ദേവൻമാർ അസുരൻമാരേക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന സമയമാണ്.
താരകാസുരൻ,രക്തബീജൻ, ശുംഭനിശുംഭൻമാർ ചണ്ഡമുണ്ഡൻമാർ, മഹിഷാസുരൻ തുടങ്ങി അനേകം പ്രബലരായ അസുരൻമാരുടെ ശല്യമാണ് പ്രപഞ്ചം മുഴുവൻ.
ദേവസേനയെ നയിക്കാൻ സുബ്രഹ്മണ്യനുണ്ട്.
സുബ്രഹ്മണ്യന് മാത്രമേ താരകാസുരനെ വധിക്കാനാവൂ.
‘ശിവന്റെ മകൻമാത്രമേ എന്നെ വധിക്കാവൂ’ എന്ന വരം താരകാസുരനാണ് നേടിയത്.
നീണ്ട യുദ്ധത്തിനുശേഷം സുബ്രഹ്മണ്യൻ താരകാസുരനെ വധിക്കുന്നു.
ഇനി മഹിഷാസുരനാണ്.
മഹിഷാസുരനെ സുബ്രഹ്മണ്യനും വധിക്കാനാവില്ല.
സ്ത്രീകളോടുള്ള അവജ്ഞയിൽ , ‘സ്ത്രീയുടെ കൈകൊണ്ടുമാത്രമേ ഞാൻ കൊല്ലപ്പെടാവൂ’ എന്നാണ് ഇവൻ ബ്രഹ്മാവിൽനിന്നും വരം വാങ്ങിവെച്ചിരിക്കുന്നത്!
യുദ്ധങ്ങളിലെല്ലാം ദേവൻമാർ പരാജയപ്പെടുകയാണ്.
മഹിഷാസുരൻ ഉലകം മുഴുവൻ തേർവാഴ്ചനടത്തുകയാണ്.
ദേവൻമാരുടെ പരാതി കേട്ട്,
ബ്രഹ്മാ – വിഷ്ണു – മഹേശ്വരൻമാർക്ക് കോപം കത്തിജ്ജ്വലിച്ചു.
അവരുടെ ഈ കോപത്തിൽനിന്നും ഒരു ഊർജ്ജരൂപമുണ്ടായി.
സമസ്തദേവതകളും തങ്ങളുടെ കോപത്തിന്റെ ഊർജ്ജംകൂടി അതിൽ ലയിപ്പിച്ചു.
ഈ അഗ്നിജ്വാലയിൽനിന്ന്, മൂന്ന് കണ്ണും കറുത്തിരുണ്ടുപടർന്ന മുടിയും
പതിനെട്ട് കൈകളുമായി കാത്യായനി പിറന്നു എന്നാണ് ഒരു കഥ.
നെറ്റിയിൽ ചന്ദ്രക്കല ധരിച്ച ദേവിക്ക്, സിംഹമാണ് വാഹനം.
ചുവന്ന പട്ടും
നിറയെ ആഭരണങ്ങളും പുഷ്പാലങ്കാരങ്ങളുമായി,
സൂര്യൻ ,ചന്ദ്രൻ ,അഗ്നി എന്നിവയെ പ്രതിനിധീകരിക്കുന്ന മൂന്ന് കണ്ണുകളുമായി ദേവിയുടെ രാജകീയവരവാണ്!
ത്രിശൂലം ശിവനും
ചക്രം വിഷ്ണുദേവനും
വേൽ അഗ്നിദേവനും
അമ്പും വില്ലും വായുദേവനും
ദിവ്യമാലകൾ വരുണനും
ചുവന്ന പട്ടുകൾ പാലാഴിയുമാണ് നൽകിയത്.
ഹിമവാൻ സിംഹത്തെ ദേവിക്ക് വാഹനമായും നൽകി.
മഹിഷാസുരവധത്തേക്കുറിച്ചുള്ള കഥയിങ്ങനെ.
ദേവി, മഹിഷാസുരനെ നേരിടാനിറങ്ങുന്നു.
മഹിഷാസുരന്റെ ആസ്ഥാനത്തെത്തിയ ദേവി ഒരു അട്ടഹാസം പുറപ്പെടുവിച്ചു.
ഇതുകേട്ട്, ആകാശം ഞെട്ടി.
കടലുകളിളകിമറിഞ്ഞു.
പർവ്വതങ്ങൾ ഭയന്നുവിറച്ചു.
അട്ടഹാസത്തിന്റെ ഉറവിടം അന്വേഷിക്കാൻ മഹിഷാസുരൻ ഏൽപ്പിച്ചവർ,
പതിനെട്ട് കരങ്ങളുള്ള ; തേജസ്വിനിയായ ഒരു സ്ത്രീയെ കണ്ട കാര്യം മഹിഷനോട് വർണ്ണിച്ചുകൊടുക്കുന്നു.
മഹിഷാസുരൻ യുദ്ധത്തിനല്ല ആദ്യം ശ്രമിച്ചത്.
“അവളെ എനിക്കെന്റെ ഭാര്യയാക്കണം.
പിടിച്ചുകെട്ടിക്കൊണ്ടുവരൂ.”
എന്നായിരുന്നു മഹിഷാസുരൻ്റെ ഉത്തരവ്.
ഉത്തരവ് അറിയിക്കാൻ ചെന്ന മഹിഷാസുരന്റെ മന്ത്രിയോട് ദേവി പറഞ്ഞത്,
‘ജീവൻ വേണമെങ്കിൽ അവനോട് പാതാളത്തിലെങ്ങാൻ പോയി ഒളിക്കാൻ പറയൂ’ എന്നായിരുന്നു.
മഹിഷാസുരന്റെ ഉപദേശകരായ വിരൂപാക്ഷനും ദുർദ്ധരനും താമ്രനും പല ഉപദേശങ്ങൾ രാജാവിന് നൽകി.
ഒടുവിൽ,
ബാഷ്ക്കളനും ദുർമുഖനും സൈന്യവുമായി യുദ്ധത്തിനിറങ്ങി.
കൊടുംയുദ്ധത്തിനിടയിൽ,ദേവി , ശൂലംകൊണ്ട് ബാഷ്ക്കളനേയും; വാളുകൊണ്ട് ദുർമുഖനേയും വധിച്ചു.
തുടർന്ന്, യുദ്ധത്തിനുചെന്ന ചിക്ഷുരൻ, താമ്രൻ എന്നിവരേയും ദേവി വധിച്ചു.
പിന്നീടുചെന്ന വിഡാലൻ , അസിലോമാവ് എന്നിവർക്കും ജീവൻ നഷ്ടമായി.
ഒടുവിൽ, മഹിഷാസുരൻ നേരിട്ട് യുദ്ധത്തിനിറങ്ങുന്നു.
പല വേഷങ്ങളിലേയ്ക്ക് നിമിഷനേരത്തിൽ മാറാൻ കഴിയുന്ന മഹിഷാസുരൻ, പലപല രൂപങ്ങളിൽ ദേവിയുമായി യുദ്ധംചെയ്തു.
ദേവിയോടൊപ്പം സിംഹവും യുദ്ധത്തിൽ പോരാടി.
അവസാനം, ഘോരമായ യുദ്ധത്തിനൊടുവിൽ, ദേവി, ചക്രായുധത്താൽ മഹിഷാസുരൻ്റെ കഴുത്തറുത്തു.
ദേവൻമാർ ഈ മഹിഷാസുരമർദ്ദിനിയെ വാഴ്ത്തിപ്പാടി .
മറ്റൊരു കഥ ഇങ്ങനെ.
വിശ്വാമിത്രപരമ്പരയിലെ ഒരു ഋഷി ആയിരുന്നു കതൻ .
കതന്റെ മകൻ കാത്യൻ.
കാത്യന് ഒരു മകൾ വേണം എന്ന് ആഗ്രഹം.
മഹാമായ തൻ്റെ മകളായിപ്പിറക്കണമെന്ന ആഗ്രഹത്തിൽ, കാത്യഋഷി പരാശക്തിയെ തപസ്സുചെയ്യാനാരംഭിച്ചു.
പാർവ്വതി പ്രത്യക്ഷയായി, ‘ആഗഹം നടക്കും ‘ എന്ന് അറിയിച്ചു.
ദേവൻമാരുടെ കോപത്തിൽനിന്നും പിറന്ന ; മുകളിൽപ്പറഞ്ഞ അഗ്നിസ്ഫുലിംഗം ചെന്നുവീണത്, കാത്യന്റെ ആശ്രമമുറ്റത്ത് .
ഉടൻ, അതൊരു പെൺകുഞ്ഞായി മാറി.
കാത്യൻ കുഞ്ഞിനെ എടുത്തുവളർത്തി.
കാത്യന്റെ മകളായതിനാൽ ‘കാത്യായനി ‘ എന്ന് പേര് വന്നു.
പരാശക്തിയുടെ ഈ ഭാവത്തെ ആദ്യം തിരിച്ചറിഞ്ഞ് ആരാധിച്ചത് കാത്യനായതിനാലാണ്
ഈ ദേവിക്ക് കാത്യായനി എന്ന പേരുവന്നതെന്നും പറയപ്പെടുന്നു.
നാല് കൈകളുമായി,
ഇടതുകൈകളിൽ വാളും താമരയും വലതുകൈകളിൽ വരമുദ്രയും അഭയമുദ്രയുമായി സ്വർണ്ണനിറത്തിൽ തിളങ്ങുന്ന രൂപമാണ് കാത്യായനിക്ക് എന്നും പറയുന്നുണ്ട്.
ശ്രീകൃഷ്ണകഥകളിലും കാത്യായനിയേപ്പറ്റി പരാമർശമുണ്ട്.
ഏഴാമത്തെ പ്രസവത്തിലെ പെൺകുഞ്ഞിനെ കൊല്ലാൻ കംസൻ ശ്രമിച്ചപ്പോൾ, കൈവഴുതി ആകാശത്തേയ്ക്കുയർന്ന്, ‘ നിന്റെ അന്തകൻ ജനിച്ചുകഴിഞ്ഞു’ എന്ന് അശരീരി മുഴക്കിയ യോഗമായ; പിന്നീട് എടുത്ത വിവിധരൂപങ്ങളിൽ ഒന്നത്രേ കാത്യായനീഭാവം.
കൃഷ്ണനെ ഭർത്താവായിക്കിട്ടാൻ വിവിധ ഉപാസനകളോടെ ഒരു മാസക്കാലം ഉത്തർപ്രദേശിലെ , കൃഷ്ണന്റെ നാടായ വ്രജഭൂമിയിലെ പെൺകുട്ടികൾ ഭജിച്ച് പ്രാർത്ഥിക്കുന്നത് കാത്യായനീദേവിയോടാണ്.
ബൃഹസ്പതി അഥവാ ഗുരു അഥവാ വ്യാഴത്തെ നിയന്ത്രിക്കുന്ന ദേവത ആയതിനാൽ,
വിദ്യ, കർമ്മം, ധാർമ്മികത, ശുഭചിന്ത എന്നിവയ്ക്ക് ഈ ദേവിയെയാണ് ഭജിക്കേണ്ടത്.
സതിയുടെ ജീവൻ വെടിഞ്ഞ ശരീരത്തിൽനിന്നും മുടി വീണു എന്ന് വിശ്വസിക്കുന്ന ക്ഷേത്രമാണ് ഉത്തർപ്രദേശിലെ വൃന്ദാവനത്തിലെ കാത്യായനീക്ഷേത്രം.
ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാത്യായനീക്ഷേത്രമാണിത്.
അമ്പത്തിഒന്ന് ശക്തിപീഠങ്ങളിൽ ഒന്ന്.
കാത്യായനമഹർഷിതന്നെ കണ്ടെത്തി പ്രതിഷ്ഠ നടത്തിയതാണെന്നും വിശ്വസിക്കുന്നു.
കർണാടകയിലെ അവെർസയിലുള്ള കാത്യായനി വനേശ്വരക്ഷേത്രവും ഇതുപോലെ പുരാതനവും പ്രധാനവുമാണ്.
ഗുജറാത്തിലെ മഹിസാഗർ ജില്ലയിലെ ബക്കേർ ഗ്രാമത്തിലാണ് മറ്റൊരു പ്രധാന ക്ഷേത്രം.
കന്യാകുമാരിയിലെ ഭാവവും കാത്യായനിയത്രേ. (ബാലാംബിക)
(പാലക്കാട്ടെ ഹേമാംബികയും കൊടുങ്ങല്ലൂരിലെ ലോകാംബികയും കൊല്ലൂരെ മൂകാംബികയും കന്യാകുമാരിയിലെ ബാലാംബികയുമാണ് നമ്മുടെ നാടിന്റെ രക്ഷയ്ക്കായി പ്രതിഷ്ഠിച്ച നാല് അംബികാക്ഷേത്രങ്ങൾ. )
കേരളത്തിലും നിരവധി കാത്യായനീക്ഷേത്രങ്ങളുണ്ട്.
കാത്യായനീദേവിയുടെ രൂപഭേദങ്ങളാണ് സപ്തമാതൃക്കൾ എന്നും പറയുന്നുണ്ട്.
ബ്രഹ്മാവിന്റെ ശക്തിഭാവമായ ബ്രാഹ്മി ദേവിയുടെ വായിൽനിന്നും
മഹാദേവന്റെ ശക്തിയായ മഹേശ്വരി തൃക്കണ്ണിൽനിന്നും സുബ്രഹ്മണ്യന്റെ ശക്തിയായ കൗമാരി അരക്കെട്ടിൽനിന്നും വിഷ്ണുവിന്റെ ശക്തിയായ വൈഷ്ണവി കൈകളിൽനിന്നും വരാഹഭഗവാന്റെ ശക്തിയായ വാരാഹി പൃഷ്ഠഭാഗത്തുനിന്നും നരസിംഹത്തിന്റെ ശക്തിയായ നരസിംഹി ഹൃദയത്തിൽനിന്നും ഉണ്ടായതായി പറയുന്നു.
പിന്നെ, ഇന്ദ്രന്റെ ശക്തിഭാവമായ ഇന്ദ്രാണിയും.
കൂടാതെ,
കാളിതന്നെയായ
ചാമുണ്ഡി, പാദത്തിൽനിന്നും ഉണ്ടായി.
ബ്രഹ്മാണ്ഡത്തിൽ കാത്യായനി ഉണ്ടെങ്കിൽ പിണ്ഡാണ്ഡത്തിലും ആ ദേവി കൂടിയേ തീരൂ.
നമ്മുടെ ശരീരത്തിലെ ആജ്ഞാചക്രത്തിലാണ്, ദേവതാംശങ്ങളെല്ലാം ചേർന്നുണ്ടായ കാത്യായനി കുടികൊള്ളുന്നത്.
അതായത്, നെറ്റിക്ക് നടുവിൽ, പുരികങ്ങൾക്ക് നടുവിലായി, തൃക്കണ്ണിന്റെ സ്ഥാനത്ത്.
ഈ ചക്രമുണർന്നവർക്ക് ഭൂതത്തിലേയും ഭാവിയിലേയും കാര്യങ്ങൾ അറിയാനാകും.
മായക്കാഴ്ചകൾക്കുപകരമുള്ള യഥാർത്ഥകാഴ്ചയാണ് മൂന്നാംകണ്ണ് തരുന്നത്.
ഇത് ഭൗതികശരീരത്തിന്റെ ഭാഗമല്ല എന്നും പറയാം.
ബ്രഹ്മാണ്ഡ – പിണ്ഡാണ്ഡങ്ങളേപ്പറ്റി കുറേക്കൂടി ചിന്തിച്ചാൽ ചിലതുകൂടി അറിയാനാകും.
കാശി എന്നു പറയുന്ന സ്ഥലം വാരണാസി എന്നറിയപ്പെടുന്നു.
വാരണ എന്നും അസി എന്നും പേരുള്ള രണ്ട് നദികൾ സംഗമിക്കുന്ന സ്ഥലമാണ് വാരണാസി.
നമ്മുടെ ശരീരത്തിലെ വാരണയും അസിയുമാണ് ഇഡ , പിംഗള എന്നീ നാഡികൾ.
ഇവ രണ്ടും നട്ടെല്ലിന്റെ ഇടതും വലതുമായി സ്ഥിതിചെയ്യുന്നു.
പ്രകൃതിയിലെ രണ്ട് ഭാവമാണ് ഇഡയും പിംഗളയും.
ഇതുതന്നെ ശിവനും ശക്തിയും.
ഈ രണ്ട് വാഹിനികൾ; അഥവാ, പുഴകൾ, ഭ്രൂമദ്ധ്യത്തിൽ സംഗമിക്കുന്ന ഇടമാണ് ഈ ആജ്ഞാചക്രം.
അതായത്, നമ്മുടെ ശരീരത്തിലെ കാശി .
ഭാരതത്തിലെ ഏവരും മോക്ഷത്തിനായി കാശിയിലെത്താൻ ശ്രമിക്കുംപോലെ, ദേവതോപാസനയിലൂടെ ഏതൊരാൾക്കും തൻ്റെ പ്രാണന്റെ മൂലത്തെ, ശരീരത്തിലെ കാശിയിലെത്തിക്കാനാകും.
ഇഡാനാഡി പ്രബലമായവർക്ക് സ്ത്രൈണഗുണം ഏറിനിൽക്കും.
പിംഗളാനാഡി പ്രബലമെങ്കിൽ പുരുഷഭാവം ഏറിനിൽക്കും.
രണ്ടും തുല്യമെങ്കിൽ അർദ്ധനാരീശ്വരത്വം.
അതായത്, സ്വയം ശിവനാകുന്ന അവസ്ഥ.
ഇനി, സഹസ്രാരപത്മമുണർന്ന്, ഗംഗാപ്രവാഹത്തിലെത്താനുള്ള യാത്രയാണ്.
കാത്യായനിയുടെ വിവിധഭാവങ്ങളും
കാളരാത്രി എന്ന ഉഗ്രഭാവവും ചേർന്ന ; ഏഴാംനാളിലെ ചരിതം തുടരും.