രണ്ട് സാമ്രാജ്യങ്ങളുടെ ചക്രവർത്തിയായിരുന്നു രാഘവൻമാഷ്.
തൊണ്ണൂറ് വയസ്സിനുശേഷവും ശാസ്ത്രീയഗാനകച്ചേരികളിൽ അതിഗംഭീരമായിത്തന്നെ കച്ചേരി പാടിയ മാഷ്, ശാസ്ത്രീയനിയമങ്ങളാൽ ചിട്ടപ്പെടുത്തിയ രാജ്യത്തെ പ്രബലനായ ചക്രവർത്തി ആയിരുന്നു.
അതോടൊപ്പം,
‘ഈ നൂറ്റാണ്ടിന്റെ’ എന്നും ;
‘സാധാരണക്കാരന്റെ’ എന്നും പറയുന്ന കലയായ സിനിമയിൽ, ഏറ്റവും ലളിതമായി സംഗീതം കൈകാര്യംചെയ്തപ്പോൾ; രാഘവൻമാഷ് ജനകീയസംഗീതസാമ്രാജ്യത്തിൻ്റെയും ചക്രവർത്തിയായി.
ഇതിലേറെ,
പാട്ടിനെ മൃദുലവും ലളിതവുമാക്കാൻ കഴിയില്ലെന്ന്;
സിനിമാസംഗീതസാമ്രാജ്യത്തിലെ ജനങ്ങൾക്കെല്ലാം ബോദ്‌ധ്യപ്പെട്ട്,
നമ്മൾ, ചക്രവർത്തിയെ ഏറെ ബഹുമാനത്തോടെ സ്നേഹിക്കുകയും ചെയ്തു.
ശാസ്ത്രീയാധിക്യത്തിൽനിന്നും സിനിമാഗാനങ്ങളെ രാഘവൻമാഷ് മോചിപ്പിച്ചു.
‘എന്തിനാണിങ്ങനെ കടമെടുത്ത ഈണങ്ങൾ !?
മലയാളത്തിന് സ്വന്തമായി, മണ്ണിന്റെ മണമുള്ള ഈണങ്ങൾ ഏറെയേറെയുണ്ടല്ലോ ‘
എന്ന്, മാഷ് സ്വയം ചോദിച്ചു.
ഈ ചോദ്യത്തിനൊപ്പം പ്രവർത്തിക്കുകയും ചെയ്ത്, അദ്ദേഹം ഗാനശില്പങ്ങളൊരുക്കി.
അതുകൊണ്ടാണ് ഓ.എൻ വി പറഞ്ഞത്,
‘രാഘവൻമാഷ് മലയാളത്തിലെ നാടോടിപ്പാട്ടുകൾക്ക് ക്ലാസിക്കൽസംഗീതത്തോടൊപ്പം അംഗീകാരം നേടിക്കൊടുത്തു ‘ എന്ന്.
സംഗീതപാരമ്പര്യം ഒട്ടും ഇല്ലാതിരുന്ന കുടുംബത്തിലായിരുന്നു ശ്രീ കെ രാഘവൻ ജനിച്ചത്.
കണ്ണൂരിലെ തലശ്ശേരിയിൽ, തലായി എന്ന സ്ഥലത്താണ് ജനനം.
ഫുട്ബോൾകളിക്കാരനാവാനായിരുന്നു ആഗ്രഹം.
‘ബോംബെ കാൾടാക്സിൻ്റെ തലശ്ശേരിക്കാരൻ ഫോർവേഡ് ഒരു ചാട്ടുളിയാണ് ‘
എന്ന പ്രശസ്തിയിലേയ്ക്ക് അന്ന് കെ രാഘവൻ എത്തിയതുമാണ്.
കാൽപ്പന്തുകളിയുടെ മൈതാനത്തിലെ,വേഗമേറിയ കയറിക്കളിക്കുന്നവൻ ആയിരുന്നു കെ രാഘവൻ.
പക്ഷേ,
ജഗദീശ്വരൻ,
‘രാഘവൻ’ എന്ന തന്റെ ഉണ്ണിയെ കാണാനാഗ്രഹിച്ചത് കലാകാരനായിട്ടായിരുന്നു.
അങ്ങനെയൊരുനാൾ ഫുട്ബോൾപ്രേമം ഉപേക്ഷിച്ച്, ശ്രീ രാഘവൻ, സിനിമാനടനാവാൻ ശ്രമമാരംഭിച്ചു.
എന്നാൽ,
പഠിക്കുന്ന കാലത്തുതന്നെ കെ രാഘവനെ തിരിച്ചറിഞ്ഞൊരു അദ്ധ്യാപകനുണ്ടായിരുന്നു.
ശ്രീ സുബ്രഹ്മണ്യഅയ്യർ.
അദ്ദേഹം പറഞ്ഞു;
“രാഘവാ , നിന്റെ വഴി ഇതൊന്നുമല്ല.
നീ സംഗീതം പഠിച്ചാൽ; നിന്നെ ലോകമംഗീകരിക്കും.”
അങ്ങനെ, കാലപ്രവാഹിനിയുടെ ഒഴുക്കിൽ, ശ്രീ രാഘവൻ, പി എസ് നാരായണയ്യരുടെ കീഴിൽ ശാസ്ത്രീയസംഗീതം പഠിക്കാനെത്തുന്നു.
അയ്യരുടെ ശിക്ഷണത്തിൽനിന്നു കിട്ടിയ ശീലമായിരിക്കാം; മ്യൂസിക് നൊട്ടേഷനുകളൊക്കെ തമിഴിലായിരുന്നു രാഘവൻമാഷ് എഴുതിയിരുന്നത്.
വായ്പ്പാട്ടും കീബോർഡും തബലയും നന്നായി കൈകാര്യംചെയ്ത ശ്രീ കെ രാഘവൻ, കാലങ്ങൾക്കുശേഷം മുൻപത്തെ അദ്ധ്യാപകനെ കാണുന്നു.
അതായത്, ശ്രീ സുബ്രഹ്മണ്യഅയ്യരെ.
അദ്ദേഹം ഇഷ്ടത്തോടെ ചേർത്തുപിടിച്ച് പറഞ്ഞു;
“ഒടുവിൽ നീ എത്തേണ്ടിടത്തെത്തിയതിലും; ഇപ്പോൾ
എന്നെത്തേടിവന്നതിലും ഏറെ സന്തോഷം.”
‘കായലരികത്ത് വലയെറിഞ്ഞപ്പൊ വള കിലുക്കിയ സുന്ദരീ ‘
എന്ന് പാടാത്ത തലമുറയില്ല.
അപ്പോൾ ചിലർ തർക്കിച്ചേയ്ക്കും;
‘അതിന് കാരണം ഭാസ്കരൻമാഷടെ വരികളാണെ’ന്ന്.
ഒരു തർക്കവുംകൂടാതെ രാഘവൻമാഷ് ഇങ്ങോട്ടു പറഞ്ഞ കാര്യമാണത്.
‘ഭാസ്ക്കരൻമാഷില്ലെങ്കിൽ ഞാനുണ്ടാകുമായിരുന്നില്ല’
എന്ന്, രാഘവൻമാഷ് എന്തൊരിഷ്ടത്തിലാണ് അഭിമുഖത്തിൽ പറഞ്ഞത്!
‘ഭാസ്ക്കരൻമാഷ്’ എന്നല്ല രാഘവൻമാഷ് പറഞ്ഞത്.
‘ചണ്ടസായ്‌വില്ലെങ്കിൽ ഞാനില്ല’
എന്നായിരുന്നു.
‘ചണ്ടസായ്‌വ്’ എന്നത് , രാഘവൻമാഷ് മാത്രം വിളിച്ച പേര്.
പേരിന്റെ പിന്നിലെ കഥയും കവിതയും മാഷക്കുമാത്രമറിയാം.
‘മലയാളസിനിമാപ്പാട്ടിന്റെ പിതാവാര് ?’
എന്ന്, ആരെങ്കിലും ചോദിച്ചാൽ,
ധൈര്യമായി പറയാം;
‘ചോദ്യത്തിൽ ചെറിയ തിരുത്ത് വേണം’ എന്ന്.
‘പിതാക്കൾ എന്നറിയപ്പെടുന്നവർ ആരൊക്കെ?’ എന്നെങ്കിൽ;
അത്, പി.ഭാസ്ക്കരനും കെ രാഘവനുംതന്നെ.
ജീവിതയാത്രയിൽ കെ രാഘവൻ ആകാശവാണിയിലെ ജീവനക്കാരനാകുന്നു.
പി ഭാസ്ക്കരൻ, ഉറൂബ്, തിക്കോടിയൻ, തുടങ്ങിയവർ കെ രാഘവന്റെ സഹപ്രവർത്തകരുമാവുന്നു.
‘കതിരുകാണാക്കിളി’യാണ് ആദ്യമായി സംഗീതം ചെയ്ത ചിത്രം.
രണ്ടാമത് ചെയ്തത്, ‘പുള്ളിമാൻ.’
രണ്ടു സിനിമയും പുറത്തിറങ്ങിയില്ല
ഒരു ഗവൺമെന്റ് ജോലിക്കാരൻ പുറത്തുപോയി സംഗീതംചെയ്യുന്നതിലെ നിയമതടസ്സത്തെ മറികടക്കാൻ, ‘റബേക്ക’ എന്ന സിനിമയിൽ ‘മോളി’ എന്ന പേരിലും
‘കാക്കത്തമ്പുരാട്ടി’ എന്ന സിനിമയ്ക്ക്
‘രഘുനാഥൻ’ എന്ന പേരിലും കെ രാഘവൻ സംഗീതം ചെയ്തു.
‘മുറപ്പെണ്ണ്’ എന്ന സിനിമയ്ക്ക് സംഗീതം ചെയ്യാൻ വിളിച്ചപ്പോൾ, നിയമതടസ്സങ്ങളുടെ നൂലാമാലകൾ ആലോചിച്ച് മാഷ് പറഞ്ഞു;
“ഞാൻ ചെയ്യുന്നില്ല.
പകരം, മിടുക്കനായ ഒരാളെ ഞാൻ തരാം.”
ഇപ്രകാരം, മലയാളത്തിനു കിട്ടിയ സംഗീതജ്ഞനാണ് ബി എ ചിദംബരനാഥ്.
ഇതൊക്കെത്തന്നെയാവും ശ്രീ അക്കിത്തം, രാഘവൻമാഷേപ്പറ്റി ഇങ്ങനെ പറയാൻ കാരണം.
“താൻ കാരണം മറ്റുള്ളവർക്ക് നല്ലത് വരുന്നതിൽ ഏറെ സന്തോഷമുള്ള ഒരാളാണ് കെ രാഘവൻ.”
‘മാനസ സഞ്ചരരേ’ എന്ന കീർത്തനത്തെ എടുത്ത്, ‘ആത്മവിദ്യാലയമേ’ എന്നാക്കി മാറ്റിയെടുത്ത സംഗീതമായിരുന്നു ആദ്യകാല മലയാളസിനിമാഗാനങ്ങൾ.
അതല്ലെങ്കിൽ, പ്രശസ്തമായ ഹിന്ദിപ്പാട്ടിന്റെ ഈണമെടുത്ത്, വരികൾ എഴുതിച്ചേർത്ത് സൃഷ്ടിക്കുന്ന പാട്ടുകൾ.
ഈ, പകർപ്പെടുത്ത് പാട്ടെന്നവകാശപ്പെട്ടൊരു കാലത്തേയും ഒരു കലാലോകത്തേയും
അതിൽനിന്നും മോചിപ്പിച്ചെടുത്തത് രാഘവൻമാഷാണ്.
പിറന്ന മണ്ണിൽച്ചവുട്ടി വിറയ്ക്കാതെ നിൽക്കാൻ,
മലയാളസിനിമാസംഗീതലോകത്തിനെ പഠിപ്പിച്ചത് രാഘവൻമാഷാണ്.
‘നീലക്കുയിൽ’ എന്ന ചിത്രത്തിലൂടെ, ആദ്യമായി,
മലയാളികൾ
കെട്ടിലും മട്ടിലും മലയാളം പാട്ടുകൾ കേട്ടു.
മണവും നിറവും കേരളമണ്ണിന്റേതായ പാട്ടുകൾ!
അങ്ങനെ, മലയാളസിനിമാചരിത്രം,
‘നീലക്കുയിലിനുമുമ്പ്’ എന്നും ;
‘നീലക്കുയിലിന് ശേഷം’ എന്നും
സ്വയം അടയാളപ്പെട്ടു .
നീലക്കുയിലിലൂടെ, മനോഹരമായ ഒമ്പത് പാട്ടുകളും
പ്രതിഭാധനരായ ഏഴ് പാട്ടുകാരും മലയാളസിനിമാവേദിയിലെത്തി.
ചിട്ടയുള്ള ജീവിതമായിരുന്നു രാഘവൻമാഷുടേത്.
ബ്രാഹ്മമുഹൂർത്തത്തിനും മുമ്പേ എഴുന്നേറ്റ്, കുളിയൊക്കെ കഴിഞ്ഞ്, പുലർച്ചയ്ക്കുമുമ്പേ കമ്പോസിങ് കഴിക്കും.
റെക്കോഡിങ് മാത്രം ലോകനിയമങ്ങൾക്കനുസരിച്ച്.
‘പ്രഭാതത്തിന്റെ ആ സുഖവും തെളിമയും മണവുമെല്ലാം ഒരു പാട്ടിലെങ്ങനെ!’ എന്നതിന്റെ ഉത്തരം,
മാഷ് ഈണമിട്ട
പാട്ടുകളിൽത്തന്നെ കാണാം.
‘ഉണരുണരൂ……. ഉണ്ണിപ്പൂവേ’
എന്ന പാട്ടൊന്ന് ഓർത്താൽമാത്രം മതി; പുറത്തുള്ള പ്രകൃതി എത്ര ശുദ്ധമായാണ് നമ്മുടെ ഉള്ളിലെ പ്രകൃതിയിൽ, ശീലങ്ങളിലൂടെ കലരുന്നത് എന്നറിയാൻ.
പുലരിയെ അത്രയേറെ സ്നേഹിച്ച രാഘവൻമാഷ്, ഈണമിടാൻ തിരഞ്ഞെടുത്ത സമയംതന്നെയായിരുന്നു; ഈശ്വരനോട് കൂടുതലടുക്കാനായുള്ള യാത്രയ്ക്കും തിരഞ്ഞെടുത്തത്.
തൊണ്ണൂറ്റിഒമ്പതാം വയസ്സിൽ, മരണത്തിനായി അദ്ദേഹം എടുത്ത സമയവും പുലർച്ച അഞ്ച് മണി!
തിളക്കമേറിയ ഗ്രാമവാസിയുടെ സ്വഭാവം.
വൃത്തിയുള്ള വസ്ത്രം.
തെളിഞ്ഞ സംസാരം. ധാരാളം തമാശകൾ പറയും.
അതുപോലെ മറ്റുള്ളവർ പറയുന്ന തമാശകൾ ആസ്വദിക്കും.
ഏത് പ്രായക്കാരുമായും കൂട്ടാവും
റെക്കോഡിങ് വേളയിൽപ്പോലും ആരോടും ദേഷ്യപ്പെടില്ല. ശബ്ദമുയർത്തില്ല.
ആരെ കണ്ടാലും നിറഞ്ഞ പുഞ്ചിരിയോടെ എതിരേൽക്കും.
ഇനി,
‘എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലിൽ!?’ എന്ന വരിയൊന്ന് ഓർത്തുനോക്കൂ……
രാഘവൻമാഷടെ ചിരി കണ്ട്, ഭാസ്ക്കരൻമാഷ് എഴുതിയതാണോ എന്നുപോലും;
ഇരുവരേയും അറിയുന്നവർക്ക് സംശയം തോന്നും ഈ വരികൾ കേട്ടാൽ.
ഞാൻ, വടക്കാഞ്ചേരിയിൽ, സകുടുംബം വാടകയ്ക്ക് താമസിക്കുന്ന കാലം.
ശ്രീലതാ – പ്രദീപ് ദമ്പതിമാരുടെ ചെമ്പകശ്ശേരിത്തറവാട്ടിലാണ് താമസം.
അവിടെ താമസമാക്കി ഒരു വർഷത്തിനുശേഷം, ഒരുനാൾ
വഴിയിലൂടെ നടന്നുപോയ എന്നോട്,
വെള്ള ഫുൾസ്ലീവ് ഷർട്ടും വെള്ള മുണ്ടും ഉടുത്ത ഒരാൾ, സ്വന്തം വീടിന്റെ മുറ്റത്തുനിന്നിറങ്ങിവന്ന് ചോദിച്ചു.
“നിങ്ങൾ എവിടത്തുകാരാ ?”
“പഴയന്നൂർ.
ഇവിടെ,
ചെമ്പകശ്ശേരിയിൽ താമസിക്കുന്നു.”
“എന്താ ജോലി ?”
“ആകാശവാണിയിൽ ആയിരുന്നു.
ഇപ്പൊ എഫ് എമ്മിൽ റേഡിയോ ജോക്കിയാണ്.”
“വെറുതെയല്ല ;
കണ്ടപ്പൊ, കലാകാരൻമാരോട് തോന്നണ ഒരു അടുപ്പം തോന്നി.
പാടുമോ ?”
“ഇല്ലാ.
കേൾക്കാനാണിഷ്ടം.”
“എന്നാൽ വീട്ടിൽ വരൂ.
ഇഷ്ടംപോലെ കേൾക്കാം.”
ഞാൻ ഒന്ന് പരിഭ്രമിച്ചു.
പാടാൻ ആഗ്രഹമുള്ളവർ പലരും ,
മറ്റുള്ളവരെ, പാടി, സാമാന്യം നന്നായി വെറുപ്പിക്കുന്ന അനുഭവങ്ങൾ ധാരാളമുള്ളതുകൊണ്ടായിരുന്നു എൻ്റെ പരിഭ്രമം.
എന്നാൽ, സ്നേഹനിർബന്ധം സ്വീകരിച്ച്, വീട്ടിലേയ്ക്കു കയറിയ ഞാൻ, പിന്നെ പുറത്തിറങ്ങിയത് നാല് മണിക്കൂർ കഴിഞ്ഞായിരുന്നു !
‘ഭാവഗായകൻ’ എന്ന്, എൻ്റെ ചങ്ങാതിയായ വിക്രമൻമാത്രം പേരിട്ടുവിളിക്കുന്ന ;
ആ വെള്ളവേഷത്തിൽനിന്നും പാട്ടിൻ്റെ രൂപത്തിൽ ഒരു ശബ്ദവും പുറത്തുവന്നില്ല.
പറഞ്ഞതുമുഴുവൻ, അപൂർവ്വമായ പാട്ടുകളേക്കുറിച്ച്.
പ്രതിഭാധനർ പാടിയതും നിർമ്മിച്ചുവെച്ചതുമായ സിനിമാപാട്ടുകളേക്കുറിച്ച്.
‘ഒരുവിധപ്പെട്ട പാട്ടൊക്കെ ഞാൻ കേട്ടിട്ടുണ്ട്’ എന്ന എൻ്റെ തോന്നൽ,
അന്ന് പൂർണ്ണമായും മാറി.
ഒരു പാട്ടുപോലും പാടാതെത്തന്നെ, ‘ഭാവഗായകൻ’ എന്ന പേരുവീണ ആ നല്ല മനുഷ്യൻ എന്നോടു ചോദിച്ചു.
“നീലക്കുയിലിലെ ‘ജിഞ്ചക്കം താരോ’ എന്ന പാട്ട് കേട്ടിട്ടില്ലേ?”
നീലക്കുയിലിലെ എല്ലാ പാട്ടുകളും എൻ്റെ കയ്യിലുണ്ട് എന്നായിരുന്ന എന്റെ ധാരണ.
എന്നാൽ, ഈ ‘ജിഞ്ചക്കം താരോ’ ഞാൻ കണ്ടിട്ടുമില്ല; കേട്ടിട്ടുമില്ല.
ഒരു മൂളിപ്പാട്ടായിപ്പോലും എൻ്റെ മുന്നിൽ വന്നുപെടാത്ത ഒരാൾ !
പിന്നെ ചോദിച്ചു;
“വിമൽകുമാറിന്റെ, ‘കുരുവികളായ് ഉയരാം’ എന്ന പാട്ട് കേട്ടിട്ടില്ലേ?”
അവിടെയും ഞാൻ കണ്ണ് മിഴിച്ചു.
ഈ രണ്ട് പാട്ടുകളും ഞാൻ അവിടന്ന് സീഡീ പ്ലെയറിൽ കേട്ടു.
ഗംഭീരം!
അതിമനോഹരം!
പാലക്കാട്ടെ രാംദാസേട്ടനും
തൃശ്ശൂർ കുട്ടനെല്ലൂരിലെ ഗാമട്ടും അല്ലാതെ,
വേറെയും കിടിലൻ റെക്കോഡിങ് സെന്ററുകൾ കേരളത്തിൽ ഉണ്ട് എന്ന് എനിക്ക് ബോദ്ധ്യമായി.
ഞാൻ കൊതിയോടെ ചോദിച്ചു.
“ഇതൊക്കെ എവിടുന്നാ കിട്ടുന്നത്!?”
“കളമശ്ശേരിയിൽ ഒരു സുഹൃത്തുണ്ട്.
മലയാളത്തിലെ എല്ലാ പാട്ടും അദ്ദേഹത്തിന്റെ കയ്യിലുണ്ട്.
ഞാൻ ചെന്നു റെക്കോഡ് ചെയ്ത് എടുപ്പിക്കുന്നതാണ്.”
“എനിക്കൊരു കോപ്പി തരുമോ ?”
“ഞാൻ ചെയ്യില്ല.
അറിയാഞ്ഞിട്ടല്ല.
അധാർമ്മികം ആണത്.
ഏതൊക്കെ പാട്ട് വേണമെന്ന് പറഞ്ഞോളൂ;
ഞാൻ അദ്ദേഹത്തേക്കൊണ്ട് റെക്കോഡ് ചെയ്യിച്ചുതരാം.
അദ്ദേഹമാണത് ചെയ്യേണ്ടത്.
പത്ത് രൂപ കൊടുക്കുന്നെങ്കിൽ;
ഇത്രയും പാട്ടുകൾ കളക്റ്റ് ചെയ്തുവെയ്ക്കുന്ന ഈ എഫർട്ടിന്, അദ്ദേഹത്തിനാണ് കൊടുക്കേണ്ടത്.”
പുതിയ സിനിമകൾ, റിലീസ് ചെയ്ത അന്നുതന്നെ, ടെലഗ്രാമിൽ,
ആ പടത്തിൻ്റെ വ്യാജനെ ,
ഒരു കുറ്റബോധവുംകൂടാതെ കാണുന്നവർക്കിടയിൽ, ഞാൻ അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി.
‘ഭാവഗായകൻ’ എന്നോടു പറഞ്ഞു.
“ഞാൻ കുറച്ച് ചോദ്യങ്ങൾ ചോദിക്കട്ടെ?”
‘ഈശ്വരാ! ഈ പരീക്ഷയിൽ ഞാൻ തോൽക്കുമെന്നുറപ്പാണ്.
സിനിമാപ്പാട്ടിൻ്റെ ചരിത്രകാരനോടാണ് മുട്ടാൻപോകുന്നത്!’
ഞാനോർത്തു.
ആദ്യ ചോദ്യം വന്നു.
“വെള്ളി നക്ഷത്രമേ നിന്നെ നോക്കി എന്ന പാട്ട് ആരാ പാടിയത് ?”
“കെ പി ഉദയഭാനു.”
“എങ്ങനെ നീ മറക്കും കുയിലേ എന്നതോ?”
“കോഴിക്കോട് അബ്ദുൾഖാദർ.”
“നീലിമലപ്പൂങ്കുയിലേ ?”
“ജയചന്ദ്രൻ.”
“ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്രയോ ?”
“ബ്രഹ്മാനന്ദൻ.”
“ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ തെക്കേ വീട്ടിലെന്ത് വർത്താനം കാക്കേ ?”
“മെഹ്ബൂബ്. പിന്നെ കൂടെ, ഏ പി കോമളയും.”
“ഇതൊക്കെ സംഗീതം ചെയ്തത് ആരാന്നറിയോ?”
“അത് …
ചിലത്, രാഘവൻമാഷാണ്.
ചിലത് സംശയമുണ്ട്.”
“എല്ലാം രാഘവൻമാഷാണ്.
നിങ്ങക്ക്, ഞാൻ പാട്ടിൻ്റെ വരി പറഞ്ഞതും
പാടിയ ആളിനെ പിടികിട്ടിയില്ലേ!
അതുതന്നെയാണ് മാഷടെ ഏറ്റവും വലിയ പ്രത്യേകത.
കഥ, കഥാപാത്രം സാംസ്കാരികപശ്ചാത്തലം, കാലഘട്ടം …….ഒക്കെ നോക്കിയേ സംഗീതം ചെയ്യൂ.
അതോടൊപ്പം; ആ കഥാപാത്രത്തിനുപറ്റിയ ഗായകശബ്ദംതന്നെ ഉപയോഗിക്കുകയുംചെയ്യും.
നമ്മൾക്ക്, ആ പാട്ടിലൊന്നും മറ്റൊരു ശബ്ദം ആലോചിക്കാൻപോലും പറ്റില്ല.
അദ്ദേഹംതന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്;
‘യേശുദാസിന്റെ ശബ്ദത്തിൽ ഏത് പാട്ടും നമ്മൾക്ക് പാടിക്കാം.
അനുഗൃഹീതഗായകനാണ്.
പക്ഷേ,
എല്ലാ പാട്ടും യേശുദാസ് തന്നെ പാടണം എന്ന് നിർബന്ധം പിടിക്കരുത്.
ആ കഥാപാത്രത്തിന് പറ്റിയ ശബ്ദമുള്ള മറ്റൊരാൾ ഉണ്ടെങ്കിൽ എന്തു കൊണ്ട് പാടിച്ചൂടാ?!’
എന്ന്.”
എത്ര സത്യം!
മാഷ്, ഒന്ന് വിളിച്ചാൽ, എവിടെയാണെങ്കിലും പറന്നുവരാൻ യേശുദാസ് തയ്യാറാണ്.
രാഘവൻമാഷ്, പലരുടേയും നിർബന്ധത്തിന് വഴങ്ങി ചെയ്ത അവസാന സംഗീതം, ‘ബാല്യകാലസഖി’ എന്ന സിനിമയ്ക്കായിരുന്നു.
അതിലെ, ‘താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ’ എന്ന ; കെടി മുഹമ്മദ് എഴുതിയ പാട്ട്, മാഷിൽനിന്നുതന്നെ കേട്ട് പഠിക്കാൻ, യേശുദാസ്, രാഘവൻമാഷടെ വീട്ടിൽ വന്നു.
അതായത്, യേശുദാസിന്റെ ഡേറ്റ് കിട്ടായ അല്ല
വേറൊരു ഗായകനെ രാഘവൻമാഷ് വിളിക്കാൻ കാരണം.
കഥാപാത്രത്തിനും കഥാസന്ദർഭത്തിനും കഥയുടെ സാംസ്ക്കാരിക പശ്ചാത്തലത്തിനും ചേർന്ന ശബ്ദങ്ങളാണ് മാഷ് ഉപയോഗിക്കുന്നത്.
‘ഭാവഗായകൻ’ വീണ്ടും പറഞ്ഞു.
“എന്നാൽ, സാഹിത്യഭംഗി കൂടുതലുള്ളതും
പ്രൗഢഗംഭീരമായ വാക്കുകൾ ഉപയോഗിച്ചിട്ടുള്ളതുമായ പാട്ടുകൾ പാടാൻ, മാഷ്, യേശുദാസിനെത്തന്നെയാണ് വിളിച്ചത്.
ഉദാഹരണത്തിന്, ‘ശ്യാമസുന്ദരപുഷ്പമേ’ എന്ന പാട്ടും
‘ഹൃദയത്തിൽ രോമാഞ്ചം സ്വരരാഗ ഗംഗയായ്’ എന്ന പാട്ടും.
ഇത്, യേശുദാസ് പാടിയാലേ ശരിയാകൂ എന്ന് മാഷക്ക് ഉറപ്പായിരുന്നു.”
ഞാൻ, ‘രാഘവവൃത്താന്തം’ ആനന്ദത്തോടെ കേട്ടിരുന്നു.
“മാഷ് പാടിയ പാട്ടുകൾപോലും;
യഥാർത്ഥത്തിൽ, മാഷ് പാടാൻ ഉദ്ദേശിച്ചതേ ആയിരുന്നില്ല. പലരുടേയും നിർബന്ധങ്ങൾക്ക് വഴങ്ങി പാടിയവയാണ്.
‘യേശുദാസല്ല ഈ പാട്ടിന് നല്ലത് ; മാഷ് പാടിയാലേ ഇതിനൊരു നാടൻ സ്വഭാവം വരൂ’
എന്ന്, സംവിധായകൻ പി. എൻ മേനോൻ പറഞ്ഞിട്ടാണ്, ‘കടമ്പ’ യിലെ ,
‘അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്’ എന്ന പാട്ട് പാടണത്.
ഈ പാട്ട് ശരിക്കും; പണ്ട്, മാഷ്, ആകാശവാണിയിൽ ചെയ്ത ഒരു ലളിതസംഘഗാനമായിരുന്നു ട്ടോ. ‘അപ്പോഴേ പറഞ്ഞില്ലേ’ എന്ന ചെറിയ മാറ്റമുണ്ടായിരുന്നു വരിയിൽ.
അതുപോലെ, നിർമ്മാതാവ് പരീക്കുട്ടി സാഹിബ്ബ് നിർബന്ധിച്ചിട്ടാണ്; ഹാജി അബ്ദുൾ ഖാദർ പാടേണ്ടിയിരുന്ന ; ‘കായലരികത്ത് വലയെറിഞ്ഞപ്പോ’ മാഷ് പാടുന്നത്.
ഇനിയുമുണ്ട്.
‘പകലവനിന്ന് മറയുമ്പോൾ’ എന്ന പാട്ടും
‘മറയല്ലേ മായല്ലേ രാധേ’
എന്ന പാട്ടുമൊക്കെ
പലരും നിർബന്ധിച്ചപ്പോൾ,
മാഷ് പാടിയ പാട്ടുകളാണ്.”
ഞാൻ, ‘ഭാവഗായകൻ’ പറയുന്നത് സശ്രദ്ധം കേട്ട്, കട്ടൻചായയും നുണഞ്ഞിരുന്നു.
ഒരുപാട് കാസറ്റുകൾ, ഒട്ടനേകം സീഡികൾ …
വീട് മുഴുവൻ പാട്ടാൽ മുങ്ങിനിൽക്കുന്നു!
രാഘവൻമാഷേപ്പറ്റി പറയുമ്പോൾ ആയിരം നാവാണ് ‘ഭാവഗായകന്’ എന്ന് ഞാൻ ശ്രദ്ധിച്ചു.
അദ്ദേഹം തുടർന്നു
“നീലക്കുയിലിലെ , ‘ജിഞ്ചക്കം താരോ’ എന്ന പാട്ട് കേട്ട്,
ഇളയരാജ, മാഷെ വിളിച്ചത്രേ!
‘നിങ്ങൾ ഇത്രയും മനോഹരമായി കോറസ് ചെയ്യുന്നതെങ്ങനെയാണ്!’ എന്ന്, രാജാസാർ അത്ഭുതപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തു.
ഏത് കാലത്താണെന്നോർക്കണം ഇളയരാജയെ
അമ്പരപ്പിച്ച ഈ പെർഫക് ഷൻ!”
ഇടയ്ക്ക് ഞാൻ ഒന്ന് ചോദിച്ചു.
“അശ്വമേധം എന്ന നാടകത്തിൽ രാഘവൻമാഷ് പകരക്കാരനായി വന്നതാണെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?”
“അതെ.
എം ബി ശ്രീനിവാസൻ ആണ് ആദ്യം സംഗീതംചെയ്തത്.
എന്തോ ; ചെയ്ത പാട്ടുകൾ
‘നാടകഗാനത്തിന് ചേരുന്നില്ല’ എന്ന്, അണിയറപ്രവർത്തകർക്ക് ഒരു തോന്നൽ.
എം ബി എസ് ചെയ്തത് എന്തായാലും മോശം വരില്ല എന്നുറപ്പ്.
പക്ഷേ, എന്തോ ഒരു ചേരായപോലെ.
അങ്ങനെ, രാഘവൻമാഷ് പകരക്കാരനായി എത്തിയിട്ട് ചെയ്തവയാണ്;
ഇന്നും നമ്മൾക്ക് കേട്ടുമതിയാകാത്ത ;
‘പാമ്പുകൾക്ക് മാളമുണ്ട്’ എന്ന പാട്ടും
‘തലയ്ക്കു മീതേ ശൂന്യാകാശം’ എന്ന പാട്ടുമൊക്കെ !”
തിരക്കിനിടയിൽ തിക്കും തിരക്കും കൂട്ടി സംഗീതംചെയ്യുന്ന പതിവില്ലെങ്കിലും;
വേണമെങ്കിൽ മാഷക്ക് അതും അറിയാം എന്നും കേട്ടിട്ടുണ്ട്.
പാട്ടിനായി തിരക്കുകൂട്ടിയവർക്കുവേണ്ടി,
‘പൂർണ്ണേന്ദുമുഖിയോടമ്പലത്തിൽ വെച്ചു പൂജിച്ച ചന്ദനം ഞാൻ ചോദിച്ചു’ എന്ന പാട്ട്, കാറിൽ ഇരുന്ന്, അരമണിക്കൂർ യാത്രയ്ക്കിടയിൽ ചെയ്തതാണത്രേ!
മലയാളത്തിലെ എല്ലാ പാട്ടുകാരുടേയും കുറേ നല്ല പാട്ടുകൾ മാഷാണ് ഒരുക്കിയത്.
എസ് ജാനകി പാടിയ ;
മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ,
കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ ഇന്നെന്നെക്കണ്ടാൽ എന്തുതോന്നും കിങ്ങിണിപ്പൂവേ,
ഉത്രട്ടാതിയിലുച്ചതിരിഞ്ഞപ്പോൾ വട്ടക്കായലിൽ വള്ളംകളി,
ഭദ്രദീപം കരിന്തിരി കത്തി ,
ഉണരുണരൂ ഉണ്ണിപ്പൂവേ,
‘മോതിരക്കെവിരലുകളാൽ പാതിരാവിൽ കൈമുല്ല’
എന്നിവയും;
വാണീ ജയറാം പാടിയ ;
‘നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിന്’
‘താരകങ്ങൾ കേൾക്കുന്നൂ കാറ്റിലൂടെ ഒഴുകുന്നൂ’
എന്ന പാട്ടും;
ലതിക പാടിയ ;
‘നിലാവിൻ്റെ പൂങ്കാവിൽ’
എന്ന പാട്ടും;
പി സുശീലയുടെ ;
‘മാനത്തേ മഴമുകിൽ മാലകളേ’ ,
‘പതിവായി പൗർണ്ണമിതോറും പടിവാതിലിനപ്പുറമെത്തി’
എന്നീ പാട്ടുകളും;
ജയചദ്രൻ്റെ ;
‘ഏകാന്തപഥികൻ ഞാൻ’
‘കരിമുകിൽ കാട്ടിലെ’
തുടങ്ങിയവയും;
വിടി മുരളിയുടെ ;
‘ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം’
എന്ന പാട്ടും;
യേശുദാസിന്റെ ;
ആറ്റിനക്കരെയക്കരെയാരാണോ പൂത്തുനിക്കണ പൂമരമോ,
മഞ്ജുഭാഷിണി മണിയറവീണയിൽ മയങ്ങിയുണരുന്നതേതൊരു രാഗം,
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്,
പാർവ്വണേന്ദുവിൻ ദേഹമടക്കീ പാതിരാവിൻ കല്ലറയിൽ ,
അനുരാഗക്കളരിയിൽ അങ്കത്തിനു വന്നവളേ,
‘നഗരം നഗരം മഹാസാഗരം മഹാസാഗരം’
എന്നീ ഗാനങ്ങളുമടക്കം
എത്രയെത്ര മനോഹരഗാനങ്ങൾ !
കലകളെല്ലാം പൂർവ്വജൻമപ്രേരിതങ്ങളാണ് എന്നാണ് ഭാരതത്തിലെ വിശ്വാസം.
കലയെന്നത് ദേവതാബന്ധമുള്ളതുമാണ്.
ദേവതാസ്പർശം ലഭിച്ചവനാണ് കലാകാരൻ.
ഈ , ദേവതാബലമുള്ള കലാകാരൻ, ആർക്കുമുന്നിലും ഒരിക്കലും തലകുനിക്കില്ല.
ആർജ്ജവത്തോടെയുംആത്മവിശ്വാസത്തോടെയുംമാത്രമേ അവർ സംസാരിക്കൂ.
ഏതവസ്ഥയിലും
തളരില്ല.
അവർ ഏറെ പറയില്ല.
എന്നാൽ, പറയാനുള്ളത്, പറയേണ്ടിടത്ത് പറയുകയും ചെയ്യും.
ചിലപ്പോൾ അവർ ഒന്നും പറയാതെയുമിരിക്കും.
പൂർവ്വജൻമത്തിൽനിന്നുംപഠിച്ച
സംഗീതവുമായി കടന്നുവന്ന രാഘവൻമാഷ് ഇതൊക്കെ ആയിരുന്നു.
നാനൂറോളം പാട്ടുകളേ മാഷ് മലയാളത്തിൽ ചെയ്തിട്ടുള്ളൂ.
എന്നാൽ, അതിൽ, മുത്തേത് ….. പവിഴമേത് എന്ന് തരംതിരിക്കാൻ ഏറെ പ്രയാസം.
2013 ഒക്ടോബർ 19 ന്, അടുത്ത സംഗീതജൻമത്തിലേയ്ക്കായി ജനിക്കുമ്പോൾ;
മാഷക്ക്, ഈ ജൻമത്തിലെ തൊണ്ണൂറ്റിഒമ്പതാം വയസ്സിൻ്റെ അവസാനഭാഗമായിരുന്നു!
ഗായകൻ വി ടി മുരളി എവിടെയോ എഴുതിയത് വായിച്ച ഓരോർമ്മകൂടി പങ്കുവെയ്ക്കാം.
ഒരുപക്ഷേ, അഭിമുഖത്തിൽ കേട്ടതുമാകാം.
നേർ അനുഭവം ശ്രീ വി ടി മുരളിയുടേതാണ്.
ഏതാണ്ടിങ്ങനെയാണത്.
ഒരിക്കൽ വിടി മുരളി, രാഘവൻമാഷെ കാണാൻ, മാഷടെ വീട്ടിലെത്തി.
മേശപ്പുറത്ത്, പതിവില്ലാതെ ഒരു ശ്രുതിപ്പെട്ടി ഇരിക്കുന്നു.
‘ഇതെന്താ മാഷേ ശ്രുതിപ്പെട്ടി !?’
എന്ന്,
ശ്രീ മുരളി മാഷോട് ചോദിക്കുന്നു.
മാഷക്ക് അന്ന് തൊണ്ണൂറ് വയസ്സിന് മേൽ പ്രായം!
മാഷ് പറഞ്ഞത്രേ;
‘തംബുരു മീട്ടാൻ കൈ പൊങ്ങുന്നില്ല.
അപ്പൊ, ശ്രുതിപ്പെട്ടി ഒരെണ്ണം വാങ്ങി.’
അപ്പോൾ VT മുരളി ചോദിച്ചു;
‘അതിന്, മാഷ് ഇപ്പൊ കച്ചേരിക്ക് പോകാറില്ലല്ലോ….’
അപ്പോൾ മാഷ് പറഞ്ഞു.
‘കച്ചേരി മറ്റുള്ളവർക്കുള്ളതല്ലേ.
ഇത് എനിക്ക് ആസ്വദിക്കാനുള്ള പാടലാണ്.
പാടാതെ വയ്യ.
പാട്ട് നിർത്തിയാൽ ഞാൻ പെട്ടുപോകും.
കച്ചേരി പാടാനുള്ളതല്ലല്ലോ……
കേൾപ്പിക്കാനുള്ളതല്ലേ.
ഇത്, എനിക്കുവേണ്ടി
പാടാനുള്ളതാ.’
മറ്റുള്ളവർക്കായി സംഗീതം അവതരിപ്പിക്കുമ്പോഴും;
തനിക്കുമാത്രമായി ഒരു സംഗീതം ഉള്ളിൽ സൂക്ഷിക്കുക എന്ന അത്ഭുതം
അന്ന് വി.ടി മുരളി കണ്ടത്,
എവിടെയോ വായിച്ചതോ കേട്ടതോ ആയ ഓർമ്മയിൽനിന്നാണ് ഈ ഭാഗം എഴുതിയത്.
ഇതോർക്കുമ്പോഴെല്ലാം എനിക്ക് ശ്രീ മധുസൂദനൻനായരുടെ, ‘വാക്ക്’ എന്ന കവിതയിലെ ചില വരികൾ ഓർമ്മവരും.
“ഞാൻ തന്നൊരക്ഷരമെന്തേ രസിച്ചുവോ പൈതലേ ?”
എന്ന്, കുട്ടിക്കാലത്ത് ചോദിച്ച നക്ഷത്രങ്ങൾ;
ഒടുവിൽ, അന്ത്യകാലത്ത് കലാകാരനോട്,
‘ഞാൻ തന്നൊരക്ഷരം നീയെന്തുചെയ്തു ?
നിൻ പ്രാണനാൽ എത്ര വിളക്കു കൊളുത്തി നീ?
നാളത്തെ യജ്ഞത്തിനെന്ത് ഹവിസ്സായ് കൊടുത്തു നീ?’
എന്ന് ചോദിക്കുന്ന വരികളാണത്.
രാഘവൻമാഷക്ക് ഇതിന് കൃത്യമായ ഉത്തരമുണ്ട്.
ആ, പഞ്ചസാര നിറഞ്ഞ പാൽപ്പുഞ്ചിരിയോടെ,
നക്ഷത്രത്തിന്റെ ചോദ്യത്തിനെ നിവർന്നുനിന്നുതന്നെ മാഷ് നേരിടും.
ഇനി,
മാഷ് അവസാനമായി ചെയ്ത പാട്ട്;
അതും ….. തൊണ്ണൂറ്റിഎട്ടാം വയസ്സിൽ ……!
‘ബാല്യകാലസഖി’യിലെ,
വിടി മുരളി പാടിയ ,
‘കാലം പറക്കണ്
മാരി പിറക്കണ്
രാവ് തണുക്കണ നേരം’
എന്ന പാട്ട്
എപ്പോഴൊക്കെ കേട്ടിട്ടുണ്ടോ
അപ്പോഴൊക്കെ
എനിക്ക് നെഞ്ചിലൊരു കരച്ചിൽ പിടയും.
ചിരിച്ചുനടന്നപ്പോഴും
അകാരണമായി, ഏതൊരു കലാകാരനേയും പിടികൂടുന്ന ഒരു വേദന മാഷും കൊണ്ടുനടന്നുകാണണം.
ആ വേദനകളെല്ലാമായിരിക്കും
‘ശ്യാമസുന്ദര പുഷ്പമേ’യിലും
‘ഹൃദയത്തിൽ രോമാഞ്ച’ത്തിലും
ഈ,
‘കാലം പറക്കണ്’
എന്ന പാട്ടിലുമൊക്കെയായി കോരിനിറച്ചുവെച്ചിരിക്കുന്നത്!