അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
രഘുനാഥ് സേഥ്
February 14, 2025 44 No Comments

രഘുനാഥ് സേഥ് !
ഒറ്റ സിനിമകൊണ്ട് മലയാളികളുടെ നെഞ്ചിലിടം പിടിച്ച സംഗീത സംവിധായകൻ!

‘ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി വെച്ചില്ലേ’
എന്ന ഗാനവും
‘ആത്മാവിൽ മുട്ടിവിളിച്ചതുപോലെ’
എന്ന ഗാനവും മൂളാത്ത മലയാളികളില്ല.

‘പഞ്ചാഗ്നി ‘ എന്ന
എം ടി – ഹരിഹരൻ ചിത്രത്തിലൂടെ, രവി എന്ന ഉത്തരേന്ത്യൻ സംഗീതസംവിധായകൻ മലയാളത്തിലെത്തി, രവി ബോംബെ എന്ന പ്രിയ സംഗീതസംവിധായകൻ ആയതുപോലെത്തന്നെയാണ്
1988 ൽ , ‘ ആരണ്യകം ” എന്ന, ഹരിഹരൻ – എം ടി ചിത്രത്തിലേയ്ക്ക് മറ്റൊരു ഉത്തരേന്ത്യൻ സംഗീതസംവിധായൻ കടന്നുവരുന്നത്.
പണ്ഡിറ്റ് രഘുനാഥ് സേഥ് !

ശ്രീ രഘുനാഥ് സേഥിന്
മലയാളഭാഷയറിയില്ല !
സിനിമയുടെ പേരുതൊട്ട് ഭാഷാഭംഗിയാൽ അർത്ഥസമ്പുഷ്ടം.

വ്യക്തിപരമായ സർവ്വതും ജീവിതത്തിൽ ഉപേക്ഷിച്ച്, പ്രപഞ്ചനന്മമാത്രം ലക്ഷ്യം വെച്ച്,
മന്ത്രജപവുമായി നടത്തുന്ന ‘കാടുകയറൽ’ അഥവാ, വാനപ്രസ്ഥമാണ് ആരണ്യകം.
നക്സൽ ആയ നായകന്റെ കാടുകയറ്റത്തിൻ്റെ കഥ പറയുന്ന സിനിമയാണ് ആരണ്യകം.

രഘുനാഥ് സേഥിന്
അറിയുന്നതെല്ലാം സംഗീതമയം.

എംടിയുടെയും
ഓ എൻ വിയുടെയും കയ്യിലുള്ളതെല്ലാം സംഗീതം തുടിച്ച ഭാഷയും.

ഭാഷ എന്നത് സംഗീതവുമായി മേളിക്കുമ്പോൾ, രണ്ടിന്റെയും ഭാവതലങ്ങൾ ഉയരുന്നത് നമ്മൾ ഈ പാട്ടുകളിലൂടെ കണ്ടു!

‘തൊട്ടാവാടീ, നിന്നെയെനിയ്ക്കെന്തിഷ്ടമാണെന്നോ’
എന്ന്, ആരണ്യകത്തിലെ നായിക, സലീമ പാടിയപ്പോൾ,
നമ്മളും
ഈ പാട്ടിനും അർത്ഥത്തിനുമൊപ്പം, മുറ്റത്തെ മറയത്ത് ഒളിഞ്ഞുനിന്ന് ചെടിവാതിൽപ്പാളികളിലൂടെ ചിരിക്കുന്ന തൊട്ടാവാടിയെ കണ്ടു!
നമ്മളും പാട്ടിനൊപ്പം ആ കവിളിൽ ഒന്ന് തൊട്ടു !
അവൾ പതിവുപോലെ നാണിച്ചു.
നാണം മാറി, വീണ്ടും പുഞ്ചിരി പടരുംവരെ നമ്മൾ അവളുടെ ചാരത്ത് കാത്തുനിന്നു !

ഇഷ്ടപ്പെട്ടവൾ കാമ്പസിലെ വരാന്തയിലൂടെ, ഒരു ഇളംതെന്നലായി മായുംമുൻപ്,
ജനലഴിയിലൂടെ നമ്മളിലേയ്ക്ക് പടർത്തിയ നറുചിരി ഏറ്റ്, നമ്മളും ഉള്ളിൽ തുടിച്ചുപാടി !
‘ആത്മാവിൽ മുട്ടിവിളിച്ചതു പോലെ….
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ….’
മണ്ണിന്റെ ഇളം ചൂടാർന്ന മാറിൽ ഈറനായ ഒരു നിലാത്തുണ്ട് പൂവായി മാറിയതിനെ,
രഘുനാഥ് സേഥ് എന്ന മായാജാലക്കാരൻ നമ്മൾക്ക് സംഗീതത്താൽ വരച്ച് കാണിച്ചുതന്നു !

മണ്ണിനും മഞ്ഞിനും നിലാവിനുമെല്ലാം പ്രണയം മണക്കുന്ന പുതിയ പുതിയ അർത്ഥങ്ങൾ !

ആരണ്യകത്തിൽ,
‘താരകളേ നിങ്ങൾ കാവൽ നിൽക്കൂ’ എന്നൊരു ഗാനവും
‘തനിച്ചിരിക്കാൻ ഇവിടെ എനിക്കൊരു തണ്ണീർ പന്തൽ തരൂ’
എന്നൊരു ഗാനവും ഉണ്ട് എന്നത് പലർക്കും അറിയാത്തൊരു കാര്യം.

ഓടക്കുഴൽ എന്നാൽ ഭാരതീയർക്ക് ശ്രീകൃഷ്ണനാണ് .

വെറും ഓടയെ, കൃത്യമായി രൂപകല്പന ചെയ്താൽ ഓടക്കുഴലാക്കാം എന്നും ;
അതിൽ പ്രാണന്റെ ചുണ്ട് ചേർത്താൽ ഓടയിൽനിന്ന് സംഗീതം പൊഴിയുമെന്നും നമ്മളെ ബോദ്ധ്യപ്പെടുത്തിയത് കണ്ണനാണ്.

‘പ്രകൃതിയിലെ, അഥവാ ; കാട്ടിലെ, പ്രാകൃതമായ ഒരു ഓടയിൽനിന്ന് ഓടക്കുഴലുണ്ടാക്കി ഇങ്ങനെ വായിക്കണം’ എന്നു പറഞ്ഞ് പഠിപ്പിച്ച്,
ആ ഓടക്കുഴൽ കണ്ണന് സമ്മാനമായി നൽകിയത്, ജരൻ എന്ന വേടബാലനാണ്.
നോക്കൂ പ്രകൃതി ദൈവത്തിനെ ഏൽപ്പിക്കുന്ന സംഗീതം!

കണ്ണൻ പിന്നെ,
വേണുഗോപാലനായി
മുരളീധരനായി.

ഓരോ ജീവിതവും ഓടക്കുഴലാണെന്നും;
ശരീരത്തിലെ നവദ്വാരങ്ങളിലൂടെ കൃത്യമായി വാതപ്രവാഹം നടത്താൻ ദൈവം നമ്മളിൽ ചുണ്ടുചേർത്താൽ, നമ്മൾക്കും പ്രപഞ്ചത്തെ വിസ്മയിപ്പിക്കുന്ന
പുല്ലാങ്കുഴലുകൾ ആവാനാകും എന്നും പഠിച്ചു.

മുരളി എന്നും വേണു എന്നും പറഞ്ഞതിനൊപ്പം നമ്മൾ, തേനൂറും ഭാഷയിൽ,
ഓടക്കുഴൽ എന്നും
പുല്ലാങ്കുഴൽ എന്നും വിളിച്ചു.

മറ്റു ഭാഷകളിൽ ഇതിന്, ബാംസുരി എന്നും ബൻസി എന്നും പേരുണ്ട്.

ഈ പുല്ലാങ്കുഴൽ ഭാരതത്തിന്റെ സൃഷ്ടിയാണ്.
എന്തിലുമേതിലും കലയും ദേവതയും നാദവും തൊട്ടറിഞ്ഞവരുടെ കണ്ടുപിടുത്തം.

പുല്ലാങ്കുഴലിൽ ഇത്രയേറെ പരീക്ഷണങ്ങൾ നടത്തിയവർ രഘുനാഥ് സേഥിനേപ്പോലെ മറ്റാരെങ്കിലും കാണുമോ എന്ന് സംശയമാണ്.

ഇദ്ദേഹം,
‘പരമ്പരാഗത സംഗീതം
തനത് സംഗീതം
ശുദ്ധസംഗീതം’ എന്നൊക്കെ ബലം പിടിച്ച്,
ആധുനിക കാലത്തിനുനേരെ മുഖംതിരിച്ച് നിൽക്കുകയല്ല ചെയ്തത്.

ലോകത്തെ മിക്ക സംഗീതോപകരണങ്ങളുമായും ഓടക്കുഴൽനാദത്തെ കൂട്ടിയോജിപ്പിച്ച്,
‘സൗണ്ട് സ്കേപ്സ് ‘ അടക്കമുള്ള ഒരുപാട് ഫ്യൂഷനുകൾ സൃഷ്ടിച്ചു.

ഇദ്ദേഹം, ഡോക്യുമെന്ററികൾക്ക് കൊടുത്ത സംഗീതത്തിന് കണക്കില്ല.
രണ്ടായിരത്തിലുമേറെ !

നിരവധി ടെലിവിഷൻ പരമ്പരകൾക്ക് സംഗീതം നൽകി !

‘മെലഡീസ് ഓഫ് ഡിവോഷൻ’
പോലെ,
കേൾവിക്കാരെ ആത്മീയാനന്ദത്തിലേയ്ക്കുയർത്തിയ ഭക്തിഗാനശേഖരങ്ങളും നിരവധി!

ലോകാവസാനം വരെ നിലനില്ക്കാൻ കെല്പുള്ള ആൽബങ്ങളും ഒരുപാട് !

സക്കീർ ഹുസൈനുമായി ചേർന്നുള്ള ജുഗൽബന്ദികൾ ഈണവും താളവും ചേർന്ന്,
ഏവരിലും ലഹരി പടർത്തി.

‘ഫിലിം ഡിവിഷൻ സിനിമകളുടെ സംഗീത സംവിധായകൻ’
എന്ന് ഒരുകാലത്ത് അറിയപ്പെട്ട ഇദ്ദേഹം,
വളരെ കുറച്ച് സിനിമകൾക്കുമാത്രമേ സംഗീതം നൽകിയിട്ടുള്ളൂ.

1971-ൽ ,
‘ഫിർ ഭീ’ എന്ന സിനിമയ്ക്ക് സംഗീതം നൽകി, സ്വതന്ത്ര സംഗീതസംവിധായകനായി.

എത്ര കേട്ടാലും മതിവരാത്ത,
‘ഹം ചാഹേ യാ ന ചാഹേ’ എന്ന ;
ഹേമന്ത് കുമാർ പാടിയ അപൂർവ്വ സുന്ദരഗാനം;
ആരാണ് രഘുനാഥ് സേഥ് എന്ന്, ലോകത്തെ ബോദ്ധ്യപ്പെടുത്തി.

‘നിദ്ര’ എന്ന ആൽബത്തിലെ,
‘മ്യൂസിക് ഹെൽപ് യൂ ടു സ്ലീപ്’ എന്ന ഗാനം സംഗീത ആസ്വാദകരുടെ എക്കാലത്തെയും ഇഷ്ട ഈണമായി മാറി.
‘മൃൂസിക് തെറാപ്പി’ എന്ന പരീക്ഷണമായിരുന്നു രഘുനാഥ് സേഥ് ഇതിലൂടെ നടത്തിയത്.

എത്ര പേരെ പഠിപ്പിച്ചു എന്നും
ശിഷ്യർ എത്ര എന്നും കണക്കുകൂട്ടുക പ്രയാസം!

ഗുരുവായും ശിഷ്യനായും ഒരേ സമയം ജീവിതം.

1931 ൽ ഗ്വാളിയോറിൽ ആണ് രഘുനാഥ് സേഥ് എന്ന അത്ഭുതബാലൻ ജനിക്കുന്നത്.

ഏട്ടനിൽനിന്നും പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ സംഗീതപാഠങ്ങൾ,
പണ്ഡിതനും സംഗീതജ്ഞനുമായ
ഡോ എസ് എൻ രതഞ്ജങ്കിലും;
പുല്ലാങ്കുഴൽമാന്ത്രികനായ പന്നലാൽ ഘോഷ് എന്ന ഗുരുവിലുമെത്തി.
തബലിസ്റ്റ്കൂടിയായ അച്ഛന്റെ അനുഗ്രഹാശിസ്സുകളോടെ,
ജീവിതം ചിട്ടയോടെയും വൃത്തിയോടെയും മുന്നോട്ടുപോയി.

ഒട്ടും അഹങ്കാരമില്ലാതെ തുടർന്ന യാത്രയിൽ,
ഇദ്ദേഹം, ഹരിപ്രസാദ് ചൗരസ്യയുമായി ചേർന്ന് ഒരുപാട് ജുഗൽ ബന്ദികൾ അവതരിപ്പിച്ചു.

ഓടക്കുഴൽവാദനം പഠിച്ചതും പഠിപ്പിച്ചതും കൂടാതെ,
ഈ വാദ്യ ഉപകരണത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താനും ഇദ്ദേഹം ശ്രമിച്ചു.

ലോകത്തിലെത്തന്നെ ഏറ്റവും മികച്ച ഓടക്കുഴൽ നിർമ്മാതാക്കളിൽ ഒരാളായിരുന്നു.

ചെറിയൊരു സുഷിരംകൂടി ചേർത്താൽ ചില നോട്ടുകൾക്ക് ഇതിലേറെ ലയം വരുത്താനാവും എന്ന് തോന്നിയപ്പോൾ,
ഉടൻ അത് പ്രവൃത്തിയിലെത്തിച്ച പ്രതിഭ.

സ്വന്തമായ അനേകം ഈണങ്ങൾ സൃഷ്ടിച്ചു.

നൂതനമായ വാദനരീതികൾ പ്രയോഗിച്ചു.

ലോകത്തെ മുഴുവൻ ആനന്ദത്തിലാറാടിച്ച ഇംപ്രൊവൈസേഷനുകൾ സംഗീതത്തിലേയ്ക്ക് കടത്തിവിട്ടു.

അഷ്ടപദങ്ങളേയും സപ്തസ്വരങ്ങളേയും ഹൃദയത്തിലാവാഹിച്ച്,
അവർക്ക് കാവ്യഭാവം നൽകി, പ്രാണനൂതി, അനുഭൂതിയുടെ കൊടുമുടികളിലേയ്ക്ക് പറത്തിവിട്ടു.

ഇദ്ദേഹം വികസിപ്പിച്ച സാങ്കേതികത്വമായ ‘മീൻഡ്’ എന്ന ഗ്ലൈഡിങ് സംവിധാനം,
ഓടക്കുഴൽവാദകരിൽ വിപ്ലവങ്ങൾക്ക് സാദ്ധ്യതയൊരുക്കി.

ലോകമെമ്പാടും പുല്ലാങ്കുഴലിന്റെ സാദ്ധ്യതകളേയും;
ചെയ്യാവുന്ന ഇംപ്രൊവൈസേഷനുകളേയും കുറിച്ച് ക്ലാസ്സുകളും ചർച്ചകളും വർക്ക് ഷോപ്പുകളും നടത്തി.

2014 ഫെബ്രുവരി 15 ന് ഇദ്ദേഹം തന്നെ ദൈവം ഏൽപ്പിച്ച കർമ്മം പൂർത്തിയാക്കി ദേഹം വിട്ടിറങ്ങി.

സംവിധായകൻ ജയരാജുമായി ചേർന്നുള്ള ഒരു സിനിമയ്ക്ക് സംഗീതം പദ്ധതി ഇട്ടിരുന്നു.
പല കാരണങ്ങളിൽ മുടങ്ങിപ്പോയ ആ സിനിമ, മലയാളിയ്ക്ക്, ‘അസാദ്ധ്യ’മായ ഏതാനും ഗാനങ്ങളെ അപ്രാപ്യമാക്കിത്തീർത്ത് ബാക്കിയാക്കി.

തിരുവനന്തപുരത്ത് നടന്ന ബാംസുരിക്കച്ചേരിയിൽവെച്ച്
കണ്ടതും കേട്ടതുമായ ആസ്വാദനപരിചയമല്ലാതെ
രഘുനാഥ് സേഥിനെ ഓ എൻ വിക്ക് അറിയില്ലായിരുന്നു.
ധാരാളം കേട്ടിട്ടുണ്ട് എന്നുമാത്രം.
പൊതുവേ അന്യഭാഷാസംഗീതസംവിധായകർ ചെയ്യുംപോലെ, ഈണമിട്ടുവെച്ചതിലേയ്ക്ക് വരികൾ എഴുതിക്കാനായിരിക്കും പദ്ധതി എന്നു കരുതിയാണ് ഓ എൻ വി ആരണ്യകം സിനിമയ്ക്കായി മദ്രാസിലെത്തുന്നത്.

ഹരിഹരനാണ് ‘രഘുനാഥ് സേഥിനെത്തന്നെ വേണം’ എന്ന തീരുമാനത്തിന് പിന്നിൽ.

പാട്ടിനായി ഇരുന്നതും സേഥ് പറഞ്ഞു.
‘അങ്ങ് കവിത എഴുതിത്തരൂ….
ഞാൻ ഈണമിടട്ടേ’ എന്ന്.

ഓ എൻ വി അത്ഭുതപ്പെട്ടുപോയി.

തുടർന്ന് എഴുതിനൽകിയ വരികളുടെ അർത്ഥവും ഭാവവുമെല്ലാം രചയിതാവിൽനിന്നും നേരിട്ട് കേട്ടുമനസ്സിലാക്കി, മനോഹരമായ ഈണത്തിലേയ്ക്ക് ആ അർത്ഥത്തെ ലയിപ്പിക്കുന്ന മനോഹരമായ അനുഭവത്തേക്കുറിച്ച് ഓ എൻ വി തന്നെ ഓർത്തെടുത്തിട്ടുണ്ട്.

കൈഫി ആസ്മിയും പണ്ഡിറ്റ് നരേന്ദ്ര ശർമ്മയും ഗുൽസാറുമൊക്കെ
ശ്രീ രഘുനാഥ് സേഥിന് എഴുതിനൽകിയ ഗാനങ്ങൾ ഇത്ര മനോഹരമാവാൻ കാരണമെന്താണെന്ന് ഓ എൻ വി അന്ന് നേരിട്ടറിഞ്ഞു.

അർത്ഥം കവിയിൽനിന്നും കേട്ടു മനസ്സിലാക്കി, തന്റെ സന്തതസഹചാരിയായ ഹാർമോണിയവുമായി മുറിയിലേയ്ക്ക് ഉൾവലിഞ്ഞ്,
ദീർഘനേരത്തെ ധ്യാനത്തിനുശേഷം,
സേഥ് പുറത്തെടുത്ത നാല് ഈണങ്ങളാണ് നമ്മളിന്ന് ആഘോഷിക്കുന്ന ‘ആരണ്യക’ത്തിലെ നാല് ഗാനങ്ങൾ !
ഒരു മലയാളിയല്ല ഈ സംഗീതസംവിധായകൻ എന്ന് ആരെങ്കിലും പറയുമോ ?!

എന്തുകൊണ്ട് ഇത്തരം ഗാനങ്ങൾ ഇപ്പോൾ അധികം ഉണ്ടാകുന്നില്ല എന്നതിൻ്റെ ഉത്തരംകൂടിയാണ് ഈ പ്രതിഭയുടെ ജീവിതം.

രഘുനാഥ് സേഥ് പറഞ്ഞിട്ടുണ്ട്;
‘തന്നെ ദൈവവുമായി ഇണക്കുന്നത് സംഗീതമാണ്’ എന്ന്.

ഒരു സിനിമയ്ക്കോ
ഒരു കൂട്ടം ആൾക്കാർക്കോ
കുറച്ച് കാശിനോ വേണ്ടിയായിരുന്നില്ല; സൃഷ്ടിച്ച ഈണങ്ങളൊന്നും.
എല്ലാം, ദൈവത്തിന് ആസ്വദിക്കാൻ.

താൻ ഈ ദേഹം വിട്ടിറങ്ങിയാലും ;
തന്റെ ഈ കാലഘട്ടത്തിലെ ആസ്വാദകർ ജീവൻ വെടിഞ്ഞ് യാത്രയായാലും;
ഒരു സൃഷ്ടി കാലഹരണപ്പെടാതിരിക്കാൻ എന്തു വേണം എന്ന് ഇവർക്കറിയാമായിരുന്നു.
പൂർണ്ണതയുള്ള സൃഷ്ടികളെ മാത്രമേ ഇവർ ദേവതയ്ക്കും ലോകത്തിനും മുന്നിൽ സമർപ്പിച്ചിട്ടുള്ളൂ.

മഹാപ്രതിഭയ്ക്ക് മുന്നിൽ നമസ്ക്കാരത്തോടെ …….

Picture-from internet.

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.