ഭൂമിയിൽ ഒരു പൂ പൊട്ടിക്കപ്പെടുമ്പോൾ സ്വർഗ്ഗത്തിലെ പൂന്തോട്ടത്തിൽ ആയിരം പൊട്ടിത്തെറികൾ നടക്കുന്നു എന്നാണ് പറയുന്നത്!
ഇത്ര മാത്രം ദോഷമെന്താണ് ഒരു പൂ പറിക്കലിൽ എന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്.
നിർമ്മലാനന്ദസ്വാമിയും ബാലകൃഷ്ണൻഡോക്ടറും ഷാജിവൈദ്യരും കർത്താസാറും അടക്കം പലരും പല രൂപത്തിൽ വന്ന് മൊഴിഞ്ഞ ഗുരുവാക്യങ്ങളുടെ ആകത്തുകയാണ് ഈ എഴുത്ത്.
പൂക്കൾ ചെടികളുടെ സ്വപനങ്ങളാണ്.
ചെടികൾ പ്രണയിക്കുമ്പോൾ മുഖം വിടരുന്നതാണ് പൂക്കൾ.
കുറേക്കൂടി സ്വച്ഛവും ശാന്തവുമായ ഒരിടത്തേയ്ക്ക് പോയി അടുത്ത ചെടിയായി മാറി
അടുത്ത ജൻമത്തിലെ സൗഖ്യജീവിതം വാഴാൻ ഒരുക്കിയ വിത്തിന്റെ പൂമെത്തയാണ് പൂക്കൾ.
വണ്ടും പൂമ്പാറ്റയും തേനീച്ചകളും മറ്റ് ഷഡ്പദങ്ങളുമെല്ലാം ചെടിയുടെ സ്വപ്നപൂർത്തീകരണത്തിനായി ഈ പൂവിൽ എത്തിപ്പെട്ട്, പൂമ്പൊടിയും മറ്റും മറ്റൊരിടത്തെ മറ്റൊരു ചെടിയുടെ പൂവാകുന്ന സ്വപ്നത്തിൽ കലർത്തി ഈ ചെടിയെ അവിടെയെത്തിക്കുന്നു എന്നാണ് പറയപ്പെടുന്നത്.
പറഞ്ഞവയിൽ ഏത് എടുത്താലും പൂക്കൾ സ്വപ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
നിന്ന നില്പിൽ അലയാനാഗ്രഹിക്കുന്നവന്റെ അടയാളമാണ് പൂവ്.
‘എന്നെ നോക്കൂ’ എന്ന് ചെടി പറയുന്നത് പൂവിലൂടെയാണ്.
ചെടി തൻ്റെ പരമവും പ്രശാന്തവും ആയ സ്വച്ഛത ആഗ്രഹിക്കുന്നതും പ്രകാശിപ്പിക്കുന്നതും പൂവിലൂടെയാണ്.
പൂക്കൾ സഞ്ചാരമനസ്സാണ്, പ്രണയമാണ്, സ്വപ്നമാണ്, മോക്ഷമാണ്.
അപ്പോൾ, ആർക്കൊക്കെ പൂ പറിക്കാം?
അഥവാ, എന്തിനൊക്കെ പൂവിറുക്കാം?
ചെടി തൻ്റെ ജൻമസാഫല്യത്തിനായി വിടർത്തുന്നതാണ് പൂവെങ്കിൽ;
ഇവിടെ വിഷയം മോക്ഷമാണ്.
അപ്പോൾ, പൂജകൾക്ക് പൂക്കൾ പറിക്കാം. ഈശ്വരപാദത്തെ മോക്ഷമാർഗ്ഗമായി കണക്കാക്കാം.
ഒരു പെൺകുട്ടിക്ക് മുടിയിൽ ചൂടാൻ പൂവിറുക്കാം.
കാരണം, അവൾ സ്വപ്നം കാണുന്നു; ചെടിയേപ്പോലെ.
‘എന്നെ നോക്കൂ; ഞാൻ സുന്ദരിയല്ലേ’ എന്ന്, സ്വയം അലങ്കരിക്കുന്നു.
തന്റെ സ്വപ്നത്തിലെ പ്രണയിനിയെ തന്നിലെത്തിക്കാൻ ചെടിയുടെ സ്വപ്നമായ പൂവിനെ അവൾക്ക് ഒരു ഉപാധിയാക്കാം.
അവൾക്ക് പൂ പറിക്കാം.
‘എനിക്ക് നിന്നെ ഇഷ്ടമാണ്’ എന്ന് പറയാൻ പുരുഷന് പൂ പറിക്കാം.
അത് പക്ഷേ, തന്റെ ഇണയായതോ ഇണയാകുമെന്നുറപ്പുള്ളതോ ഇണയാകണം എന്ന് അവൻ ആഗ്രഹിക്കുന്നതോ ആയ പെൺകുട്ടിക്ക് കൊടുക്കാനാകണം.
ഒരു ചെടി കണ്ട സ്വപ്നമായ ഈ പൂപോലെ; ‘ഞാൻ നിന്നെ കിനാവുകാണുന്നു’ എന്ന് സ്വയം പ്രകാശിപ്പിക്കാൻ അവനും പൂവിറുക്കാം എന്നർത്ഥം.
ഇത്രയും പറഞ്ഞത്, ചില രാഷ്ട്രീയ നേതാക്കൾ കടന്നുവരുമ്പോൾ, അവർ നടക്കുന്ന വഴികളിൽ വരിവരിയായി ആൾക്കാർ നിന്നും നടന്നും പൂ വിതറുന്നത് കണ്ടപ്പോഴാണ്.
ഇതു കണ്ടിട്ട്,
‘നിങ്ങൾക്ക് ചവുട്ടിയരയ്ക്കാനുള്ളതല്ല ഞങ്ങളുടെ സ്വപ്നങ്ങൾ’ എന്ന്, ചെടികൾ വേദനിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.
Picture-from internet