അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
നവരാത്രി
October 20, 2024 56 No Comments

നവരാത്രിആഘോഷങ്ങൾ ഓരോ വർഷവും നമ്മൾ അനുഷ്ഠിക്കാറുണ്ടല്ലോ.

കഥയും ആചാരവും ഐതിഹ്യവും ശാസ്ത്രവും കലർന്നുകിടക്കുന്ന മറ്റൊരു ഭാരതീയ അനുഷ്ഠാനമാണ് നവരാത്രിയും.

ഒമ്പത് (നവം) രാത്രികൾ എന്ന അർത്ഥത്തിലും; കാലത്തെ / ജീവിതത്തെ പുത്തനാക്കുന്ന (നവം) എന്ന അർത്ഥത്തിലും
‘നവരാത്രികൾ ‘ എന്ന് പറയാമത്രേ.

ഒൻപത് രാത്രിയും പത്ത് പകലും നീളുന്ന ആചാരാനുഷ്ഠാനങ്ങളാണ് നവരാത്രിനാളിൽ നടക്കുന്നത്.

‘വ്രതങ്ങളുടെ റാണി ‘ എന്നാണ് നവരാത്രിവ്രതം അറിയപ്പെടുന്നത്.

തമിഴ്‌നാട്ടിൽ കൊലുവെയ്പ്പ് ആയും
ഉത്തരഭാരതത്തിലെ ചിലയിടങ്ങളിൽ രാമലീല ആയും
ബംഗാളിൽ ദുർഗ്ഗാപൂജ ആയും
ഭാരതത്തിലെ ചിലയിടങ്ങളിൽ ദസറ ആയും നവരാത്രിക്കാലം ആഘോഷിക്കുമ്പോൾ;
കേരളത്തിൽ സരസ്വതീപൂജയ്ക്കാണ് പ്രാധാന്യം.
മഹാസരസ്വതീപൂജ എന്നും
വിദ്യാരംഭം എന്നും
എഴുത്തിനിരുത്തൽ എന്നും
ആയുധപൂജ എന്നുമൊക്കെ പറയാറുണ്ട്.
ശ്രീവിദ്യാ ഉപാസകർക്ക് ഇത് , ശ്രീചക്രപൂജയുടെ സമയമാണ്.

പലതരം നവരാത്രികൾ ഉണ്ടെങ്കിലും
ശരത് നവരാത്രി; അഥവാ, മഹാനവരാത്രി എന്ന ഈ നവരാത്രിക്കാണ് ഏറെ പ്രാധാന്യം.

ദേവൻമാർ പരാജയപ്പെട്ട ഇടത്ത്, ദുർഗ്ഗാദേവിയുടെ ഒൻപത് ഭാവങ്ങൾ യുദ്ധത്തിനിറങ്ങി, മഹിഷാസുരനേയും രക്തബീജനേയും ചണ്ഡമുണ്ഡാസുരൻമാരേയും ശുംഭനിശുംഭൻമാരേയും വധിച്ച്, പ്രപഞ്ചവിജയം നേടിയതിന്റെ ആഘോഷംകൂടിയാണ് നവരാത്രി എന്നത്.

ഘോരയുദ്ധത്തിന്റെ അവസാനനാളുകളിൽ സകലദേവൻമാരും തങ്ങളുടെ ശക്തി മുഴുവൻ, ഈ ദേവിമാർക്ക്, യുദ്ധത്തിൽ വിജയം നേടാനായി നൽകി.
അതായത്, ദുർഗ്ഗാഷ്ടമിതൊട്ട്
അക്ഷരങ്ങളിലും ശാസ്ത്രങ്ങളിലും ആയുധങ്ങളിലുമൊന്നും ദേവതകളില്ല.
എല്ലാവരും അസുരൻമാരെ നേരിടാനുള്ള യുദ്ധത്തിലാണ്.
നേർവഴിക്ക് തിരിക്കാൻ ദേവതകളില്ലാതായ ആ അക്ഷരമോ ആയുധമോ നമ്മൾ പ്രയോഗിച്ചാൽ; അത് അശുഭമായി മാറിയേക്കാം.
കാരണം, തിൻമയുടെ ഏതേത് മൂർത്തികളാണ് ദേവതയില്ലാത്ത സമയം നോക്കി, അക്ഷരത്തേയും ആയുധത്തേയും കീഴടക്കിയിരിക്കുന്നത് എന്ന് നമ്മൾക്കറിയില്ല.
അതിനാൽ, യുദ്ധം കഴിഞ്ഞ്, ദേവതകൾ വിജയിച്ച്, അവർ അവരുടെ പൂർവ്വസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചെത്തിയിട്ടേ ഇനി അവ നമ്മൾ ഉപയോഗിക്കാവൂ.
ഇതാണ് എല്ലാം മാറ്റിവെച്ചുള്ള പൂജവെപ്പിൻ്റെ കാര്യം.

ആദിപരാശക്തിയുടെ ഒമ്പത് ഭാവങ്ങളെയാണ് ഈ ഒമ്പത് രാത്രികളിൽ നമ്മൾ ആരാധിക്കുന്നത്.

പ്രപഞ്ചത്തിലെ ഏറ്റവും ആദ്യത്തേ ഊർജ്ജമാണ് മൂലോർജ്ജം.
പ്രധാനമായതും പരമമായതും അമൂർത്തമായതുമായ ഈ മൂല ഊർജ്ജത്തെയാണ് ആദിപരാശക്തി എന്ന് പറയുന്നത്.
ആദ്യത്തെ പരമമായ ശക്തി എന്നർത്ഥം.
മൂലം അഥവാ തുടക്കം ഇതാണ്.
സ്ത്രീരൂപത്തിലുള്ള പരമാത്മാവാണ് ആദിപരാശക്തി എന്നും പറയാം.
ആദിപരാശക്തിയാണ് ലോകത്തിന് കാരണം.
അതിനാൽ, ലോകമാതാവും.

സദാശിവഫലകത്തിൽ ശ്രീചക്രരാജം എന്ന സിംഹാസനത്തിലാണ് ജഗദീശ്വരി ഇരിക്കുന്നത്.
ഇരുവശത്തുമായി മഹാലക്ഷ്മിയും മഹാസരസ്വതിയും നിലകൊള്ളുന്നു.
പ്രപഞ്ചത്തിലെ എന്തിനും കാരണമായ
ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയെ ഈ മൂവർ പ്രതിനിധീകരിക്കുന്നു.

മണിദ്വീപം എന്ന സ്വർഗ്ഗീയ നഗരിയിലാണിത്.

ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരും
മറ്റ് സമസ്തദേവതകളും ആദിപരാശക്തിയെ സദാ സ്തുതിക്കുന്നു.
കാരണം, പ്രപഞ്ചത്തിലെ സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനുമെല്ലാം മൂലകാരണം ഈ ആദിപരാശക്തിയാണ്.

ത്രിമൂർത്തികൾ എന്നറിയപ്പെടുന്നവർ
ഈ പരാശക്തിയുടെ സാത്വിക ,രാജസ, താമസ ഭാവങ്ങളിൽനിന്നുമാണ് ഉണ്ടായത്.
(ഹരിനാമകീർത്തനത്തിലെ ആദ്യവരികൾ ശ്രദ്ധിച്ച് വായിച്ചാൽ പലതും കൂടുതലായി പിടികിട്ടും )

ഒമ്പത് വ്യത്യസ്ത ഭാവത്തിൽ ദേവതകളെ ആരാധിക്കുന്നുണ്ടെങ്കിലും;
ഈ ആദിപരാശക്തിയുടെ മൂന്ന് പ്രധാനഭാവങ്ങളെയാണ് നവരാത്രിക്കാലത്ത് നമ്മൾ പൂജിക്കുന്നത്.

ആദ്യ മൂന്ന് നാൾ പരാശക്തിയെ മഹാകാളിയായും;
അടുത്ത മൂന്ന് നാൾ മഹാലക്ഷ്മിയായും;
അവസാന മൂന്ന് നാൾ മഹാസരസ്വതിയായും ആരാധിക്കുന്നു.

കേരളത്തിൽ,
ഒമ്പത് ദിവസങ്ങളിലെ അവസാന മൂന്ന് ദിനങ്ങളായ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയ്ക്കാണ് പ്രാധാന്യം.

ദുർഗ്ഗാഷ്ടമിക്ക് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്ക് വെയ്ക്കുന്നു.
മഹാനവമിനാൾ ആരും ആയുധമോ അക്ഷരമോ എടുക്കില്ല.
വിജയദശമിക്ക് വിദ്യാരംഭം.
ഇങ്ങനെയാണ് കേരളരീതി.

ഇനി, ഒമ്പത് ദിവസത്തെ ദേവതകൾ ഏതെല്ലാമാണെന്നും അവരുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്നും തുടർദിവസങ്ങളിൽ ആലോചിക്കാം

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.