മനസ്സിലൊന്നാഗ്രഹിച്ച്, അതിനായി പ്രാർത്ഥിച്ച്, അതിലെത്താൻ കഠിനപ്രയത്നം ചെയ്ത്,
ഇടയിൽ സംഭവിച്ച പ്രലോഭനങ്ങളേയും എതിർപ്പുകളേയുമെല്ലാം തട്ടിമാറ്റിയെത്തിയ ഒരാൾക്ക്, സിദ്ധിദാത്രീദേവി സകലസിദ്ധികളും അനുഗ്രഹമായി തരുന്നു.
അഷ്ടസിദ്ധികളും വേറെ അനേകം ഉപസിദ്ധികളുമുണ്ട്.
സ്വന്തം ശരീരത്തെ അനന്തമായി ചെറുതാക്കാനുള്ള കഴിവായ ‘അണിമ’ അഷ്ടസിദ്ധികളിൽ ഒന്നാണ്.
ഇതുപോലെ, സ്വന്തം ശരീരം അനന്തമായി വലുതാക്കാനുള്ള കഴിവാണ് ‘മഹിമ’.
സ്വന്തം ശരീരഭാരമോ
മറ്റൊരാളുടെ ശരീരഭാരമോ അത്യധികമായി വർദ്ധിപ്പിക്കാനുള്ള കഴിവാണ് ‘ഗരിമ’.
ഇതുപോലെ, ഭാരം തീരെക്കുറയ്ക്കാനുള്ള കഴിവാണ് ‘ലഘിമ’.
ആഗ്രഹിച്ച എന്തും നേടിയെടുക്കാനോ ; ഉദ്ദേശിച്ച സ്ഥലത്തേയ്ക്ക് ക്ഷണനേരത്തിൽ എത്തിച്ചേരുവാനോ ഉള്ള കഴിവാണ് ‘പ്രാപ്തി’.
ഉദ്യേശിച്ചതെന്തും നിറവേറാനുള്ള സിദ്ധിയാണ് ‘പ്രാകാമ്യ’.
ഭൗതികഘടകങ്ങളേയും പ്രകൃതിശക്തികളേയുമൊക്കെ നിയന്ത്രിക്കാൻ കഴിയുന്ന സിദ്ധിയ്ക്ക് ‘ഈശിത്വ’ എന്ന് പേര്.
ആരുടെമേലും സ്വാധീനം സൃഷ്ടിക്കാനുള്ള കഴിവിനെ ‘വശിത്വ’ എന്ന് പറയും.
ഇതുകൂടാതെ,
എത്ര ദൂരെയുള്ളതും കേൾക്കാൻ കഴിയൽ,
എത്ര ദൂരെ നടക്കുന്നതും കാണാൻ കഴിയൽ,
മറ്റൊരാളുടെ മനസ്സ് വായിക്കാൻ കഴിയൽ തുടങ്ങി, ഉപസിദ്ധികളുമുണ്ട്.
സിദ്ധിദാത്രി, എല്ലാ സിദ്ധികളും ഉപസിദ്ധികളും അമൂല്യനിധികളും രഹസ്യമായ അറിവുകളും നമ്മൾക്ക് തരുന്നു.
കഥയിലിങ്ങനെ.
കല്പാരംഭത്തിൽ പ്രപഞ്ചം ഇരുട്ടിലാണ്ടിരുന്ന സമയം.
കൂഷ്മാണ്ഡാദേവി, തന്റെ പുഞ്ചിരിയിലൂടെ, പ്രപഞ്ചത്തേയും സൂര്യനെയും സൃഷ്ടിച്ചു.
പിന്നെ, മഹാശക്തികളായ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരെ സൃഷ്ടിച്ചു.
ഈ മൂന്ന് ശക്തികളിൽനിന്ന്;
പിന്നെ, ത്രിമൂർത്തികളായ ബ്രഹ്മാ- വിഷ്ണു – മഹേശ്വരൻമാരേയും;
ലക്ഷ്മി, സരസ്വതി, ശക്തി എന്നിവരേയും സൃഷ്ടിച്ചു.
ശിവനേയും ശക്തിയേയും;
ബ്രഹ്മാവിനെയും സരസ്വതിയേയും;
വിഷ്ണുവിനേയും ലക്ഷ്മിയേയും പരസ്പരം ഇണകളാക്കി.
കൂഷ്മാണ്ഡാദേവി ഇവരേക്കൂടാതെ സൃഷ്ടിച്ച ദേവിയാണ് സിദ്ധിദാത്രീദേവി.
തന്റെ കർമ്മങ്ങൾ ചെയ്യാൻവേണ്ട ഊർജ്ജം ശേഖരിക്കാൻ, കൊടുംതപസ്സിലാണ്ട ശിവന് , സിദ്ധിദാത്രി അഷ്ടസിദ്ധികളും ഉപസിദ്ധികളും പത്ത് പൂർണ്ണതകളും നൽകി അനുഗ്രഹിച്ചു.
( കൃഷ്ണനും ഈ കഴിവുകൾ നേടിയത് സിദ്ധിദാത്രിയിൽനിന്നാണ് എന്ന് കഥകൾ പറയുന്നു.)
സൃഷ്ടികർമ്മംകൊണ്ട് എങ്ങനെ പ്രപഞ്ചത്തെ സജീവമാക്കാം എന്നറിയാതിരുന്ന ബ്രഹ്മാവ്, സിദ്ധിദാത്രിയെ പ്രാർത്ഥിച്ചു.
ദേവി പ്രത്യക്ഷപ്പെട്ട്, ശിവശരീരത്തിലെ ഇടതുപാതിയായി മാറി, ബ്രഹ്മാവിന് കാണിച്ചുകൊടുത്തു.
പ്രപഞ്ചത്തിൽ ആണും പെണ്ണും വേണം എന്ന് ഇതിലൂടെ അറിഞ്ഞ ബ്രഹ്മാവ്, എല്ലാ ജീവജാലങ്ങളിലും തുല്യമായി, ആൺ -പെൺ സൃഷ്ടികൾ നടത്താൻ ആരംഭിച്ചു.
(പുരുഷശരീരത്തിൽ ഇടതുഭാഗം ചേർന്നതിനാൽ, ഭാര്യയെ , ‘വാമഭാഗം’ എന്നാണ് പറയാറ്. )
വിഷ്ണുവിനേയും ബ്രഹ്മാവിനേയും അവരുടെ കർമ്മങ്ങളിൽ ഉത്തമരാവാൻ സിദ്ധിദാത്രി അനുഗ്രഹിച്ചു.
എല്ലാ ഇരുളും മാറി, ഒരാൾ സിദ്ധിദാത്രിയിലെത്തിയാൽ ; പിന്നെ, ബ്രഹ്മാണ്ഡവും പിണ്ഡാണ്ഡവും ഒന്നാണ്.
സഹസ്രാരപത്മത്തിലെ, പൂർണ്ണമായും വിടർന്ന താമരയിലിരിക്കുന്നത് ദേവിമാത്രമല്ല
ദേവതുല്യനായിമാറിയ ഉപാസകൻകൂടിയാണ്.
‘എനിക്കുവേണ്ടിയാണ്’ എന്ന ഭാവമെല്ലാം മാറി, ഈ സിദ്ധികളെല്ലാം ലോകത്തിന്റെ നൻമയ്ക്കുവേണ്ടിയായി മാറുകയാണ്.
ഇനി, ലോകത്തിനുവേണ്ടിമാത്രമാണ് ആ ജീവിതം.
‘ഞാൻ എങ്ങനെയാണോ ദേവിയെ അഭയം പ്രാപിച്ചത്;
അതുപോലെ, എന്നെ അഭയം പ്രാപിച്ച ആരെയും ഞാനും കൈവിടില്ല ‘ എന്ന ഭാവമാണ് ഇവിടെമുതൽ ഉപാസകന് .
നിറഞ്ഞ
ഉത്തരവാദിത്തമായി.
ഇത്, പ്രപഞ്ചത്തോടുമുഴുവനായുള്ള ഉത്തരവാദിത്തമാണ്.
അതായത്, ഈ തലത്തിലെത്തിയ ഒരാൾ, മറ്റൊരാളുടെ കോപം, നിഷേധാത്മകത, ഭയം എന്നിവ മാറ്റാൻ ഇറങ്ങിയാൽ; ദേവി കൂടെയുണ്ടാകും.
ആഗ്രഹിച്ചമാത്രയിൽ കാര്യങ്ങൾ നടക്കും.
പ്രയത്നംപോലും ഇനി ആവശ്യമില്ല.
കാരണം, കഠിനപ്രയത്നങ്ങളെല്ലാം താണ്ടിവന്നതാണ്.
ഈ അവസ്ഥയിലെത്തിയവർക്കുമാത്രമല്ലാ ഈ കഴിവ് ലഭിക്കുക.
ഇവരെ ആശ്രയിച്ചുകഴിയുന്നവർക്കും ഈ ഗുണങ്ങൾ വന്നുചേരും.
അതായത്, തറവാട്ടിൽ ഒരു മുത്തശ്ശൻ ഇപ്രകാരമുള്ള സിദ്ധിയോടെയുണ്ടെങ്കിൽ; അദ്ദേഹത്തെ പരിഹസിക്കാതെയും അപമാനിക്കാതെയും പുച്ഛിക്കാതെയും ഇരുന്നാൽത്തന്നെ ദേവതാനുഗ്രഹം ഏവർക്കും ലഭിക്കുമെന്നർത്ഥം.
ഒരുകാലത്ത്, ദേവീമാഹാത്മ്യത്തിലെ പദ്ധതികളിലൂടെ, ഇപ്രകാരം കടന്നുചെന്ന സാധകരും ഉപാസകരുമാണ് പണ്ടത്തെ തറവാടുകളിൽ ഇന്ന് നാം കാണുന്ന പീഠങ്ങളിൽ നമ്മൾക്കദൃശ്യരായി ഇരിക്കുന്നത്.
ഉപാസനാവേളയിൽ വായിച്ച ഗ്രന്ഥം, ഉറഞ്ഞ വാൾ, അണിഞ്ഞ രുദ്രാക്ഷം ……..
എല്ലാം; അവരുടെ, വിലപ്പെട്ടതും വിലമതിക്കാനാകാത്തതുമായ അടയാളങ്ങളാണ്.
ഇതെല്ലാം,
ഏതെങ്കിലും ജ്യോതിഷിയുടെയോ വേഷംകെട്ടിവന്ന ആചാര്യരൂപൻ്റെയോ നിർദ്ദേശത്തിൽ, ഒഴുക്കിക്കളയുകയോ
ഒഴിവാക്കുകയോ
ക്ഷേത്രത്തിൽക്കൊടുത്തു പേക്ഷിക്കുകയോ ചെയ്യുന്നവർ അറിയുക;
സ്വന്തം വ്യക്തിജീവിതം മറന്ന്, ആ തറവാട്ടിലെ വരുംതലമുറയ്ക്കുവേണ്ടി സ്വയം ജീവിതം ഉഴിഞ്ഞുവെച്ച ദൈവതുല്യരായവരെ നാം ഉപേക്ഷിക്കുമ്പോൾ,
ദൈവം നമ്മളെയാണ് തീർത്തും ഉപേക്ഷിക്കുക എന്ന്.
പുതിയതും ഫലപ്രദമായതുമായ എന്തിലേയ്ക്കും
പുത്തൻ വഴികൾ വെട്ടിത്തുറന്ന് മുന്നേറാൻ സിദ്ധിദാത്രി ശക്തിതരുന്നു.
കാരണം, ചെയ്യുന്നതെല്ലാം ലോകകല്യാണത്തിനായുള്ളതാണ്.
വെറുതെയാണോ സിദ്ധരും യക്ഷരും ഗന്ധർവ്വരും കിന്നരരും ദേവൻമാരും അസുരൻമാരുമെല്ലാം ഒരുപോലെ ഈ ദേവിയെ പ്രാർത്ഥിക്കുന്നത്!
സിദ്ധമാതാദേവി,
നമ്മുടെ മൂർദ്ധാവിലെ, സഹസ്രാരപത്മം എന്ന; പൂർണ്ണമായും വിരിഞ്ഞ ചെന്താമരയിൽ, ആനന്ദനിർവൃതിയോടെ ഇരിക്കുന്നു.
ചുവന്ന പട്ടാണ് വേഷം.
ശംഖും ചക്രവും ഗദയും താമരയും കൈകളിൽ .
എല്ലാ സജ്ജനങ്ങളേയും അമ്മ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.