അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
അവൻ വായ പൊളിച്ചാ നൊണേ പറയൂ!
June 7, 2024 99 No Comments

“അവൻ വായ പൊളിച്ചാ നൊണേ പറയൂ!”

“പെണ്ണിത്തിരി ഭേദായിരുന്നു. ഇപ്പൊ അവളും തൊടങ്ങീ കള്ളത്തരം !”

ഇത്, കേരളത്തിലെ പല വീടുകളിലെയും അച്ഛനമ്മമാരുടെ ഒരു പരിഭവമാണ്.

വിളക്കുവെച്ച് രണ്ട് നേരം പ്രാർത്ഥിക്കും. നല്ല നല്ല ഉപദേശങ്ങൾ കൊടുക്കും. ലോകത്തിലെ സത്യസന്ധരായ ആൾക്കാരുടെ കഥകൾ പറഞ്ഞുകൊടുക്കും. സത്യത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാവുന്നിടത്തോളം കൊടുത്തിട്ടും; ഒരു പ്രായം കഴിയുമ്പോൾ, മക്കൾ കള്ളം പറഞ്ഞുതുടങ്ങുന്നു!
കള്ളത്തരം കാട്ടിത്തുടങ്ങുന്നു!
പെട്ടെന്ന് ദേഷ്യപ്പെടുന്നു!
അനാവശ്യമായി തർക്കിക്കുന്നു!
ദേഷ്യം വരുമ്പോൾ; കയ്യിലുള്ള സാധനങ്ങൾ വലിച്ചെറിഞ്ഞ് തകർക്കുന്നു!

ഓരോ വീട്ടിലും
എപ്പോൾ വേണമെങ്കിലും സ്വയം പൊട്ടാൻ തയ്യാറായ ബോംബുകളായി മക്കൾ വളർന്നുവരുന്നു !

ആരാണിവരെ കള്ളം പറയാൻ പഠിപ്പിച്ചത്?

അവനവനിലേയ്ക്ക് സത്യസന്ധമായി ഒന്ന് നോക്കിയാൽമാത്രമേ ഉത്തരം കിട്ടൂ.
നമ്മളുടെ രക്തത്തിൽനിന്നും ഉണ്ടായ കുഞ്ഞിനെ ഏറ്റവും നല്ല കള്ളനാക്കാൻ ;
ഏറ്റവും നന്നായി നുണ പറയിക്കാൻ,
നമ്മളേക്കാൾ നന്നായി മറ്റാർക്കും പറ്റില്ല.
അതായത്, സൃഷ്ടിച്ചതും സംരക്ഷിക്കുന്നതും; ദുർവാസനകൾ നിറച്ച് അവരെ, സംഹരിക്കുന്നതും നമ്മൾതന്നെ !

പല വീടുകളിലും നടക്കുന്ന നിത്യാചാരങ്ങളെപ്പറ്റി ഒന്നോർത്തുനോക്കാം.

രാത്രി കുട്ടികൾ ഉറങ്ങാൻ പോകുന്നതിനു മുമ്പ് എന്താണ് സംഭവിക്കുന്നത്?

അച്ഛനോ അമ്മയോ കടുപ്പിച്ച ഗൗരവത്തിൽ കുട്ടികളോട് പറയുന്നു.

“പോയിക്കിടക്ക്. നാളെ പരീക്ഷ ഉള്ളതല്ലേ?”

“ഇനി വല്ല കഥാപുസ്തകൂം വായിച്ച് ഉറങ്ങാതെ കിടന്നാലുണ്ടല്ലോ…..!”

“ലൈറ്റ് ഓഫാക്കിക്കോ..
ഇനി വല്ല വർത്താനൂം കേട്ടാ….!”

“പഠിച്ച് കഴിഞ്ഞിട്ട് ഒറങ്ങ്യാ മതി! പുസ്തകം എട്ത്താ അപ്പൊ തൊടങ്ങും കോട്ടുവായ …..!”

ഇങ്ങനെ ആക്ഷേപിച്ചും അധിക്ഷേപിച്ചും ;
ഹോം വർക്കിനേക്കുറിച്ചും പരീക്ഷയേക്കുറിച്ചും ഓർമ്മിപ്പിച്ച് പേടിപ്പിച്ചുമാണ് നമ്മൾ മിക്കവരും കുട്ടികളെ നിത്യം ഉറങ്ങാൻവിടുന്നത്.

എല്ലാം മറന്ന് വിശ്രമിക്കേണ്ടതായ സമയത്ത്, ശരീരത്തിനുള്ളിൽ കലുഷമായൊരു മനസ്സുമായാണ് കുട്ടികൾ എന്നും ഉറക്കത്തെ തൊടുന്നത്.
ഇതിന്റെ തുടർച്ചയായാണ് അവർ ഉണർന്നുവരിക.
പേടിച്ചും ഭീഷണി കേട്ടും തല്ല് കൊണ്ടും കരഞ്ഞും ഉറങ്ങിയവർ, അതിന്റെ തുടർച്ചയായി അടുത്ത ദിവസം തുടങ്ങുകയാണ്.

‘നശിച്ച ഈ ലോകത്തേയ്ക്ക് കാലത്ത് എണീക്കാൻ’ ഇഷ്ടമില്ലാതെ കിടക്കുന്ന കുട്ടികളെ അടിച്ചുണർത്തുകയായി നമ്മൾ !

അവരുടെ, നല്ലതോ കെട്ടതോ ആയ സ്വപ്നത്തിലെ യാത്രകൾക്കിടയിലേയ്ക്കാണ് നമ്മളുടെ അട്ടഹാസം ചെന്നുവീഴുന്നത്.

“ഡാ ! ”

“ഡീ ! ”

ഈ അലർച്ചയിൽ കുട്ടികൾ ഒന്ന് ഞെട്ടും.
ഓരോ ഞെട്ടലിനും അവരുടെ തലച്ചോറിൽ ഒരു ബ്ലാക്ക് സ്പോട്ട് മാർക്ക് ചെയ്യപ്പെടും.

ഇഷ്ടമില്ലാത്തൊരു ശബ്ദം കുട്ടിയുടെ തലച്ചോറിൽ സൃഷ്ടിച്ച ഈ മോശം ഊർജ്ജം ഉടൻ സേവ് ചെയ്ത് വെക്കുകയായി!
ആവശ്യം വരുന്ന നേരത്ത്, ഇതേ കറുത്ത ചെപ്പ് തുറന്ന്, തിരിച്ചൊന്നലറിയാൽ അപ്പുറവും ഭയക്കും എന്നറിയുന്ന പ്രകൃതി എല്ലാം എടുത്തുവെയ്ക്കുകയാണ്!

ആദ്യ ഞെട്ടലിൽ ഭയന്ന് ഉണർന്ന്, പിന്നെ ,
‘ഇത് സ്ഥിരം പരിപാടിയാണല്ലോ’
എന്ന നിസ്സംഗത സൃഷ്ടിച്ച്, കുട്ടി വീണ്ടും ഉറങ്ങാൻതുടങ്ങുമ്പോഴാണ്
നെഞ്ചിലോ മുതുകത്തോ തുടയിലോ അടി വീഴുന്നത്!

“പഠിക്കാനില്ലെടാ…..!”

“എണീറ്റ് പഠിക്കെഡീ……”

ആ ഞെട്ടലും എടുത്തുവെയ്ക്കുന്ന കുട്ടി ഉറപ്പിക്കുന്നു;
‘എന്നെ ഒന്ന് സമാധാനത്തോടെ ഉറങ്ങാൻ സമ്മതിക്കാത്ത ഈ പഠിപ്പ്, എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം.
അതിന് പറ്റിയില്ലെങ്കിൽ; ഇവരെയും ഇതൊക്കെ പഠിപ്പിക്കുന്നവരെയും ഒരു പാഠം പഠിപ്പിക്കണം.’

വീണ്ടും തിരിഞ്ഞുകിടന്ന് ഉറങ്ങാൻ ശ്രമിക്കുന്ന കുട്ടികളോട് നമ്മൾ പറയുന്നു.

“ഡാ…, അഞ്ച് മണിക്ക് വിളിക്കാനല്ലേ നീ പറഞ്ഞേൽപിച്ചത് !?
സമയം ആറായി!”

“ഡീ…., നണക്ക് ആറരയ്ക്കല്ലേ ട്യൂഷൻ ? സമയം ആറായി!”

ഇതുകേട്ട് കുട്ടികൾ വല്ലാത്തൊരു ഞെട്ടൽ ഞെട്ടുന്നു.
‘പറ്റിച്ചു !
ഇന്ന് എല്ലാം കുളമായി!’

ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് സമയം നോക്കുമ്പോൾ, സമയം അഞ്ചായിട്ടേ ഉള്ളൂ !

അമ്മയും അച്ഛനും കള്ളം പറഞ്ഞതാണ്.

ഇത് പലപ്പോഴായി ആവർത്തിക്കുമ്പോൾ കുട്ടികൾ ഉറപ്പിക്കുന്നു;
‘ കള്ളമാണ് ഈ ലോകം.
ദിവസത്തിൽ ആദ്യം കേട്ടത് കള്ളമാണെങ്കിൽ; ആദ്യം പറയേണ്ടതും കള്ളമാണ്.’

ഇത് പഠിപ്പിച്ചത് കള്ളൻമാരല്ല.
കുട്ടികളുടെ നല്ലത് മാത്രം കൊതിക്കുന്ന അച്ഛനുമമ്മയും !

കുട്ടികൾ വളർന്നുവരികയാണ്.
സേവ് ചെയ്തുവെച്ച ഓരോന്നോരോന്നായി അവർ എടുത്തു പ്രയോഗിക്കുവാൻ തുടങ്ങുമ്പോൾ രക്ഷിതാക്കൾ കരച്ചിലായി.

അന്ന് രാത്രി കരഞ്ഞുറങ്ങിയത് കുട്ടികളെങ്കിൽ;
ഇന്ന് രക്ഷിതാക്കളാണ് എന്നുമാത്രം.

ഇടയ്ക്കിടക്ക് മക്കൾ ഞെട്ടിക്കുന്ന വാർത്തകളുമായി വീട് കുലുക്കും.

പണ്ട് ഉറക്കത്തിൽ, പുറത്തുവീണ അടിയുടെ റിയാക്ഷനായി, റിമോട്ടും ഫോണുമെല്ലാം വീണലറി ശബ്ദമുണ്ടാക്കിയൊടുങ്ങാൻ തുടങ്ങും.

കളിച്ച് ചിരിച്ച് ഉറങ്ങി, നല്ല നല്ല സ്വപ്നം കണ്ട് ചിരിച്ചെതിരേൽക്കേണ്ടതായ പുതുപ്രഭാതമില്ലാതാക്കിയവർക്കും
‘ ഇനി ഒന്നും പ്രതീക്ഷിക്കേണ്ടതില്ലാ’ എന്ന അവസ്ഥ വന്നു.

കള്ളം പഠിച്ച് വളർന്നവർ കള്ളം മാത്രം പറയാനും ചെയ്യാനും തുടങ്ങി.

കുട്ടികളെ പേടിപ്പിക്കാതിരിക്കണം.
നിത്യം നല്ല കഥകൾ പറഞ്ഞു ചിരിപ്പിച്ചും
ചിന്തിപ്പിച്ചും
താളംതട്ടിയുറക്കണം.
കാലത്ത്, മൃദുവായി തട്ടി, തലമുടി തലോടിയൊതുക്കി, ഉമ്മ നൽകി ഉണർത്തണം.
അവരോട് സത്യമേ പറയാവൂ.

കുട്ടികൾ പാഠപുസ്തകങ്ങൾമാത്രമല്ല;
എല്ലാം പഠിക്കുന്നുണ്ട്.

ജയരാജ് മിത്ര

PC : Internet

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.