അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ബിച്ചു തിരുമല
December 8, 2024 38 No Comments

ബിച്ചു തിരുമലയെ ഞാൻ ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ.
വളരെ കുറച്ച് സമയം മാത്രമാണ് ഞങ്ങൾ സംസാരിച്ചിരുന്നത്.
എന്നാൽ, സംസാരിച്ചതത്രയും; മലയാള , സംസ്കൃത വൃത്തങ്ങളേക്കുറിച്ച്,
ഛന്ദസ്സിനേക്കുറിച്ച്.

അന്ന്, ശ്രീ ബിച്ചു തിരുമല, ശാർദ്ദൂലവിക്രീഡിതം വൃത്തത്തിൽ ഇംഗ്ലീഷിൽ ഒരു ശ്ലോകം ചൊല്ലി !
അത്ഭുതം തോന്നി, നമ്മുടെ ഭാഷയുടെ വഴക്കവും;
അത് കൈകാര്യംചെയ്യുന്ന അദ്ദേഹത്തിൻ്റെ അറിവും കണ്ട്.

ശരിക്കുമൊരു സിനിമാപാട്ടെഴുത്തുകാരൻ.
കഥാപാത്രത്തിനും കഥാസന്ദർഭത്തിനും ചേരുന്ന
വാക്കും സംസ്കാരവും വരികളും ബിംബങ്ങളും
നിമിഷനേരത്തിൽ വിടർത്താൻ കഴിയുന്ന അപൂർവ പ്രതിഭ.

സിനിമാപ്പാട്ടിലെ അദ്ദേഹത്തിൻ്റെ ഔചിത്യത്തേപ്പറ്റി പറയാൻ,
രണ്ട് പാട്ടിലെ ഓരോ വരികൾ കേട്ടാൽ മതി.

ഒന്ന്,
‘ചമ്പക്കുളം തച്ചനി’ലെ,
‘ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ’
എന്ന ഗാനം.

നായകൻ മരപ്പണിക്കാരനാണ് എന്ന് ഓർത്തുകൊണ്ട്, ഇതിലെ ഈ വരി ഒന്നുകൂടി കേട്ട് നോക്കൂ.

“മുഴക്കോലു പോലും കൂടാതെന്നേ നിന്നെ ഞാൻ
അളന്നിട്ടു പെണ്ണേ എന്നോടെന്താണീ ഭാവം !?”

അടുത്തത്,
‘ഏയ് ഓട്ടോ’ എന്ന സിനിമയിലെയാണ്.
കഥാപാത്രം, നായകനായ സുധി.
സുധിയും മീനുക്കുട്ടിയും തമ്മിൽ പ്രണയമാണെന്ന് ഉറപ്പിക്കുന്ന ഗാനരംഗമാണ്.
ഒട്ടും ചേരാത്ത രണ്ട് ജീവിതാവസ്ഥകളിലാണ് നായകനും നായികയും.

ഇനി,
ഓട്ടോക്കാരൻ ജീവിതത്തേപ്പറ്റി പറയുന്ന ; പാട്ടിലെ, ദർശനം മുറ്റിനിൽക്കുന്ന വരികൾ നോക്കൂ.

“കണ്ണിൽ റെഡ് സിഗ്നൽ വീണാൽ
ബ്രേക്കിട്ടുനിൽക്കും
ട്രാഫിക്കു ജാമല്ലേ
ജന്മം
പങ്കിട്ടെടുത്തൂടേ……”

ഈ പ്രതിഭാധനനായ കലാകാരന് സ്മരണാഞ്ജലി അർപ്പിക്കുന്നു.

ഒപ്പം,
ബിച്ചു തിരുമല എഴുതിയ,
‘നീലജലാശയത്തിൽ’
എന്ന പാട്ട് എന്നെ എപ്രകാരമാണ് ബാധിച്ചത് എന്ന് പറയുന്ന ;
‘പാട്ടിനു പോയ വഴി’
എന്ന പുസ്തകത്തിലെ ഒരദ്ധ്യായവും ഇവിടെ പങ്കുവെയ്ക്കുന്നു.

പാട്ടിനു പോയ വഴി

“നീലജലാശയത്തിൽ ……”

ചിത്രം : അംഗീകാരം – 1977
സംവിധാനം : ഐ.വി ശശി
രചന : ബിച്ചുതിരുമല
സംഗീതം: എ.റ്റി ഉമ്മർ
പാടിയത്: യേശുദാസ് /എസ്. ജാനകി

യുവജനോത്സവമാണ്.
ഉത്സവകാലമാണ്.
ജീവിതത്തിലും കാവിൽ പൂരം കൊടികയറിനിൽക്കുന്നു.
മനസ്സിലെ തട്ടകത്തിൽ ഉച്ചാറൽ വേല.

ആരെന്നറിയാത്ത ആയിരങ്ങൾ വേദിയിൽനിന്നും വേദിയിലേയ്ക്ക് മത്സരിച്ചോടുകയാണ്.
മത്സരിക്കാനുള്ള മത്സരം!

എനിക്ക് പാടാനുള്ള വേദിയിൽ മാർക്കിടേണ്ടത് ജഡ്‌ജസല്ല.
ആ വിധികർത്താക്കൾ എന്ത് ചെയ്‌താലും അതെന്റെ വിഷയവുമല്ല.
ഞാൻ വേദിയിൽ കയറിയാൽ,
കാണികൾക്കിടയിൽ അവളുണ്ടാകും.
അവളുടെ കണ്ണുകളെ തൃപ്‌തിപ്പെടുത്തിയാൽ എനിക്ക് സമ്മാനം!

എനിക്കും അവൾക്കും അന്ന് ഉച്ചതിരിഞ്ഞാണ് വേദിയിൽ കയറേണ്ടിവരിക എന്ന് തീരുമാനമായി.
രണ്ട് വേദിയാണെങ്കിലും; ഭാഗ്യത്തിന്, ഇരുവർക്കും ഒരേ സ്‌കൂളിൽത്തന്നെയാണ് സ്റ്റേജ്.

കൂടെവന്ന അദ്ധ്യാപകർ സമയത്തേപ്പറ്റി ഒന്നുകൂടി തിരക്കിവന്നു.
നാലുമണിയെങ്കിലുമാവും ഞങ്ങളുടെ ഐറ്റമെത്താൻ.

അപ്പോൾ ഇനി….?

‘അപ്പോൾ നമ്മൾക്ക് വേഗം പോയി ഊണ് കഴിച്ചിട്ട് വരാം’
എന്ന്,
ആൺകുട്ടികളുടെ മാഷ് എന്നോട് പറഞ്ഞു.
‘അപ്പോൾ അവളോ…?!’
എന്ന് എൻ്റെയുള്ളിൽ.

ഇത്തിരിയപ്പുറം നിൽക്കുന്ന പെൺകുട്ടികളുടെ സംഘത്തിലെ അവളോട് ടീച്ചറും പറഞ്ഞുകാണണം;
‘കഴിച്ചിട്ടുവരാം’
എന്ന്.
അവളുടെ ചുടുകൺനോട്ടം എനിക്ക് സദ്യയായി.
‘അപ്പോൾ അവനോ’
എന്നാണ് ആ നോട്ടത്തിൻ്റെ തർജ്ജമയെന്ന് മനസ്സു പറഞ്ഞു.

ഞങ്ങൾക്കിടയിൽ ആയിരമായിരം അഭിലാഷങ്ങൾ ഉത്സവമത്സരമാടുകയാണ്.
അതുമതി വയർ നിറയാൻ.
അതുമതി മനമുണരാൻ.
വേദിയിൽനിന്നുമിറങ്ങുന്നത്,
‘നന്നായിരുന്നു’ എന്ന ; അവളുടെ കൺചൊല്ല് കേൾക്കാൻ.

ഇന്നും
ആ സ്ക്കൂളിന് മുന്നിലൂടെ യാത്രചെയ്യുമ്പോൾ അറിയാതെ നോക്കിപ്പോകും. വേനലാണവിടെയിപ്പോൾ.

ഒരു വാക്കിനും ഒരു നോട്ടത്തിനും; സംസ്ഥാനതല ഒന്നാംസ്ഥാനത്തേക്കാൾ മൂല്യം കൽപിച്ച രണ്ടുപേർ.
എന്നിട്ടും ആ രണ്ടുപേർ ജീവിതത്തിൽ ഇരുവഴിക്കായി.
നീർപ്പോളകളുടെ ലാളനങ്ങൾക്ക് ചന്തമേറുമെങ്കിലും ദൈർഘ്യമേറില്ലല്ലോ.

‘അംഗീകാരം’ എന്ന സിനിമയിലെ, ‘നീലജലാശയത്തിൽ’ എന്ന പാട്ട്, എന്നും എന്നെ ഈ ഓർമ്മകളിലേയ്‌ക്കെടുത്തെറിയും.
അവളുടെ അംഗീകാരത്തിനായി മത്സരിച്ച ആ കാലത്തേയ്ക്ക് എത്തിപ്പെടും.

നിശയുടെ നീലക്കമ്പളം ഏ.റ്റി. ഉമ്മറിനൊപ്പം വിരിച്ച ബിച്ചുതിരുമലയ്ക്ക് അക്കാലത്തെയും എക്കാലത്തെയും സഹൃദയരുടെ സംസ്ഥാനതല അംഗീകാരം.

ജാനകിയും പാടിയിട്ടുണ്ട്;
യേശുദാസും പാടിയിട്ടുണ്ട് ഈ പാട്ട്.
അതിൽ, ജാനകി പാടുന്ന ഒരു വരിയിൽ, ‘അവയുടെ ലാളനം ഏറ്റു മയങ്ങും’ എന്നതിലെ, ‘ഏറ്റു’ എന്നതിന് ജാനകി നൽകിയൊരു ഭാവപ്പകർച്ച എത്രകേട്ടാലും മതിയാകില്ല!

ഈ പാട്ടിനും; പാട്ടിന് ശബ്ദം നൽകിയവർക്കും, എന്നും ഞങ്ങളുടെ അന്നത്തെ വയസ്സ്!

ജയരാജ് മിത്ര
(‘പാട്ടിനു പോയ വഴി’ എന്ന പുസ്തകത്തിൽനിന്ന്)

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.