ദിവസത്തിലെ ഇരുപത്തിനാല് മണിക്കൂറിനെ എട്ടാക്കി ഭാഗിച്ചാൽ, ഒരു യാമം, മൂന്ന് മണിക്കൂർ എന്ന് പറയാം.
ഓരോ യാമവും ഓരോ ലക്ഷ്മിയുടെ പേരിൽ അറിയപ്പെടുന്നു.

വിദ്യാലക്ഷ്മീയാമം, ധനലക്ഷ്മീയാമം, ആദിലക്ഷ്മീയാമം, ധാന്യലക്ഷ്മീയാമം, ഗജലക്ഷ്മീയാമം, സന്താനലക്ഷ്മീയാമം, വീരലക്ഷ്മീയാമം, വിജയലക്ഷ്മീയാമം എന്നിങ്ങനെ.

പ്രകൃതിയിൽ, അതാത് യാമങ്ങളിൽ, ലക്ഷ്മീദേവിയുടെ ഈ പ്രത്യേക ഭാവങ്ങൾ ഉയർന്നുനിൽക്കുന്നു എന്ന് സാരം.

ആദ്യയാമം ആരംഭിക്കുന്നത് സൂര്യോദയത്തിന് ഏഴര നാഴിക മുമ്പ്.
അതായത്, സൂര്യോദയത്തിന് മൂന്ന് മണിക്കൂർ മുമ്പ്.

‘ഏഴരവെളുപ്പിനുണർന്നു’ എന്ന പ്രയോഗത്തിന്റെ അർത്ഥം; ഇതുവരെയും മനസ്സിലാകാത്തവർക്ക് ഏതാണ്ട് പിടികിട്ടിക്കാണും എന്നു കരുതുന്നു.

സൂര്യൻ കാലത്ത് ആറിന് ഉദയമെങ്കിൽ; ആദ്യയാമം പുലർച്ച മൂന്നിന് ആരംഭിക്കുമെന്നർത്ഥം.
ഈ ആദ്യയാമത്തിന്റെ പേരാണ് സരസ്വതീയാമം.
അതായത്, വിദ്യാലക്ഷ്മിയുടെ യാമം.
ലക്ഷ്മിയുടെ , ‘വിദ്യ’ എന്ന ഐശ്വര്യഭാവം, പുറത്തെ പ്രകൃതിയിലും (ബ്രഹ്മാണ്ഡം)
നമ്മുടെ അകത്തെ പ്രകൃതിയിലും (പിണ്ഡാണ്ഡം)
ഉയർന്നുനിൽക്കുന്ന സമയമാണ് ‘വിദ്യാലക്ഷ്മീയാമം ‘ എന്ന ഈ പുലർച്ചസമയം.

ഈ യാമത്തിലാണ് ബ്രാഹ്മമുഹൂർത്തം കിടക്കുന്നത്.

അതായത്, സരസ്വതീയാമം തുടങ്ങിയാൽ ; ബ്രാഹ്മമുഹൂർത്തവും തുടങ്ങും.
രണ്ടും തുടങ്ങുന്നത് ഒപ്പമാണ്.
ഉദയത്തിന് നാൽപ്പത്തിയെട്ട് മിനിറ്റ് മുമ്പുവരെ ഈ ബ്രാഹ്മമുഹൂർത്തം ഉണ്ട്.

ഈ സമയത്ത്, സൃഷ്ടികർത്താവായ ബ്രഹ്മാവ്, സൃഷ്ടിക്കുവേണ്ടി ഉണർന്നിരിക്കുന്നതിനാൽ, ഈ സമയത്തിന് ‘ബ്രാഹ്മമുഹൂർത്തം ‘ എന്ന് പേര്.

സ്വാഭാവികമായും ; ധർമ്മപത്നിയായ സരസ്വതിയും അപ്പോൾ ഉണർന്നിരിക്കും.
അതുകൊണ്ടുതന്നെ, സരസ്വതീയാമവും; അതിലെ ബ്രാഹ്മമുഹൂർത്തവും; പഠനംനടത്താനും കലാസൃഷ്ടികളൊരുക്കാനും ഏറ്റവും നല്ല സമയം.

സന്ധ്യയ്ക്ക് ഏതാണ്ട് ആറ് മണിമുതൽ ഒൻപത് മണിവരെയുള്ള സന്താനലക്ഷ്മീയാമമാണ് രാത്രിയിലെ ആദ്യയാമം.
ആയതിനാൽ,
സരസ്വതീയാമത്തെ രാത്രിയുടെ അന്ത്യയാമം എന്നും ; രാത്രിയുടെ നാലാംയാമം എന്നും കവികൾ വിശേഷിപ്പിക്കാറുണ്ട്.

അങ്ങനെയുള്ള ‘സരസ്വതീയാമം കഴിഞ്ഞൂ ‘ എന്ന് പറഞ്ഞാൽ, അതിനർത്ഥം ,
നേരം പുലർന്നു എന്നാണ്.

അടുത്ത വരി,
‘ഉഷസ്സിൻ സഹസ്രദളങ്ങൾ വിടർന്നൂ …’
എന്നാണ്.

ഒറ്റവാക്കിലർത്ഥം പറഞ്ഞാൽ ഉഷസ്സ് എന്നത് പ്രഭാതം.
പക്ഷേ, എഴുതിയത് വയലാറാണ്.
ഈ പാട്ടിലേയ്ക്ക് എന്നെ നയിച്ചത് സ്വാമിജിയും.
അപ്പോൾ , അതിനപ്പുറം അർത്ഥമേറെക്കാണും ഈ ഉഷസ്സിന്.

‘ഉഷസ്സ്’ എന്നത് പ്രഭാതദേവതയാണ്.
ദ്യോവിന്റെ പുത്രിയാണ്.
ദ്യോവ് എന്നാൽ, സ്വർഗ്ഗമെന്നും ആകാശമെന്നും അർത്ഥം.
അതായത്, സ്വർഗ്ഗപുത്രിയായ പ്രഭാതദേവതയുടെ സഹസ്രദളങ്ങൾ വിടർന്നൂ എന്നാണ്.

ഈ ഉഷസ്സ് , രാത്രിയുടേയും ആദിത്യൻമാരുടേയും സഹോദരികൂടിയാണ്.

ആദിത്യൻമാരോ !?
ആദിത്യൻ എന്ന് പോരേ ?

പോരാ.

ദേവമാതാവുകൂടിയായ അദിതിയ്ക്കാണ് , പശുക്കളേയും കുഞ്ഞുങ്ങളേയും സംരക്ഷിക്കാനും അനുഗ്രഹിക്കാനും അർഹത കല്പിച്ചുകിട്ടിയിട്ടുള്ളത്.

അമേയമായ സ്വർഗ്ഗമാണ് അദിതി.

അദിതി ആകാശത്തിന്റെ അധിദേവതയാണ്.

ഭൂമിയെ താങ്ങിനിൽക്കുന്നവളുമാണ് അദിതി.

ഈ അദിതിയുടെ പന്ത്രണ്ട് മക്കളാണ് ആദിത്യൻമാർ .

ഈ , പന്ത്രണ്ട് ഭാവങ്ങളുള്ള സൂര്യൻമാർക്കാണ് , പന്ത്രണ്ട് മാസങ്ങളിൽ, മാറിമാറി , പ്രപഞ്ചത്തിനെ ഉണർത്താനുള്ള ഉത്തരവാദിത്തം.

ആ ആദിത്യൻമാരുടേയും രാത്രിയുടേയും ഇടയ്ക്ക് പിറന്ന നേർപെങ്ങളാണ് ഈ ഉഷസ്സ് !
അതായത്, സഹസ്രദലങ്ങൾ വിടർത്തിയ ;
വയലാർ പറഞ്ഞ ഉഷസ്സ്.

‘സഹസ്രദളം’ എന്നത് , ഏറ്റവും വിശേഷപ്പെട്ട താമരയാണ്.
ദേവതകളുടെ ഇരിപ്പിടമാണത്.
ഹൃദയകമലവും ഇപ്രകാരം സഹസ്രദളപത്മംതന്നെയെന്ന് തത്ത്വചിന്തയും പറയുന്നു.

പാട്ടിലെ വരിയ്ക്ക്, ആയിരം ഇതളുള്ള താമരയിൽ ഉഷസ്സെന്ന ദേവി പ്രത്യക്ഷമായി എന്നർത്ഥം കൊടുക്കാം.
ഏറ്റവും ഗാംഭീര്യമുള്ള ഇരിപ്പും;
പ്രത്യക്ഷമാകലുമാണ് അത്.

ഇനി,
‘വെൺകൊറ്റക്കുട ചൂടും
മലയുടെ മടിയിൽ വെളിച്ചം ചിറകടിച്ചുണർന്നൂ …’
എന്ന വരിയെടുത്താൽ …..

‘വെൺ’ എന്നാൽ, വെളുത്ത എന്നർത്ഥം.
‘കൊറ്റൻ’ എന്നാൽ രാജാവ്.
‘വെൺകൊറ്റക്കുട’ എന്ന ആ വെളുത്ത കുട ഒരു രാജചിഹ്നമാണ്.
അപ്പോൾ , ‘വെൺകൊറ്റക്കുട ചൂടിയ മല’ എന്നത് , രാജാവാകുന്നു.
സൂര്യൻ ഇവിടെ, രാജാവായ മല ചൂടിയ വെൺകൊറ്റക്കുടയാവുന്നു.
ആ മലയുടെ മടിയിൽ വെളിച്ചം ചിറകടിച്ചുണർന്നു എന്നാണ് വയലാർ എഴുതിയിരിക്കുന്നത്.

പ്രത്യക്ഷ അർത്ഥവുംവിട്ട് , വേറെ വഴിക്ക് പോയാൽ , ആ മടിയിൽ ഒരു സർഗ്ഗസൃഷ്ടി നടന്നിരിക്കുന്നു എന്നും അർത്ഥം ലഭിക്കും.

അഗ്നികിരീടം ചൂടിക്കൊണ്ട് , കുതിരപ്പുറത്തേറി , ലോകം വെട്ടിപ്പിടിച്ച ;
ആ അങ്കം ജയിച്ചുവന്ന് , വെന്നിക്കൊടി പാറിച്ച കാലമേ…,
തേരിൽവരുന്ന ഈ ഉഷസ്സിനെ തറവാട്ടിലേയ്ക്ക് എതിരേൽക്കുമ്പോൾ പരമ്പരപരമ്പരകൾ ഉറങ്ങിക്കിടക്കുന്ന തറവാട്ടിലെ അസ്ഥിമാടങ്ങൾ സ്പന്ദിക്കുമോ …
എന്നാണ് കവി പിന്നിടുള്ള വരികളിൽ ചോദിക്കുന്നത്.

ഇത് , പ്രണയമെന്ന അർത്ഥത്തിൽ എടുത്താൽ ;
ശ്രേഷ്ഠയെങ്കിലും ; അവളെ എന്റെ കേമരായ പൂർവ്വികർ അംഗീകരിക്കുമോ
എന്ന ആശങ്കയാകാം;
വരികളിൽ ഒളിഞ്ഞുകിടക്കുന്നതും;
സിനിമയിൽ ആവശ്യമുള്ളതുമായ അർത്ഥം.

അതിനുമപ്പുറത്തേയ്ക്ക് അർത്ഥംചികഞ്ഞാൽ, കൗളമാർഗ്ഗത്തിലോ സമയാചാരത്തിലോ സഞ്ചരിച്ച ഒരു ഉപാസകൻ, തന്റെ പരമ്പരയിലെ മുൻ ഉപാസകരെവരെ അത്ഭുതപ്പെടുത്തുന്നതിന്റെ ഒരു ചിത്രവും ലഭിക്കുന്നു.

കാലത്തെ ജയിച്ച്, അഗ്നികിരീടം ചൂടി, അശ്വാരൂഢനായി പുതുതലമുറയിലെ സാധകൻ കടന്നുവരുമ്പോൾ;
തറവാട്ടിലെ, ഈ വഴിക്കെല്ലാം ഒരുകാലത്ത് പോയവരായ പൂർവ്വികർ ഇപ്പോൾ ഉറങ്ങുന്ന ആ അസ്ഥിമാടം ആനന്ദത്താൽ സ്പന്ദിക്കുന്നതിനേക്കുറിച്ചുമാവാം സൂചന;
ഉപാസനാക്രമത്തിൽ ആലോചിച്ചാൽ.

‘മുത്തുടവാൾ മുനയാലേ
നെറ്റിയിൽ കുങ്കുമം ചാർത്തി …’

മുത്തുകെട്ടിയ ഉടവാൾ.
‘ഉട’യിൽ; അഥവാ, അരയിൽ ധരിക്കുന്ന മുത്തുകെട്ടിയ വാൾ എന്നത് മറ്റൊരു രാജചിഹ്നമാണ്.

തേരേറി , തറവാട്ടിൽ വന്ന ഉഷസ്സാകുന്ന ദേവിയെ , യുദ്ധവീര്യത്തോടെത്തന്നെയാണ് സ്വീകരിക്കുന്നത്.
വാൾകൊണ്ട് നെറ്റിയിൽ കുങ്കുമം ചാർത്തിക്കൊണ്ട്!

ചുവന്നുതുടുത്ത സൂര്യൻ കൈരളിപ്രകൃതിയുടെ സീമന്തരേഖയിൽ തെളിഞ്ഞു
എന്നും നമ്മൾക്ക് അർത്ഥമെടുക്കാം.

‘കൈരളി കച്ച മുറുക്കിനിന്ന കളരികൾ’ എന്നത് , പ്രകൃതിവർണ്ണനയിലേയ്‌ക്കെടുത്താൽ ,
മലയുടെ അരയിൽ ചുറ്റിയ കച്ചയായി , പുഴയൊഴുകുന്നതാകാം.
കതിർ അഥവാ പ്രകാശം വാരിവിതറിയാണ് ഉഷസ്സ് നിൽക്കുന്നത്.
വലിയൊരങ്കത്തിന് പോകുംമുൻപ്, അങ്കത്തയ്യാറെടുപ്പായി, ഇനിയും ചുറ്റാൻ നീളമേറെയുള്ള കച്ചയായി പുഴ !

നായകൻ തുടങ്ങാൻപോകുന്ന യുദ്ധത്തിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, പറയിൽ നിറച്ചുവെച്ച കതിര് വാരിയെറിയുന്ന; കച്ചമുറുക്കിയ നായികയോട് ,
‘ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടോ ?’
എന്ന ചോദ്യവുമാവാം.

ഇത്രയും കഴിഞ്ഞ്,
ഇനി , മറ്റൊരർത്ഥമെടുത്താൽ,
ഒരു ഉപാസകന്റെ കുണ്ഡലിനി , ദേവതാസാധനയ്ക്കിടയിൽ ഉണർന്ന്, മുകളിലേയ്ക്കുദിച്ച്, സഹസ്രാരപത്മം ഭേദിച്ച് പുറത്തുവരുന്ന ;
ഭക്ത – ദേവതാ യുദ്ധവുമാകാം.
അതായത്, ഭക്ത – ദേവതാ സംഗമംതന്നെ ഈ യുദ്ധം.

നിർമ്മലാനന്ദസ്വാമി പറഞ്ഞതെത്ര ശരി !
ഭാരതീയദർശനങ്ങളിലെ ആഴത്തിലുള്ള അറിവുതന്നെയാണ് വയലാറിന്റെ എഴുത്തിലെ ബലം.

പ്രണയവും കാമവുംമാത്രം അർത്ഥമായെടുത്താൽ ,
ഒരുവട്ടം, രാവിൽ ഇണചേർന്നശേഷം, അരക്കച്ചയുടുക്കുവാൻതുനിഞ്ഞ നായികയോട് , ഒരിക്കൽക്കൂടി ഇണചേരാനുള്ള ക്ഷണിക്കലുമാവാം
‘ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ ?’
എന്ന ചോദ്യം.

പ്രകൃതിവർണ്ണനയാണോ
ഉപാസനക്രമമാണോ
മണിപ്രവാളശൃംഗാരമാണോ ഇതെഴുതിവെച്ചിരിക്കുന്നതെന്ന് ഒരാൾ ആശ്ചര്യപ്പെട്ടാൽ ,
‘നിങ്ങൾക്കു വേണ്ടതെടുക്കാം’ എന്നൂറിച്ചിരിക്കുന്ന
വയലാറിനെ ,
കവിയെന്നു വിളിക്കണോ
ഉപാസകൻ എന്നു വിളിക്കണോ ഏറെയിഷ്ടത്തോടെ,
കള്ളനെന്ന് വിളിക്കണോ
എന്നറിയാതെ ,
ഞാൻ , മേലാകെ പൊട്ടിത്തരിച്ചുനിന്നു.

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.