കീശയില്‍തപ്പി ഉള്ളത് മൊത്തം പുറത്തെടുത്തു. നാല്പത്തഞ്ച് രൂപ! വീട്ടിലെത്താന്‍ നാല് കിലോമീറ്റര്‍ പോണം. ഓട്ടോ വിളിച്ചാല്‍…??? പെട്ടെന്ന് ഉച്ചയ്ക്കും ചോറെത്താത്ത വയര്‍ പ്രതിഷേധിച്ചു. ചായ ഒഴിവാക്കി രണ്ട് ദോശ കഴിച്ചാലോ…??? അപ്പോള്‍, ബുദ്ധി തിളച്ച തലച്ചോര്‍ ഓര്‍മ്മിപ്പിച്ചു. ‘അടുത്ത മാസമാണ് ജപ്തി’. അത്ഭുതങ്ങള്‍ സംഭവിക്കണം. ദൈവമുണ്ടെന്നുറപ്പിച്ച് ലോട്ടറിയെടുക്കാന്‍ തീരുമാനിച്ചു. ‘സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഔദ്യോഗികചൂതുകളിയാണ് ലോട്ടറിവില്പന’ എന്ന്, കാമ്പസ്സില്‍ ഘോരം പ്രസംഗിച്ചത് തേട്ടിവന്നു. ഓണ്‍ലൈന്‍ ചൂതാട്ടവും ലോട്ടറിയും ബ്ലേഡുമെല്ലാം എത്ര അപകടകാരികളെന്ന് മക്കളെ ബോധവല്‍ക്കരിച്ചത് തൊണ്ടയില്‍ കയ്പായുറഞ്ഞു. ബാക്കിവന്ന പതിനഞ്ചുരൂപയ്ക്ക് ചായ കുടിയ്ക്കാമായിരുന്നിട്ടും, മിച്ചസമ്പാദ്യമായ് അതിനെ കരുതി, ‘പരാജയപ്പെട്ട അവനെ’ന്ന ഞാന്‍ ലക്ഷക്കണക്കിന് മലയാളികള്‍ക്കൊപ്പം തലതാഴ്ത്തി വീട്ടിലെ നിത്യമായ അസമാധാനത്തിലേയ്ക്ക് നടന്നു.