അച്ഛൻ ദക്ഷൻ, മകളായ സതിയേയും മകളുടെ ഭർത്താവായ ശിവനേയും അപമാനിച്ചതിനേത്തുടർന്ന്, ദക്ഷയാഗശാലയിൽവെച്ച് സതി ജീവത്യാഗം ചെയ്തു.
ശിവൻ , സതിയുടെ ശരീരവും പേറി ആർത്തനായലഞ്ഞു.
മഹാവിഷ്ണു ഈ സതീദേഹം സുദർശനചക്രത്താൽ കഷണങ്ങളാക്കി ചിതറിച്ചു.
ഈ ശരീരഭാഗങ്ങൾ വീണ സ്ഥലങ്ങളാണ് പിന്നീട്, ‘ദേവിയുടെ ശക്തിപീഠങ്ങൾ ‘ എന്നറിയപ്പെട്ടത്.
തുടർന്ന്,
സതി, ശൈലത്തിന്റെ / ഹിമവാന്റെ / പർവ്വതത്തിന്റെ മകളായി പുനർജ്ജൻമം നേടുന്നു.
ആ ദേവിയാണ് ശൈലപുത്രി / ഹേമമതി / പാർവ്വതി.
നാരദൻ, ശൈലപുത്രിയുടെ കുട്ടിക്കാലത്തുതന്നെ, പാർവ്വതിയിൽ, ശിവനോടുള്ള താത്പര്യം കടത്തിവിട്ടു.
മറ്റൊരർത്ഥത്തിൽ, നാരദർ പ്രചോദനത്തിന്റെ ദേവതയായ ശൈലപുത്രിയെ , ലക്ഷ്യസ്ഥാനമായ ശിവനിലെത്താൻ പ്രചോദിപ്പിച്ച്, ഉണർത്തിവിട്ടു എന്നും പറയാം.
പാർവ്വതി ശിവനെ ഭർത്താവായിക്കിട്ടാൻ തപസ്സുചെയ്യാൻ തീരുമാനിച്ചു.
കൊടുംതപസ്സിനിടയിൽ ബ്രഹ്മാവ് പ്രത്യക്ഷമായി, ഈ തപം തുടരാൻ പറഞ്ഞു.
ഗുരു കൃത്യസമയത്ത് വന്ന്, ലക്ഷ്യസ്ഥാനത്തേയ്ക്ക് കുതിയ്ക്കാനുള്ള വഴികാട്ടിയായി എന്നും പറയാം.
ആദ്യം ഫലമൂലങ്ങളും
പിന്നെ ഇലകളുംമാത്രം കഴിച്ച് തപസ്സുചെയ്ത പാർവ്വതി, ഒടുവിൽ, ഇലകളും (പർണ്ണം) ഉപേക്ഷിച്ച് കൊടുംതപസ്സ് തുടർന്നു.
‘പർണ്ണവും ഉപേക്ഷിച്ചവൾ’ എന്ന അർത്ഥത്തിൽ പാർവ്വതിക്ക് ‘അപർണ ‘ എന്ന പേരും ലഭിച്ചു.
ഇതിനിടയിൽ, ശിവനിൽ പാർവ്വതിയോട് അനുരാഗം ജനിപ്പിക്കാൻ, കാമദേവൻ, ശിവന്റെ നേരെ പൂവമ്പ് എയ്തു.
ശിവൻ കോപത്താൽ തൃക്കണ്ണ് തുറന്ന്, കാമനെ ദഹിപ്പിച്ചു.
കാമൻ/മൻമഥൻ ദഹിച്ച ആ ഭസ്മം എടുത്തു കുഴച്ച്, ചിത്രകർമ്മ എന്ന ഗണനാഥൻ അതിസുന്ദരമായ ഒരു ആൾരൂപമുണ്ടാക്കി.
ശിവൻ്റെ നോട്ടം ഈ രൂപത്തിൽ പതിഞ്ഞതും അതിന് ജീവൻവെച്ചു.
ഇയാളാണ് ഭണ്ഡാസുരൻ .
അഹങ്കാരിയായി മാറിയ ഭണ്ഡാസുരൻ ശിവനെത്തന്നെ തപസ്സുചെയ്ത് ശത്രുക്കളുടെ പാതിശക്തി തനിക്കു കിട്ടണം എന്ന വരം നേടി.
ലോകം മുഴുവൻ ആക്രമിച്ചുനടന്ന ഭണ്ഡാസുരൻ അസുരക്കൂട്ടങ്ങളോടൊത്ത് , കൊടുംതപസ്സിലായിരുന്ന പാർവ്വതിയുടെ നേരെയും ചെന്നു.
പാർവ്വതിയെ സഹായിക്കാൻ ഇടം,വലം നിന്ന് ലക്ഷ്മിയും സരസ്വതിയും യുദ്ധംചെയ്തെങ്കിലും; പാതി ശക്തി ചോർന്ന് അവർ തളർന്നുപോയി.
യുദ്ധത്തിനിടയിൽ പാർവ്വതിയുടെ അഥവാ ബ്രഹ്മചാരിണിയുടെ കമണ്ഡലു തട്ടിമറിഞ്ഞ് വീണ്, വെള്ളം പുറത്തേയ്ക്കൊഴുകി.
ആ കുത്തൊഴുക്കിൽ അസുരൻമാരെല്ലാം ഒലിച്ചുപോയി.
കോപത്താൽ കണ്ണുതുറന്ന ബ്രഹ്മചാരിണിയുടെ നോട്ടത്തിൽ ഭണ്ഡാസുരൻ ദഹിച്ചുംപോയി.
തുടർന്ന്, ദേവകൾ നേരിട്ട് ശിവനെ സമീപിച്ച്, ബ്രഹ്മചാരിണിയായി തുടരുന്ന / തപംചെയ്യുന്ന പാർവ്വതിയെ വിവാഹംചെയ്യണമെന്ന് അപേക്ഷിച്ചു.
ഈ ദാമ്പത്യത്തിൽ പിറക്കേണ്ടതായ സുബ്രഹ്മണ്യൻ വേണമായിരുന്നു;
സകലർക്കും ശല്യമായ താരകാസുരനെ വധിക്കുവാൻ.
സതിതന്നെയാണ് പാർവ്വതിയായി ജനിച്ചിരിക്കുന്നത് എന്നറിഞ്ഞ ശിവന്റെ മനം തണുത്തു.
ശിവൻ വേഷംമാറി, തപസ്സുചെയ്യുന്ന പാർവ്വതിയെ തേടിയെത്തി.
പാർവ്വതിയുടെ ഇംഗിതമറിഞ്ഞ ശിവൻ, ശിവനേക്കുറിച്ചുതന്നെ പലപല അപവാദങ്ങൾ പാർവ്വതിയോട് പറഞ്ഞു.
പാർവ്വതി, ആളറിയാതെ, വേഷംമാറിവന്ന ശിവനെ, ശപിക്കാൻ തുനിഞ്ഞു.
ശിവൻ യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷമായി പാർവ്വതിയെ അനുഗ്രഹിച്ചു.
തുടർന്ന് വിവാഹം.
കാർത്തികേയൻ അഥവാ സുബ്രഹ്മണ്യന്റെ ജനനം.
പിന്നെ, താരകാസുരവധം.
ബ്രഹ്മം എന്നാൽ പൂർണ്ണമായ അറിവ് എന്നും
തപം എന്നുമൊക്കെ അർത്ഥം.
‘യഥാർത്ഥ അറിവിലൂടെ ചരിക്കുന്നവൾ ‘ എന്നോ;
‘തപസ്സിലൂടെ സഞ്ചരിക്കുന്നവൾ ‘ എന്നോ ഈ ദേവിയെ വിശേഷിപ്പിക്കാം.
ശൈലപുത്രീഭാവത്തിലുണ്ടായിരുന്നതും ;
ഒതുങ്ങിയിരുന്നതുമായ പാർവ്വതിയെ , പ്രചോദിപ്പിച്ച് ഉണർത്തി, ലക്ഷ്യബോധം നൽകിയപ്പോൾ,
അവൾ കടുത്ത തപസ്സിലൂടെ തന്റെ ലക്ഷ്യമായ ശിവനെ തേടിയിറങ്ങുന്നു.
ഇതാണ് ഈ രണ്ടാംനാളിലെ ഭാവമായ ബ്രഹ്മചാരിണിയുടെ തത്വം.
ഒന്നുകൂടി വിശദമാക്കിയാൽ ;
ലക്ഷ്യത്തിലെത്താൻ ആദ്യം നാരദരേപ്പോലെ ഒരാൾ പ്രചോദിപ്പിച്ച് ഉണർത്തണം.
തുടർന്ന്, ഉണർന്ന വ്യക്തി നിശ്ചയദാർഢ്യത്തോടെ നീങ്ങണം.
ബ്രഹ്മത്തിന്റെ വഴിയിലൂടെ, കടുത്ത നിഷ്ഠയിൽ , അചഞ്ചലമായ തപസ്സിൽ ഏർപ്പെടണം.
ഭണ്ഡാസുരനേപ്പോലെ; ശത്രുക്കളായ ആസുരശക്തികൾ വരും.
ഭയമരുത്.
മുന്നോട്ട് തുടരാൻ ; ബ്രഹ്മാവിനേപ്പോലുള്ള ഗുരുക്കൻമാർ വഴികാട്ടിയായി വേണം.
ഒടുവിൽ, വേഷംമാറി ശിവൻ വന്നപോലെ, ദൈവംപോലും പരീക്ഷിച്ചുകളയും.
അതിലും ഇളകാതിരുന്നാൽ ;
ലക്ഷ്യത്തിലേയ്ക്ക് ഉണർത്തപ്പെട്ട നമ്മൾ അവിടെയെത്തുകതന്നെ ചെയ്യും.
നവദുർഗ്ഗകളിൽ രണ്ടാമത്തേവൾ ആണ് ഈ ദേവി.
ബ്രഹ്മചാരിണിയുടെ വേഷം ശുദ്ധതയുടെ പ്രതീകമായ വെളുത്ത വസ്ത്രമാണ്.
വലംകയ്യിൽ ജപമാലയും ഇടം കയ്യിൽ കമണ്ഡലുവും ധരിച്ചിരിക്കുന്നു.
കഠിനതപസ്സിന്റേയും ഭക്തിയുടേയും ദേവതയാണ്.
അറിവിന്റെ മൂർത്തീഭാവമാണ്.
ഭക്തന്റെ മനസ്സിലെ വിഷമങ്ങൾ തീർക്കുന്ന ദേവതയാണ് ബ്രഹ്മചാരിണി.
ദേവി തപസ്വിനി എന്നും
ദേവി യോഗിനി എന്നും പേരുകളുണ്ട്.
പുറത്തൊരു ബ്രഹ്മചാരിണി പ്രകൃതിയിൽ ഉണ്ടെങ്കിൽ,
നമ്മുടെ ഉള്ളിലെ പ്രകൃതിയിലും അവൾ ഉണ്ടാകണം എന്നാണ് ബ്രഹ്മാണ്ഡ – പിണ്ഡാണ്ഡതത്വം.
ഈ അകത്തെ ബ്രഹ്മചാരിണി നമ്മുടെ ശരീരത്തിൽ സ്വാധിഷ്ഠാനചക്രത്തിൽ വസിക്കുന്നു.
ഈ ചക്രത്തിലാണ് ഒരു വ്യക്തിയുടെ അസ്തിത്വം കേന്ദ്രീകരിച്ചിരിക്കുന്നത്.
ഭയത്താൽ തടയപ്പെട്ട ചക്രമാണിത്.
പ്രത്യേകിച്ചും മരണഭയം.
പലതരം ഭയത്താൽ, തുറക്കാൻ മടിച്ചുനിൽക്കുന്ന ഈ ചക്രം തുറക്കാനായാൽ ; ഏതൊരു വ്യക്തിയിലും സർഗ്ഗാത്മകത ഉണരും.
അഗ്രഹങ്ങൾ പ്രകടിപ്പിക്കാനുള്ള തുറന്ന മനസ്സും;
അത് നേടിയെടുക്കാനുള്ള കഠിനപ്രയത്നവും ഉള്ളിൽ വളരും.
ആത്മവിശ്വാസം വർദ്ധിക്കും.
കഠിനതപസ്സിലൂടെ തന്റെ ഇഷ്ടദേവനെ നേടിയവൾ ആയതിനാൽ;
പ്രാപഞ്ചികദുഃഖങ്ങളായ വിവാഹതടസ്സം, ചൊവ്വാദോഷം എന്നിവ മാറാൻ ബ്രഹ്മചാരിണിയെ ഭജിച്ചാൽ മതി എന്ന് വിശ്വാസം പറയുന്നു.
സർവ്വഭാഗ്യങ്ങളുടേയും ഗ്രഹമായ ചൊവ്വാഗ്രഹത്തെ / മംഗളഭഗവാനെ ഭരിക്കുന്ന ദേവതകൂടിയാണ് ബ്രഹ്മചാരിണി.
മുല്ലപ്പൂക്കളാണ് ഈ ദേവിയ്ക്കേറെയിഷ്ടം.
നവരാത്രിയുടെ ഒമ്പത് നാളിലും ദുർഗ്ഗാദേവി ഭൂമിയിൽ വസിക്കുന്നു എന്നാണ് വിശ്വാസം.
അതിനാൽത്തന്നെ ഈ വ്രതം ഭക്തർക്ക് ഏറെ പ്രധാനം.
ഇലപോലും ഉപേക്ഷിച്ച് തപസ്സ് ചെയ്തവളാണ് ബ്രഹ്മചാരിണി.
ഈ ദേവിയുടെ, ആ മനോബലത്താലാണ് നവരാത്രിക്കാലത്തെ ഒൻപത് നാളിലും ഉപവസിക്കാനുള്ള ശക്തി ഉപാസകർക്ക് / ഭക്തർക്ക് ലഭിക്കുന്നത്.
സ്നേഹം, വിശ്വസ്തത, ജ്ഞാനം, തപസ്സ്, വ്രതം ഇവയെ പ്രതിനിധീകരിക്കുന്ന ബ്രഹ്മചാരിണിയുടെ ക്ഷേത്രം
ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി, ബനാറസ്)
പഞ്ചഗംഗാഘാട്ടിൽ ഘാസിതോല എന്ന സ്ഥലത്ത് ‘മാ ബ്രഹ്മചാരിണീ ദേവി ദുർഗ്ഗാമന്ദിർ ‘ എന്ന പേരിൽ സ്ഥിതിചെയ്യുന്നു.