അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
പീ ലീലപ്പാന
November 3, 2024 57 No Comments

ഞാൻ ഒരു ദിവസം അമ്മയോട് ചോദിച്ചു.
“അമ്മയ്ക്ക് ശബ്ദംകൊണ്ട് ഗായികമാരെ തിരിച്ചറിയാൻ പറ്റുമോ?”

“കുറേയൊക്കെ.
ജാനകി, സുശീല, പി ലീല, മാധുരി, വാണീജയറാം, സുലോചന ……
ഇവരെയൊക്കെ അറിയാൻ പറ്റും.”

“പി.ലീല എന്ന് പറയുമ്പോ ഏത് പാട്ടാ അമ്മയ്ക്ക് ആദ്യം ഓർമ്മ വരുന്നത്?”

“പി.ലീല എന്ന് പറയുമ്പൊ ;
എനിക്ക്, ഗുരുവായൂരിൽ നിർമ്മാല്യം തൊഴാൻ നിൽക്കുന്നതാണ് ഓർമ്മ വരുന്നത്.”

ഇതിനേക്കാൾ ഭംഗിയായി പി.ലീലയേപ്പറ്റി എങ്ങനെ പറയാനാണ്!

മേല്പുത്തൂരിന്റെ ‘നാരായണീയം’
ഒരു സ്ഥിരംശബ്ദത്തിൽ; സ്ഥിരമായിത്തന്നെ വേണമെന്ന് ദേവസ്വം തീരുമാനിച്ചപ്പോൾ,
ചർച്ചകൾ പലതുമുയർന്നെങ്കിലും; ‘പി.ലീലതന്നെ മതി’
എന്നത് , ഏകകണ്ഠമായ തീരുമാനമായിരുന്നു.

ഇപ്പോൾ,
നാരായണീയം ഗ്രന്ഥമെടുത്ത്,
‘സാന്ദ്രാനന്ദാവബോധാത്മകമനുപമിദം കാലദേശാവധിഭ്യാം’
എന്ന് വായിക്കുമ്പോൾത്തന്നെ,
കാരണശരീരത്തിൽ ലീലയുടെ ശബ്ദം മുഴങ്ങാൻ തുടങ്ങും.

ദക്ഷിണാമൂർത്തിസ്വാമിയുടെ സംഗീതസംവിധാനത്തിലായിരുന്നു നാരായണീയം റെക്കോഡ് ചെയ്തത്.
പിന്നീട്, സ്വാമിതന്നെ സംഗീതം ചെയ്ത്, ഹരിനാമകീർത്തനവും;
ജയവിജയൻമാർ സംഗീതം ചെയ്ത്, ജ്ഞാനപ്പാനയും ലീല പാടി.
പൂന്താനമെന്ന് കേട്ടാൽ; ഒപ്പം, പി ലീലയുടെ പാട്ടും ഓർമ്മവരുംമട്ടിൽ മലയാളികൾ ഭക്തിസാന്ദ്രരായി.

തന്നേക്കൊണ്ട് നാരായണീയം പാടിക്കാനാണ് ദേവസ്വത്തിന്റെ തീരുമാനം എന്ന് അറിഞ്ഞതും
പി.ലീല പറഞ്ഞത്രേ;
“എന്റെ അച്ഛന്റെ പ്രാർത്ഥന ഗുരുവായൂരപ്പൻ കേട്ടു !”
എന്ന്.

എന്തായിരുന്നു ആ പ്രാർത്ഥന എന്നറിയാൻ ;
കാലമൊരുപാട് പുറകിലേയ്ക്ക് പോകണം.

പി.ലീലയുടെ അച്ഛൻ SRV സ്ക്കൂളിലെ അദ്ധ്യാപകനായിരുന്നു.
മൂന്ന് പെൺമക്കളാണ്.
ശാരദയും ഭാനുമതിയും ലീലയും നന്നായി പാടും.

ഇതിൽ, ‘ലീല എന്ന മകളുടെ പാട്ടിന് ഏറെ പ്രത്യേകതയുണ്ടെ’ന്നും;
‘മകളെ, മദിരാശിയിൽ കൊണ്ടുപോയി പാട്ട് പഠിപ്പിക്കണം’ എന്നും
ലീലയുടെ ഹെഡ്മിസ്ട്രസ് അച്ഛനോട് പറഞ്ഞപ്പോൾ,
അച്ഛൻ അതിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു.

വീട്ടിലെ കാർന്നവൻമാരോട് ഈ കാര്യം പറഞ്ഞാൽ അവർ സമ്മതിക്കില്ല എന്നുറപ്പ്.
അന്യദേശത്തേയ്ക്ക് പോകുന്നതുതന്നെ വിലക്കുള്ള കാലം.
അപ്പോൾപ്പിന്നെ
1934 ൽ ജനിച്ചതും;
പാലക്കാട്ടെ ചിറ്റൂർപോലൊരു തനിനാടൻഗ്രാമത്തിലെ,
ഇപ്പോൾ പത്ത് വയസ്സായതുമായ ഒരു പെൺകുട്ടിയെ പാട്ടു പഠിക്കാൻ മദിരാശിക്ക് വിടാനൊന്നും ഒരു പാരമ്പര്യവാദിയും സമ്മതിക്കില്ല എന്ന് ലീലയുടെ അച്ഛനറിയാം.

മകളുടെ ഭാവി സംഗീതത്തിലാണെന്ന് തിരിച്ചറിഞ്ഞ അച്ഛൻ സ്വയം ആ യാത്രയങ്ങ് തീരുമാനിക്കുന്നു.

പോകുംമുൻപ്,
ഗുരുവായൂരമ്പലത്തിൽ തൊഴുത്,
ക്ഷേത്രത്തിനുള്ളിൽ, താഴെയിരുന്ന്,
ഹാർമോണിയവും മൃദംഗവും മാത്രം വായിച്ചുകൊണ്ട്,
ലീല പാടുകയാണ്.

കണ്ണനെ പാട്ട് പാടിക്കേൾപ്പിച്ച്, സമ്മതം വാങ്ങി, നാടുവിടാനാണ് പദ്ധതി.

ലീല പാടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് നടയടച്ചു !

ഏവരുടേയും മുഖം വാടി.

‘എന്തായിരിക്കും പാട്ടിനിടയ്ക്ക് നടയടയ്ക്കാൻ കാരണം !?’

‘എനിക്കു നിന്റെ പാട്ട് കേൾക്കണ്ടാ’ എന്ന്,
കണ്ണൻ, പറയാതെ പറഞ്ഞതാകുമോ !?

‘അതോ ;
പാട്ട് പഠിക്കാനായുള്ള ഈ യാത്ര ഉപേക്ഷിക്കാൻ പറഞ്ഞതാകുമോ കണ്ണൻ ?’

അച്ഛന്റെ കണ്ണ് നിറഞ്ഞു.

അല്പസമയത്തിനുള്ളിൽ നടതുറന്നു.

നടയുടെ നേരെ മുന്നിൽനിന്നും, പ്രായമായൊരാൾ
ഇവരുടെ നേരെ നടന്നുവന്നു.

വിഷമിച്ചുനിൽക്കുന്ന അച്ഛനോട് അദ്ദേഹം ചോദിച്ചു.
“ഈ കുട്ടി ആരാ? “

“എന്റെ മോളാണ്.
ലീല.”

“എന്താ നിങ്ങൾ വിഷമിച്ചു നിൽക്കുന്നത്?”

അച്ഛൻ കാര്യവും കാരണവും പറഞ്ഞു.

പാട്ടിനിടയ്ക്ക് നടയടഞ്ഞുപോയതിലെ ദുസ്സൂചനയേപ്പറ്റിയും പറഞ്ഞു.

അപ്പോൾ,
ആ മുത്തശ്ശരൂപം പറഞ്ഞു.
“വിഷമിയ്ക്കണ്ടാ.
കണ്ണന് നല്ലണം ഇഷ്ടായിരിക്ക് ണൂ പാട്ട്.
ധൈര്യായിട്ട് പൊയ്ക്കോളൂ
കണ്ണൻ കൂടെയുണ്ടാവും.”

അച്ഛന് പാതി ആശ്വാസമായി.

“അങ്ങ് എവിട്ന്നാ ?അങ്ങയുടെ പേരെന്താ?”

“ഞാൻ ഇവിടെ അട്ത്തന്നെള്ളതാ..
പേര് കൃഷ്ണൻനായർ.”

പേര് കേട്ടതും;
പി.ലീലയും അച്ഛനും പക്കമേളക്കാരും കണ്ണടച്ച് തൊഴുതു.
‘കൃഷ്ണാ !
ഗുരുവായൂരപ്പാ…..!!’

കണ്ണ് തുറന്ന്,
കൂടുതൽ സംസാരിക്കാൻ നോക്കിയപ്പോൾ,
മുന്നിൽ
കൃഷ്ണൻനായരില്ല!

പത്ത് വയസ്സിൽ,
നെഞ്ചുരുകി നടന്ന
ആ ദിവസത്തെ പ്രാർത്ഥനയിലേയ്ക്ക്, കാലങ്ങൾക്കുശേഷം എടുത്തെറിയപ്പെട്ട പി ലീല,
നാരായണീയം പാടാൻ വിളിച്ച ദേവസ്വം മേധാവികളോട് പറഞ്ഞു.
“എന്റെ അച്ഛന്റെ പ്രാർത്ഥന ഗുരുവായൂരപ്പൻ കേട്ടു !”

അങ്ങനെ,
1961 സപ്റ്റംബർ 22 മുതൽ ഗുരുവായൂരിൽ നടതുറക്കുംമുൻപ്, പി.ലീലയുടെ ശബ്ദത്തിൽ, നാരായണീയം കേട്ടുതുടങ്ങി ഭക്തർ.

ഇതാണ്,
‘പി.ലീല എന്ന് കേൾക്കുമ്പോൾത്തന്നെ,
ഗുരുവായൂരിൽ നിർമ്മാല്യം തൊഴാൻ നിൽക്കുന്നതായി തോന്നും’ എന്ന്,
എന്റെ അമ്മ പറഞ്ഞത്.

തുടർന്ന്, ജ്ഞാനപ്പാനയും ഹരിനാമകീർത്തനവും പല ദേവതകളുടെ സുപ്രഭാതങ്ങളും
നമ്മൾ, പി.ലീലയുടെ ശബ്ദത്തിലൂടെ കേട്ടു.
കേട്ടമാത്രയിൽത്തന്നെ,
വരികളെയും അർത്ഥത്തെയും ശബ്ദത്തെയും നാം നിന്നനില്പിൽ തൊഴുതു.

‘ലീല പാടുന്നതാണ് ദേവതയ്ക്കിഷ്ടം’
എന്ന്, നമ്മളും ദേവതകളും ഒന്നിച്ചു തീരുമാനിച്ചപോലെ ആയിരുന്നു
ആ പാട്ടുകളുടെ കടന്നുവരവ് .

തന്നെ ഒരു പാട്ടുകാരിയാക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച അച്ഛൻ,
ശ്രീ വി.കെ കുഞ്ഞൻമേനോൻമാസ്റ്ററുടെ ഒരു ചിത്രം,
എന്നും ; എല്ലാ ദേവതകൾക്കുമിടയിൽ, പി ലീല അത്യാരാധനയോടെ വെച്ചിരുന്നു.

മണിഭാഗവതരുടെ കീഴിൽ ശാസ്ത്രീയസംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ച
ലീലയുടെ
പത്താംവയസ്സിൽ,
അച്ഛൻ,
ലീലയേയുംകൊണ്ട് മദിരാശിക്ക് വണ്ടി കയറി.

1944 – മുതൽ;
വടക്കാഞ്ചേരി രാമഭാഗവതരുടെ, മദിരാശിയിലെ മൈലാപൂരിലെ വീട്ടിൽ താമസിച്ച്,
അദ്ദേഹത്തിന്റെ കീഴിൽ ഗുരുകുലസമ്പ്രദായത്തിൽ ലീല സംഗീതപഠനം തുടർന്നു.

പന്ത്രണ്ടാംവയസ്സിൽ,
ആന്ധ്രാ മഹിളാസഭയിൽ കച്ചേരി അവതരിപ്പിച്ച്, പൊതുസംഗീതലോകത്തേയ്ക്ക് കാലെടുത്തുവെച്ചു.

ഈ കച്ചേരിയിലെ പ്രശസ്തിയേത്തുടർന്ന്,
ഗണപതിരാമയ്യർ, ലീലയുടെ പേര് ഒരു റെക്കോഡിങ് കമ്പനിക്ക് നിർദ്ദേശിക്കുന്നു.

അങ്ങനെ, കൊളംബിയ റെക്കോഡിങ് കമ്പനിയുടെ ക്ഷണം സ്വീകരിച്ച്, അവരുടെ സ്റ്റാഫ് ആർട്ടിസ്റ്റായി ,
ചെറുപ്രായത്തിലേ ലീല ജോലിക്ക് ചേരുന്നു.

ഇതാണ്, പി.ലീല എന്ന ഗായികയുടെ സിനിമാപ്രവേശനത്തിന് കാരണമായത്.

1946 ൽ ‘കങ്കണം’ എന്ന തമിഴ് സിനിമയിൽ,
‘ശ്രീ വരലക്ഷ്മി ദിവ്യ’
എന്ന തന്റെ ആദ്യസിനിമാഗാനം ലീല പാടി.

വർഷങ്ങൾക്കുള്ളിൽ,
തെലുങ്കിലും കന്നടത്തിലും നിറയെ അവസരങ്ങൾ ലീലയെ തേടിവന്നു.

ഗായകനും സംഗീതസംവിധായകനുമായ ഘണ്ടശാലയുടെ സംഗീതസംവിധാനത്തിൽ പാടിയ ;
‘മാനദേശം’ എന്ന ചിത്രം,
ശ്രീ NT രാമറാവുവിന്റെ ആദ്യചിത്രമായിരുന്നു.

പി ലീലയ്ക്ക് ഏറ്റവും കൂടുതൽ ഗാനങ്ങൾ നൽകിയതും ഘണ്ടശാല.
ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ പാടിയതും ഘണ്ടശാലയുടെ കൂടെ.

പണ്ട്,
പാട്ടുപാടാനും അഭിനയിക്കാനും ഒരുപോലെ കഴിയുന്നവർക്കേ സിനിമയിൽ നടിയ്ക്കാൻ അവസരമുണ്ടായിരുന്നുള്ളൂ.
‘പാടി അഭിനയിക്കുക’
എന്ന സമ്പ്രദായത്തിന്, തമിഴിൽ മാറ്റം വന്നത് ;
AVM നിർമ്മിച്ച ‘നന്ദകുമാറി’ലൂടെയാണ്.

ഇപ്രകാരം,
‘പ്ലേ ബ്ലാക്ക് സിംഗർ’ എന്ന സമ്പ്രദായം മലയാളത്തിൽ പരീക്ഷിക്കുന്നത്,1948 -ൽ
‘നിർമ്മല’ എന്ന സിനിമയിലായിരുന്നു.

TK ഗോവിന്ദറാവു എന്ന ഗായകനും തൃപ്പൂണിത്തുറക്കാരിയായ MA സരോജിനീ മേനോനും വിമല ബി വർമ്മയും
പി. ലീലയുമായിരുന്നു
മലയാളത്തിലെ ആദ്യ സിനിമാപിന്നണിഗായകർ.

1934 ൽ പാലക്കാട് ചിറ്റൂരിലെ പൊറയത്ത് കുടുംബത്തിൽ ഇ കെ കുഞ്ഞൻമേനോന്റെയും മീനാക്ഷിയമ്മയുടെയും ഇളയമകളായി ജനിച്ച ലീല,
‘നിർമ്മല’യിലെ,
ജി ശങ്കരക്കുറുപ്പ് എഴുതിയ ;
‘പാടുക പൂങ്കുയിലേ കാവുതോറും’
എന്ന പാട്ട് പാടുമ്പോൾ വയസ്സ് വെറും പതിമൂന്ന്!

കാലക്രമേണ
ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യയാകാൻ ലീലയ്ക്ക് ഭാഗ്യം ലഭിച്ചു.

അവസാനകാലംവരെയും
ശ്രീ ദക്ഷിണാമൂർത്തിസ്വാമിയുടെ ശിക്ഷണത്തിൽ, സ്വാമിയുടെ പ്രിയശിഷ്യയായി, കർണ്ണാട്ടിക് സംഗീനപഠനം പി ലീല തുടർന്നുപോന്നിരുന്നു.

“കർണ്ണാട്ടിക് സംഗീതത്തിന്റെ കർക്കശമായ ചിട്ടകളിൽ നിന്ന് ഞാൻ ചെയ്യുന്ന പാട്ടുകൾക്ക്, ഞാനുദ്ദേശിച്ച ഭംഗി; കൃത്യമായും കണിശമായും തന്ന പാട്ടുകാരി ലീലയാണ്.”
എന്ന്,
ദേവരാജൻമാസ്റ്റർ പറഞ്ഞിട്ടുണ്ട്.

പാട്ടുകാരിൽ, പല കൊടിയ പരീക്ഷണങ്ങളും പ്രയോഗിച്ചിരുന്ന സംഗീത സംവിധായകനായിരുന്നു ദക്ഷിണാമൂർത്തിസ്വാമി.
എന്ത് പരീക്ഷണം നൽകിയാലും ;
അതിനെ വിജയകരമായി നേരിട്ട് ,
ഭംഗിയായിത്തന്നെ പ്രയോഗിച്ച്,
‘ഇനി എന്തെങ്കിലും ഉണ്ടോ?’
എന്ന് അന്വേഷിച്ച ഗായികയായിരുന്നു പി.ലീല എന്ന്,
തൻ്റെ പ്രിയശിഷ്യയേക്കുറിച്ച് സ്വാമി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

“പി ലീലയാണ് അപ്പുറത്തെങ്കിൽ; എനിക്ക് പാട്ടിലുള്ള ശ്രദ്ധ വളരെ കൂടുതലായിരിക്കും.
കാരണം, ഒരു കാലഘട്ടത്തിലെ അതിപ്രഗത്ഭരുടെ കൂടെ പാടിത്തിളങ്ങിയ ഗായികയാണവർ.
സ്വഭാവികമായും
ഞാൻ അവർക്കൊപ്പം പാടുമ്പോൾ നല്ലപോലെ ശ്രദ്ധിക്കും.”
എന്ന്, യേശുദാസ് പറഞ്ഞിട്ടുണ്ട്.

പി.ലീലയുടെ അവസാനഗാനം യേശുദാസിനൊപ്പമായിരുന്നു.
1998-ൽ ഇറങ്ങിയ, ‘തിരകൾക്കപ്പുറം ‘ എന്ന ചിത്രത്തിലെ,ജോൺസൺ സംഗീതം നൽകിയ
‘കരയുടെ മാറിൽ തലോടി’ എന്ന ഗാനം.

ശാരീരിക അസ്വസ്ഥതകളാൽ, വരാൻ പറ്റാതിരുന്ന ഒരു ചടങ്ങിൽ,
പി.ലീലയ്ക്ക് നൽകേണ്ട അവാർഡ് അവർക്കുവേണ്ടി ഏറ്റുവാങ്ങാൻ,
ഒരിക്കൽ, പി.ലീല ഏൽപ്പിച്ചത് ജയചന്ദ്രനെയായിരുന്നു.
“ഇത്, തന്നെ ലീലച്ചേച്ചി ഏൽപ്പിച്ചു എന്നതാണ് തനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡ്”
എന്ന്, ജയചന്ദ്രൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

‘സിങ്കാര വേലനേ ദേവാ’ എന്ന പാട്ട്,
നാഗസ്വരത്തിന്റെ ഒപ്പം പാടണം എന്ന തീരുമാനത്തിൽ, ഒരിക്കൽ, സംഗീതസംഘം നിൽക്കുകയാണ്.
ട്രാക്ക് എടുത്തു.
പലരേക്കൊണ്ടും പാടിച്ചുനോക്കി.
ഒന്നും ശരിയാവുന്നില്ല ഒട്ടും ശരിയാവുന്നില്ല.

അന്നത്തെ പുതിയ പാട്ടുകാരിയായ എസ് ജാനകിയേക്കൊണ്ട് പാടിക്കാൻ അണിയറപ്രവർത്തകർക്ക് താത്പര്യവുമില്ല.
പലപല ശ്രമങ്ങൾക്കൊടുവിൽ,
അന്നത്തെ പ്രശസ്തഗായിയായ പി ലീല പറഞ്ഞു;
“നാഗസ്വരത്തിൻ്റെ ഈ ഹൈ റേഞ്ചിൽ പാടാൻ ജാനകിയ്ക്കുമാത്രമേ പറ്റൂ.
അവരേക്കൊണ്ട് പാടിക്കൂ……”
അങ്ങനെ,
ഒട്ടും തൃപ്തിയില്ലെങ്കിലും;
ജാനകിയേക്കൊണ്ട് പാടിച്ചുനോക്കാൻ അവർ തീരുമാനിക്കുന്നു.
ആ പാട്ടാണ്,
ഇന്ന് നമ്മൾ കേൾക്കുന്ന ആ ഗാനം.
ജാനകി എന്ന പാട്ടുകാരിയുടെ വരവ് ഉറപ്പിച്ച പാട്ടുകളിൽ ഒന്നും ഈ പാട്ടാണ്.
അതിന് കാരണക്കാരിയായത് പി ലീലയും.
“ആരാണ് മറ്റൊരു പാട്ടുകാരിയെ ഇങ്ങനെ പ്രൊമോട്ട് ചെയ്യുക!”
എന്ന്, പി ലീലയോടുള്ള ഇഷ്ടവും ബഹുമാനവും ഉള്ളിൽ നിറച്ച്,
ജാനകിയും പറയുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി, മറാത്തി, ഹിന്ദി, ബംഗാളി, സംസ്കൃതം, ഒഡിയ , സിംഹള തുടങ്ങിയ പല ഭാഷകളിലായി
പി.ലീല പാടിയ അയ്യായിരത്തിലധികം പാട്ടുകളിൽ നല്ലതേതേതെന്ന് അന്വേഷിക്കുന്നതുതന്നെ അർത്ഥശൂന്യമാണ്.
എങ്കിലും,
പെട്ടെന്ന് ഓർമ്മവരുന്ന ചിലതുകൂടെ കുറിയ്ക്കട്ടെ.

കണ്ണും പൂട്ടിയുറങ്ങുക നീയെൻ കണ്ണേ

വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ മനസ്സിലെന്താണ്?

എൻ കണ്ണിന്റേ കടവിലടുത്താൽ …

ആട്ടേ പോട്ടേ ഇരിയ്ക്കട്ടേ ലൈലേ…..

കണി കാണും നേരം കമലാനേത്രൻ്റെ

കൊട്ടും ഞാൻ കേട്ടില്ലാ

അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ

സ്വപ്നങ്ങൾ ….. സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ

സ്വർണ്ണച്ചാമരം വീശിയെത്തുന്ന

സുന്ദരസ്വപ്നമേ നീയെനിക്കേകിയ

ഉണ്ണിക്കൈ വളര് വളര് വളര്

പുത്തൻ വലക്കാരേ……

കന്നിനിലാവത്ത് കസ്തൂരി പൂശണ

വിവാഹം കഴിഞ്ഞ് പതിനാല് മാസങ്ങൾക്കുള്ളിൽത്തന്നെ
ഭർത്താവുമായി പിരിഞ്ഞ;
‘പൊറയത്ത് വീട്ടിൽ ലീല’ എന്ന ;
പി.ലീല ,
പിന്നീട് സഹോദരിയുടെ കൂടെ മദ്രാസിലായിരുന്നു താമസിച്ചത്.

കുളിമുറിയിൽ വീണ് പരിക്കുപറ്റിയതിനേത്തുടർന്ന് ആശുപത്രിയിലായ
‘മലയാളത്തിൻ്റെ പൂങ്കുയിൽ’
2005 ഒക്ടോബർ 31 ന്,
എഴുപത്തിഒന്നാം വയസ്സിൽ
നമ്മെ വിട്ടുപിരിഞ്ഞു.

ഗായകർക്ക് മാതൃകയാക്കാവുന്ന ശുദ്ധജീവിതവും നിർമ്മലസ്വാഭാവവുമായിരുന്ന പി. ലീലയുടേത്.

‘ഒരേ പാട്ട് പല സമയത്ത് പല വേദികളിൽ പാടുമ്പോൾ
പല ഭാവമാണല്ലോ ! എന്താണതിന് കാരണം?’ എന്ന് ചോദിച്ചപ്പോൾ
പി ലീല പറഞ്ഞതിങ്ങനെയാണത്രേ.

“പാടുമ്പോൾ, ഞാൻ എന്റെ സ്വരനാളികളെ സ്വതന്ത്രമായി തുറന്നുവിടുകയാണ് ചെയ്യുന്നത്.
ഇനി അവരുടെ ഊഞ്ഞാലാട്ടമാണ്.
അത് എത്രയാവാം എന്നും ;
എത്രവരെയാവാം എന്നും
അവർക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമാണ് ഞാൻ നൽകിയിരിക്കുന്നത്.
ഈ സ്വരനാളികൾ ഊയലാടുന്ന നേരത്ത്, എന്നിൽ ഉയർന്നുനിൽക്കുന്ന ഭാവവും
എന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന താളവും ശ്രുതിയുമാണ് അവരുടെ നൃത്തത്തെ
ഗാനനൃത്തമാക്കുന്നത്.
ഇത് പലപ്പോഴും പലതാകാം;
പലവിധമാകാം.
ഞാനല്ല തീരുമാനിക്കുന്നത് അത്.
ഞാൻ നൽകിയ സ്വാതന്ത്ര്യംകൊണ്ട് അവരാണത് തീരുമാനിക്കുന്നത്.”

‘പി ലീല എന്ന ലീലാമ്മ ; പതിയെപ്പതിയെ ശരീരം വിടാൻ തീരുമാനിച്ച് ആശുപത്രിയിൽ കിടക്കുമ്പോൾ ….’
എന്ന്, ഞാൻ
ഓർത്തുപോയതും ;
ഒപ്പം എനിക്ക് പൂന്താനത്തെക്കൂടി ഓർമ്മപ്പെട്ടു.

“കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും…..”

“നീർപ്പോളപോലെയുള്ളൊരു ദേഹത്തിൽ
വീർപ്പു മാത്രമുണ്ടിങ്ങനെ കാണുന്നു…..”

“വിധിച്ചീടുന്ന കർമ്മമൊടുങ്ങുമ്പോൾ
പതിച്ചീടുന്നു ദേഹമൊരേടത്ത്.
കൊതിച്ചീടുന്ന ബ്രഹ്മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പോഴേ ……”

എഴുത്തിനേയും ശബ്ദത്തേയും വേർപിരിക്കാൻ പറ്റാത്തവിധത്തിലൊരു ജ്ഞാനപ്പാന !
പീ ലീലപ്പാന !!

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.